• ആമുഖം

    ബ്ലോഗ്ഗെര്മാര്‍ക്ക് എല്ലാ വിധ വേര്‍തിരിവുകള്‍ക്കും അപ്പുറം മലയാളത്തില്‍ ബ്ലോഗ്‌ എഴുതുന്നു എന്ന ഒരു പൊതു കാര്യം മുന്‍ നിര്‍ത്തി അല്‍പ സമയം സൗഹൃദം പങ്കിടുവാനും ,പരിചയപ്പ്പെടുവാനും , ബ്ലോഗുകള്‍ പരിചയപ്പെടുതുവാനും, ബ്ലോഗുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും വേണ്ടി രൂപീകരിക്കപ്പെട്ട ഒരു ഫേസ്ബുക്ക് ഗ്രൂപ്പാണ് മലയാളം ബ്ലോഗേര്‍സ് എന്ന ഗ്രൂപ്‌ ..

  • മലയാളം ബ്ലോഗേര്‍സ് -നിയമാവലി

    2) എല്ലാ വ്യത്യാസങ്ങള്‍ക്കും അപ്പുറം സാധ്യമാകുന്ന മേഖലകളിലെല്ലാം മലയാളി ബ്ലോഗര്‍മാര്‍ക്ക് ഒരുമിച്ചു സൗഹൃദം പങ്കിടാന്‍ വേദിയൊരുക്കുക ,പുതിയ ബ്ലോഗര്‍മാരെ പ്രോത്സാഹിപ്പിക്കുക, എന്നിവയൊക്കെയാണ് ഈ ഗ്രൂപ്പിന്‍റെ ലക്ഷ്യം.

  • മലയാളം ബ്ലോഗേഴ്സ് ഫേസ്ബുക്ക് ഗ്രൂപ്‌ ലോഗോ

    മലയാളം ബ്ലോഗേഴ്സ് ഫേസ്ബുക്ക് ഗ്രൂപ്‌ ലോഗോ അംഗങ്ങളുടെ ബ്ലോഗില്‍ നല്‍കുവാന്‍ ഇവിടെ നല്‍കിയിട്ടുള്ള കോഡ് തങ്ങളുടെ ബ്ലോഗിന്റെ സൈഡില്‍ ഒരു HTML/javascript Gadget ഉപയോഗിച്ച് നല്‍കാം

  • ബ്ലോഗേഴ്സ് ചാറ്റ്

    ' മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് '- ഇലെ ' ബ്ലോഗേഴ്സ് ചാറ്റ് ' എന്ന പ്രോഗ്രാമ്മില്‍ ഇത് വരെ നടന്ന ചാറ്റുകള്‍ ഒരുമിച്ചു ഇവിടെ വായിക്കാം ..

  • അംഗങ്ങളുടെ ബ്ലോഗുകള്‍

    മലയാളം ബ്ലോഗേഴ്സ് ഫേസ്ബുക്ക് ഗ്രൂപ്പിലെ അംഗങ്ങളുടെ ബ്ലോഗുകളാണ് ഇവിടെ നല്‍കിയിട്ടുള്ളത് ... വിവിധ ഇനങ്ങളിലായി നല്‍കിയിട്ടുള്ള ഈ ബ്ലോഗുകള്‍

ഭാഷാ ന്യൂനപക്ഷങ്ങളെ തീവ്രവാദികളാക്കരുത്


ഭാഷാ ന്യൂനപക്ഷങ്ങളെ തീവ്രവാദികളാക്കരുത്

കാസർക്കോട്ട് ഒരു ദിവസമെങ്കിലും ജീവിച്ചവർക്ക് അവഗണിക്കുവാൻ വേണ്ടി മാത്രം ഉണ്ടാക്കിയ ജില്ലയാണ് ഇത് എന്നതിൽ കവിഞ്ഞ് മറ്റൊന്നും പറയാനുണ്ടാവില്ല. സർവ്വ സർക്കാർതലങ്ങളിലും കടുത്ത അവഗണന നേരിടുന്ന ഈ ഭൂപ്രദേശത്തെ കർണ്ണാടകത്തിൽ ലയിപ്പിക്കണമെന്ന വാദം ഉയരുമ്പോഴെല്ലാം ഇവിടുത്തുകാരെ അക്കരപ്പച്ച മോഹിപ്പിക്കാറുണ്ട്.

ഈ അവഗണനയുടേയും അവഹേളനത്തിന്റേയും ഏറ്റവും അവസാനത്തെ പതിപ്പാണ്, ഇക്കഴിഞ്ഞ മാർച്ചിൽ പ്ലസ് റ്റൂ (+2) പരീക്ഷയെഴുതിയ കാസർക്കോട്ടെ ഭാഷാ ന്യൂനപക്ഷ വിഭാഗമായ കന്നട വിദ്യാർത്ഥികളുടെ ഫലം പ്രസിദ്ധീകരിക്കാതെ മാനസികമായി പീഡിപ്പിക്കുന്നത്.

കണ്ണൂർ സർവ്വകലാശാലയുടെയും കർണ്ണാടക സർവ്വകലാശാലകളുടേയും ബിരുദ കോഴ്സുകൾക്ക് അപേക്ഷിക്കേണ്ട അവസാന ദിനം ഇന്നലെ കഴിഞ്ഞു. ഇവിടുത്തെ തന്നെ പ്ലസ് റ്റൂ 'സേ' പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന ദിനം ഇന്ന് (30.05.11) ആണ്. എന്നിട്ടും ഇന്നേവരെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാൻ സർക്കാറിന്നായിട്ടില്ല.

കാസർക്കോട്ടെ കന്നട മാധ്യമത്തിൽ പരീക്ഷയെഴുതിയ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ ആദ്യം കേന്ദ്രീകൃത മൂല്യനിർണ്ണയകേന്ദ്രത്തിലേക്ക് അയക്കുകയും അവിടെ കന്നട വായിക്കാനറിയുന്നവർ ഇല്ലാത്തതിനാൽ തിരിച്ചു കാസർക്കോട്ടേക്ക് അയക്കുകയായിരുന്നു. തുടർന്ന് ഇവിടെ നിന്ന് മൂല്യ നിർണ്ണയം നടത്തി മാർക്കു വിവരങ്ങൾ ഹയർസെക്കന്ററി ഡയറക്റ്ററേറ്റിലേക്ക് അയച്ചിട്ട് മൂന്നാഴ്ചയായെന്ന് കാസർക്കോട് വിദ്യാഭ്യാസ വകുപ്പ് ജീവനക്കാർ പറയുന്നു.

ഭരണം ഏറ്റെടുക്കുന്നതിന്റെ തലച്ചൂടുകളിൽ പുകയുന്ന സംസ്ഥാന ഭരണ നേതൃത്വത്തിന്റെ കഴിവുകേടുകളും അതു മുതലെടുക്കുന്ന ജീവനക്കാരുടെ പിടിപ്പുകേടുകളും മൂലം മാനസിക പീഡനവും അനുഭവിക്കുകയും ഉന്നത വിദ്യാഭ്യാസ അവകാശങ്ങൾക്ക് തടസ്സം നേരിടുകയും ചെയ്യുന്ന, ഈ വിദ്യാർത്ഥികൾക്കുണ്ടാവുന്ന കഷ്ടനഷ്ടങ്ങൾക്കാര് ഉത്തരവാദിത്വം ഏൽക്കും?

ഇവിടുത്തെ ഭാഷാന്യൂനപക്ഷങ്ങളെ ഈ രീതികളിൽ അവഗണിച്ച് അവരേയും പ്രാദേശിക-ഭാഷാ തീവ്രവാദികളാക്കി മാറ്റാതിരിക്കാൻ നാമോരുത്തരും ജാഗ്രത പാലിക്കേണ്ടതുണ്ട്.

http://baijuvachanam.blogspot.com/

തിരൂര്‍ മീറ്റ്‌: അനുഭവങ്ങള്‍, പാളിച്ചകള്‍


 അങ്ങനെ ഞാനും പങ്കെടുത്തു ഒരു ബ്ലോഗേഴ്സ് മീറ്റില്‍. ബൂലോകത്തെ കുറെ ബ്ലോഗ്ഗെര്മാര്‍ ഭൂലോകത് ഒത്തു ചേര്‍ന്ന് കള്ളടിച്ചു  പിരിയുന്നതാണ് ബ്ലോഗേഴ്സ് മീറ്റ്‌ എന്ന് ചിലരെങ്കിലും കരുതുന്നുണ്ട് എങ്കില്‍ അവര്‍ക്ക് തെറ്റി. മലയാള ഭാഷയുടെ പിതാവ് തുഞ്ചന്റെ മണ്ണില്‍ മലയാളത്തെ സ്നേഹിക്കുന്ന മലയാളത്തിന്റെ മണമുള്ള ബ്ലോഗ്ഗെഴുത്തുകാര്‍ ഒത്തു ചേര്‍ന്നപ്പോള്‍ അത് ചരിത്രമായി. ബ്ലോഗ്ഗിങ്ങിനൊപ്പം പ്രചരിപ്പിക്കുന്നു ഒരു സംസ്കാരം എന്ന് വേണേല്‍ മനോരമീകരിച്ചു പറയാം.

                                മലയാളം ബ്ലോഗിങ്ങ് രംഗത്ത് പത്രക്കാരന്‍ എത്തി ചേര്‍ന്നിട്ട് അധിക കാലം ആയിട്ടില്ല. ബ്ലോഗ്‌ പുലികളുടെ പ്രധാന വിഹാരകേന്ദ്രങ്ങളായ ഗ്രൂപ്പുകളില്‍ ഒന്നും തന്നെ പത്രക്കാരന്‍ സജീവ സാന്നിധ്യവുമല്ല. ഞാനും എന്റെ ബ്ലോഗ്ഗും അഗ്രിഗേറ്റെരും എന്ന പിന്തിരിപ്പന്‍ മനോഭാവം പിന്തുടരുന്ന പത്രക്കാരന്‍ അതിനാലോക്കെ തന്നെ ഈ രംഗത്തെ മറ്റു ബ്ലോഗ്ഗെര്മാര്‍ക്ക് പോലും അത്ര പരിചിത മുഖമല്ല. അത് തന്നെ ആയിരുന്നു മീറ്റിനു പോകുമ്പോള്‍ എന്നെ ഏറ്റവും അലട്ടിയത്. എന്നാലും മോശമല്ലാത്ത വിറ്റുവരവുള്ള ഒരു ബ്ലോഗ്ഗര്‍ എന്ന നിലയില്‍ അല്‍പ സ്വല്പം അഹങ്കാരത്തോടെ തന്നെയാണ് നാട്ടില്‍ നിന്നും ട്രെയിന്‍ കയറിയത്. 5 രൂപ ടിക്കറ്റ്‌ എടുത്ത് തിരൂരില്‍ വണ്ടി ഇറങ്ങുമ്പോള്‍ സമയം 8 കഴിഞ്ഞേ ഉള്ളു. ഇവിടെ വണ്ടി ഇറങ്ങുന്ന ബ്ലോഗ്ഗെര്‍മാര്‍ അല്ലാത്ത സാധാരണക്കാരെ അല്പം അവഞ്ജയോടെ നോക്കി. ഒരു ബ്ലോഗ്ഗര്‍ ലുക്ക്‌ ഉള്ള ആരെ എങ്കിലും കിട്ടിയാല്‍ തുഞ്ചന്‍ പറമ്പിലേക്കുള്ള ഓട്ടോ ചാര്‍ജ് ലാഭിക്കാം എന്ന ചിന്തയില്‍  പത്രക്കാരന്‍ മുന്നോട്ട് നീങ്ങി. ആരെയും കണ്ടില്ല. അയ്യേ മോശം. എന്നെ പോലുള്ള ബ്ലോഗ്‌ പുലികള്‍ എഴുതുന്നതു വായിച്ചു കോരിതരിക്കാനെ നിനക്കൊക്കെ യോഗമുള്ളൂ. ജനകോടികള്‍ ആകാംക്ഷയോടെ വായിക്കുന്ന ബ്ലോഗ്‌ എഴുത്തുകാര്‍ ആയ ഇന്റര്‍നെറ്റ്‌ ലോകത്തെ അതികായന്മാര്‍ തൊട്ടടുത് ഒത്തുകൂടുമ്പോള്‍   സാധാരണക്കാരോട് വീണ്ടും പുച്ഛം.. 
അഹങ്കാരത്തിന്റെ  ഉത്തുങ്ക ശൃംഗങ്ങളില്‍ പത്രക്കാരന്‍ സഹബ്ലോഗ്ഗെര്‍മര്‍ക്കൊപ്പം എത്തി.  


                    ബ്ലോഗ്ഗെര്‍ക്കും വിശക്കുമല്ലോ? അങ്ങനെ ആര്‍കെ തിരൂരിന്റെ പോസ്റ്റില്‍ പറഞ്ഞിരുന്ന ഹോട്ടലില്‍ കേറി പുട്ടും ഗ്രീന്‍പീസും ഓര്‍ഡര്‍ ചെയ്തു. ഭക്ഷണം കഴിച്ചു കഴിഞ്ഞു കൌണ്ടറില്‍ പൈസ കൊടുക്കുമ്പോള്‍  ഹോട്ടലുകാരനോട് തുഞ്ചന്‍ പറമ്പിലെക്കുള്ള വഴി ചോദിച്ചു. 
അത് കേട്ടിട്ടാകണം അടുത്ത സീറ്റില്‍ ഇരുന്നു ഭക്ഷണം  കഴിക്കുകയായിരുന്ന  ഒരു ബസ്‌ ഡ്രൈവര്‍ കൂട്ടുകാരനോട് ഒരു ചോദ്യം. "തുഞ്ചന്‍ പറമ്പില്‍ എന്തോ പരിപാടി ഉണ്ടല്ലോ?" കൂട്ടുകാരന്‍: "ആര്‍ക്കറിയാം? കമ്പ്യൂട്ടര്‍ന്റെ ആള്‍ക്കാരുടെ എന്തോ കുന്ത്രാണ്ടം ആണ്." 
നിന്ന നില്‍പ്പില്‍ കഴിച്ചത് മുഴുവന്‍ ദഹിച്ചു പോയോ എന്ന് സത്യമായിട്ടും എനിക്ക് തോന്നിപോയി. 
സര്‍വജ്ഞപീഠം കയറാന്‍ പോയ ശങ്കരാചാര്യരെ ആരാണ്ട് വഴിക്ക് വച്ച്  റാഗ് ചെയ്ത കഥ പോലായി. 
ബൂലോകത്തിന്റെ ഇട്ടാ വട്ടത്തു നടക്കുന്ന സംഭവങ്ങളെ ഭൂലോക സംഭവമാക്കി അഹങ്കരിക്കുന്ന ഏതെങ്കിലും ബ്ലോഗ്ഗര്‍ ഉണ്ടെങ്കില്‍ പറഞ്ഞോട്ടെ, ബൂലോകത്തെ മഹാസംഭവങ്ങള്‍ ഒന്നും ഭൂലോകതുള്ളവര്‍ അറിയുന്നു പോലുമില്ല!!!!! അത് കൊണ്ട്  ഭൂലോക സാഹിത്യകാരന്മാര്‍ ആയെന്നു കരുതിയിരിക്കുന്ന ബ്ലോഗ്‌ സുഹൃത്തുക്കളെ  ഓര്‍ക്കുക "കാക്ക കുളിച്ചാല്‍ കൊക്കാകില്ല"
ഇവിടെ ഇപ്പൊ ചമ്മിയത് ഞാന്‍ മാത്രമാണല്ലോ? ഈ സംസാരം കേള്‍ക്കാതെ ചരിത്ര സൃഷ്ടിക്കു ഒരുങ്ങുന്ന എന്റെ സഹബ്ലോഗ്ഗര്‍മാരെ തേടി ഞാന്‍ അങ്ങനെ ഒടുവില്‍ തുഞ്ചന്‍ പറമ്പിലെത്തി.       
  
                        പരിചിതമുഖമായി ആകെ ഉള്ള ജാബിര്‍ മലബാറി നിറഞ്ഞ ചിരിയോടെ വരവേറ്റു. പേരും വിലാസവും ബ്ലോഗ്‌ അഡ്രസ്സും ഒക്കെ എഴുതിക്കൊടുത്തു രെജിസ്ട്രേഷന്‍ ചെയ്തപ്പോ ഉണ്ടായ സന്തോഷം 250 രൂപ എണ്ണിക്കൊടുതപ്പോള്‍ പോയി. വിഷു കൈനീട്ടം ഗോവിന്ദ!!!
ജിക്കുമോനെയും മത്താപ്പിനെയും ആണ് ആദ്യം പരിചയപെട്ടത്‌. രണ്ടുപേരെയും ചില കമന്റ്‌ ഇടങ്ങളില്‍ അല്ലാതെ ബ്ലോഗുകള്‍ കണ്ടിട്ടില്ല എങ്കിലും പുലികള്‍ ആണെന്ന് അപ്പോളാണ് അറിഞ്ഞത്.  മത്താപ്പ് എന്റെ അടുത്ത നാട്ടുകാരന്‍ കൂടി ആണെന്നതും ഒരു പുതിയ അറിവായി.  വിനുവിനെയും ഫാറൂക്കിനെയും പരിചയപ്പെട്ടതും അപ്പോളാണ്.  ബി ടെക്കും ബ്ലോഗ്ഗിങ്ങും ഒരേ തൂവല്‍ പക്ഷികള്‍ ആണെന്ന് അതോടെ വ്യക്തമായി. 

                                സദസ്സിനു മുന്നില്‍ ഉള്ള പരിചയപ്പെടുതലോടെ ബ്ലോഗേഴ്സ് മീറ്റിനു തുടക്കമായി. ആളെ കണ്ടാലും പേര് കേട്ടാലും ബ്ലോഗ്‌ ഓര്‍മയില്‍ വരാനുള്ള പ്രായം ആയിട്ടില്ലാത്തതിനാല്‍ പുലിയേതു സിംഹമേതു എന്നറിയാതെ അന്തം വിട്ടു ഞാനിരുന്നു. എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു. സമയ പരിമിതിയെ അംഗീകരിച്ചു കൊണ്ട് ആ ആഗ്രഹം ഒഴിവാക്കി. 


                       വിശ്വമാനവികം സജിം മാഷായിരുന്നു ഞാന്‍ നോക്കിയിരുന്ന ഒരാള്‍ . പരിചയപ്പെടല്‍ കഴിഞ്ഞു പുറത്തിറങ്ങിയ ഉടന്‍ പുള്ളിയെ പോയി കണ്ടു, "ഓ ഞാന്‍ കരുതി പത്രക്കാരന്‍ കുറച്ചു കൂടി പ്രായമുള്ള ഒരാളാണെന്ന്. നീ ഇത്ര ചെറുതാണോ?" എന്നതായിരുന്നു ആദ്യ പ്രതികരണം. അതെനിക് നന്നായങ്ങ് ബോധിച്ചു. ആ സമയം അത് വഴി പോയ ഡോക്ടര്‍ ആര്‍കെ തിരൂര്‍നെ തടഞ്ഞു നിര്‍ത്തി പരിചയപെടുത്തി തന്നു കൊണ്ട് അവിടെ ഒരു അവൈലബിള്‍ പിബി തന്നെ കൂടി. മുന്‍ എസ്എഫ്ഐ ക്കാര്‍ ആയ അവര്‍ക്കൊപ്പം പൊതു രാഷ്ട്രീയത്തെയും തിരഞ്ഞെടുപ്പിനേയും കുറിച്ച് വിശദമായി സംസാരിച്ചു.


                                ഹബീബ് ചേട്ടന്‍ വിക്കി ക്ലാസ്സ്‌ എടുക്കുമ്പോള്‍ മലബാരിക്കും ജിക്കുവിനും ഒപ്പം സജീവേട്ടനെ കൊണ്ട് തലവര വരപ്പിക്കാന്‍ പോയി. സുന്ദരനായ എന്റെ കാരിക്കെചര്‍ വരക്കാന്‍ സജീവേട്ടന്‍ ഒട്ടും ബുദ്ധിമുട്ടിയില്ല. ആശിച്ചു മോഹിച്ചു ഇരുന്ന സുവനീരോ കിട്ടിയില്ല, ബ്ലോഗേഴ്സ് മീറ്റ്‌ന്റെ ഓര്‍മ്മക്കായി ഇതെങ്കില്‍ ഇത്. 
                        ഭക്ഷണ സമയം ആസ്വാദ്യകരം ആയിരുന്നു. ആദ്യത്തെ ട്രിപ്പില്‍ തന്നെ വയറു നിറച്ച ശേഷം ആര്‍ കെ തിരൂരിനൊപ്പം ഭക്ഷണം വിളമ്പാന്‍ കൂടി. ഇല ഏതു വശത്തേക് ഇടണം എന്നത് എപ്പോളും എന്നെ കുഴക്കുന്ന ഒരു സംശയമാണ്. അതും ഒരു വിധത്തില്‍ ഒപ്പിച്ചു. സഖാവ് വിഎസ്സിനോട് പൊരുതിയ ലതിക ചേച്ചിക്ക് മധുരം വേണ്ട എന്ന് പറഞ്ഞെങ്കിലും കൂട്ടുകറി കുറച്ചധികം വിളമ്പി കൊടുക്കാന്‍ മറന്നില്ല. 

                          കൂതറ ഹാഷിമിക്കയെ പരിചയപ്പെടുന്നത് അപ്പോളാണ്.  പ്രൊഫൈല്‍ ഫോട്ടോ ഒക്കെ കണ്ടപ്പോ ഇതിലും ചെറുപ്പക്കാരന്‍ ആയ ഒരാളെ ആണ് ഞാന്‍ പ്രതീക്ഷിച്ചിരുന്നത്.  കണ്ടവന്റെ ബ്ലോഗ്ഗില്‍ ഒക്കെ ചിതറിക്കിടക്കുന്ന കൂതറ കമന്‍റുകള്‍ ശേഖരിക്കുന്നതിന്റെയും കുക്കൂതറ എന്ന വാക്കിനു പേറ്റന്റ്‌ വാങ്ങിക്കുന്നതിന്റെയും സാധ്യതകളെ പറ്റി ഞങ്ങള്‍ ചര്‍ച്ച ചെയ്തു. ഹാഷിമിക്കയെ മുഖ്യാതിഥി ആക്കികൊണ്ട് ബ്ലോഗേഴ്സ് മീറ്റിനു ബദലായി ഒരു കംമെന്റെഴ്സ് മീറ്റ്‌ സംഖടിപ്പിക്കാന്‍ ഉള്ള നിര്‍ദേശവും ഞാന്‍ മുന്നോട്ട് വച്ചു.  

                         വിശ്രമമന്ദിരത്തില്‍ വച്ചാണ് ഉള്‍കാഴ്ച ബ്ലോഗ്ഗര്‍ എസ് എം സാദിക്കയെ പരിചയപ്പെടുന്നത്. എന്നെയും എന്റെ വീല്‍ചെയര്‍ നെയും കൊണ്ട് എന്റെ  മാരുതി 800 ഓടിച്ചു മീറ്റിനു വരാന്‍ ആരെങ്കിലും തയ്യാറാണോ എന്ന സാദിക്കയുടെ കമന്റ്‌ മീറ്റ്‌ ബ്ലോഗ്ഗില്‍ കണ്ടപ്പോളേ തീരുമാനിച്ചതാണ് ഇങ്ങേരെ ഒന്ന് പരിചയപ്പെടനം എന്ന്. ഇത്ര പ്രതികൂല അവസ്ഥയിലും ഇത്ര ദൂരം യാത്ര ചെയ്തെത്തിയ സാദിക്ക ഈ മീറ്റിന്റെ പൊതു വികാരത്തെ പ്രതിനിധീകരിക്കുന്നു.


                           പപ്പേട്ടന്റെ ക്ലാരയെ മനസ്സില്‍ കൊണ്ട് നടക്കുന്ന മഹേഷ്‌ വിജയനെ കണ്ടെത്തി. രണ്ടു പോസ്റ്റുകളോടെ ഇനി പെണ്ണ് കിട്ടില്ല എന്ന് ഉറപ്പ് വരുത്തിയ മഹേഷേട്ടന് എന്റെ ആദരാഞ്ജലികള്‍..

                          ഇ എ ജബ്ബാര്‍ന്റെ വിവാദമായ ബ്ലോഗ്ഗുകള്‍ എന്നെ സംബധിച്ചിടത്തോളം ഒരു റഫറന്‍സ്  ഗ്രന്ഥം ആണ്. ഖുറാന്‍ വിമര്‍ശനം എന്നതിലുപരി അതിനെ സമീപിക്കുന്ന രീതിയും അതില്‍ ഉപയോഗിക്കുന്ന തീവ്രമായ ഭാഷയും അത്യന്തം അപകടകരമാണ് എന്ന് പറഞ്ഞപ്പോള്‍ ജബ്ബാറിക്ക തന്ന മറുപടി എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഈ ചെറിയ മനുഷ്യന്റെ വലിയ ത്യാഗ മനോഭാവം അഭിനധിക്കാതിരിക്കാന്‍ വയ്യ. യുക്തിവാദത്തിന്റെ രാഷ്ട്രീയത്തെ പറ്റി ജബ്ബാറിക്ക പറഞ്ഞതും എന്നെ ഓര്‍മയില്‍ നില്‍ക്കുന്നു. അദ്ധേഹത്തിന്റെ ബ്ലോഗ്‌ ചില അറബ് രാഷ്ട്രങ്ങളില്‍ നിരോധിച്ചിരിക്കുന്നു എന്നറിഞ്ഞതോടെ എനിക്ക് പ്രവാസി മലയാളികളോട് തോന്നിയത് പുച്ചമാണോ സഹതാപമാണോ അതോ പുച്ഛം കലര്‍ന്ന സഹതാപം ആണോ എന്നോര്‍മയില്ല.

                         ഇനിയെന്ത് എന്ന് ചിന്തിച്ചു നടക്കുമ്പോളാണ് ജാബിറുമായി സംസാരിച്ചു നില്‍ക്കുന്ന നാമൂസ് നെ കാണുന്നത്. ഒരു ബ്ലോഗ്ഗെരുടെ അല്ല, രാഷ്തിയക്കാന്റെ ലുക്ക്‌ ആണല്ലോ ഭായ് നിങ്ങള്‍ക്ക് എന്ന് പറഞ്ഞു പരിചയപ്പെട്ടതേ ഓര്‍മയുള്ളൂ. നാമൂസിന്റെ രാഷ്ട്രീയം പുറത്തേക്കൊഴുകി. അല്പം ഒന്ന് മാറി നിന്ന് സംസാരിക്കാം എന്ന് പറഞ്ഞതിന് നാമൂസ് എന്നെയും കൊണ്ട് പുറത്തെ റോഡില്‍ എത്തി. അവിടെ ഉള്ള തട്ടുകടയില്‍ വച്ചു ഞങ്ങള്‍ ഞങ്ങളുടെ രാഷ്ടീയവും കൊച്ചു ദുശീലവും പങ്കുവച്ചു. ദുശീലം ഇല്ലാത്ത  മാന്യനായ മലബാരിക്ക് നാരങ്ങ വെള്ളം വാങ്ങികൊടുക്കാനും നാമൂസ് മറന്നില്ല.ഗാന്ധിയെയും  അംബേദ്കറിസതിന്റെ  സാധ്യതകളെയും  പറ്റി നാമൂസ് വാതോരാതെ സംസാരിച്ചു.  വിപ്ലവത്തിന്റെ വഴികളില്‍ എവിടെ വച്ചെങ്കിലും കണ്ടു മുട്ടാം എന്ന് പറഞ്ഞു നാമൂസിന് നല്ല നമസ്കാരം പറഞ്ഞു.

                           കൂട്ടത്തില്‍ ബ്ലോഗ്ഗര്‍ അല്ലാത്ത ഒരു വ്യക്തിയെ കൂടി കണ്ടു മുട്ടാന്‍ സാധിച്ചു. കാലിക്കറ്റ്‌ യുനീവേര്‍സിറ്റി ഇന്റര്‍സോണ്‍ ക്വിസ് മത്സരവേദിയില്‍ ഞങ്ങള്‍ സംഘാടകരെ  അല്പം വെള്ളം കുടിപ്പിച്ച സക്കീര്‍ എന്ന വടകരക്കാരന്‍ വഴിപോക്കന്‍. വഴിപോക്കന്‍ എന്ന് പറഞ്ഞത് വെറുതെയല്ല. ഇന്റര്‍സോണ്‍ ക്വിസ് കുറച്ചു റൌണ്ടുകള്‍ കഴിഞ്ഞപ്പോ പല മത്സരാര്‍ഥികളെകാളും പോയിന്റ്‌ സദസ്സില്‍ ഇരുന്ന സക്കീര്‍നായിരുന്നു. അവസാനം ഇയാള്‍ക്ക് കപ്പ്‌ നല്‍കേണ്ടി വരുമോ എന്ന് ഞങ്ങളും പേടിച്ചു. ക്വിസ് മാസ്റ്റര്‍ ഫസല്‍ ഗഫൂര്‍ സാറിനെ വരെ അത്ഭുതപ്പെടുത്തിയ പ്രതിഭയെ അവിടെ വച്ചു പരിചയപ്പെടാന്‍ പറ്റിയില്ല. അന്നത്തെ അതെ അശ്രദ്ധമായ വസ്ത്രദാരണതോടെ ഇവിടെ എത്തിയ സക്കീര്നിനെ പരിചയപെട്ടു. വ്യക്തമായ ഒരു മറുപടി അപ്പോളും ഇല്ല. ഒടുവില്‍ സക്കീര്‍ന്റെ നാട്ടുകാരനായ ഒരു ബ്ലോഗ്ഗര്‍ വഴിയാണ് പുള്ളി നാട്ടിലും പുലിയാണെന്ന് മനസ്സിലായത്. ഗ്രാമീണവായനശാല മത്സരങ്ങളില്‍ സ്ഥിരം വിജയിയായ ഒരു സാധാരണ കച്ചവടക്കാരന്‍. വൈകീട്ട് തിരിച്ചു പോകാന്‍ ട്രെയിന്‍ സമയം ഫോണ്‍ ചെയ്തു അന്വേഷിക്കാന്‍ പുള്ളി എന്നോട് ആവശ്യപ്പെട്ടു. മൊബൈല്‍ ഉപയോഗിക്കുന്നില്ല എന്നും അതോടെ വ്യക്തമായി. ഒരു ബ്ലോഗ്‌ തുടങ്ങാന്‍ ഉപദേശിച്ചു കൊണ്ട് സക്കീര്‍നോട്‌ വിട പറഞ്ഞു.

കുറച്ചു വിമര്‍ശനം...

                             പരിചയപ്പെടുത്തലുകള്‍ കഴിഞ്ഞതോടെ പലരും ഹാളിനു പുറത്തു ചാടിയിരുന്നു. പുറത്തെ വരാന്തയും അടുത്തുള്ള മരതണലുകളും പരിചയപ്പെടലുകാരെ കൊണ്ടും വിശേഷം പറച്ചില്കാരെ കൊണ്ടും നിറഞ്ഞു.  അകത്തൊരു മീറ്റും പുറത്ത് അതിനേക്കാള്‍ വലിയ മീറ്റും എന്ന അവസ്ഥ അവിടെ തുടങ്ങി. സങ്കാടകര്‍ അറിഞ്ഞോ അറിയാതെയോ  ഈ മീറ്റിന്റെ ഏറ്റവും വലിയ വിജയവും പരാജയവും അതായിരുന്നു. ബൂലോകത്ത് സകലമാന വിഷയങ്ങളും ചര്‍ച്ച ചെയ്യുന്ന, തല്ലു കൂടുന്ന, കൂട്ട് കൂടുന്ന, ബ്ലോഗ്ഗര്‍മാര്‍ക്ക് ഭൂലോകത്തും അതിനുള്ള അവസരം ഒരുക്കി കൊടുക്കാന്‍ നമുക്ക് സാധിക്കാതെ പോയി. നൂറില്‍ പരം ബ്ലോഗ്ഗെര്മാര്‍ ചെറു കൂട്ടങ്ങളായി മാറി വിശേഷങ്ങള്‍ പങ്കു വച്ചതല്ലാതെ ഒന്നിച്ചൊരു പ്ലാറ്റ്ഫോം ഉണ്ടാക്കി ഏതെങ്കിലും ഒരു വിഷയത്തിലോ അല്ലെങ്കില്‍ പൊതുവായ കാര്യങ്ങളിലോ തങ്ങളുടെ അഭിപ്രായങ്ങളും ആശയങ്ങളും പങ്കു വച്ചിരുന്നു എങ്കില്‍ അത് എത്ര നന്നായേനെ?  എന്നാല്‍ അതിനു പകരം പുത്തന്‍ ബ്ലോഗ്ഗെര്മാരെ ആകര്‍ഷിക്കാനായി ഉള്ള പരിപാടികള്‍ക്കാണ് നമ്മള്‍ മുന്‍‌തൂക്കം നല്‍കിയത്. ബ്ലോഗേഴ്സ് മീറ്റ് എന്നതിനപ്പുറം ബ്ലോഗ്‌ ശില്പശാല എന്നാ നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങി. നിലവിലുള്ള ബ്ലോഗ്ഗെര്മാരെ സംബന്ധിച്ചിടത്തോളം ഉച്ചക്ക് ശേഷമുള്ള സെഷനുകള്‍ താല്പര്യം ഉളവാക്കിയില്ല. അതെന്തായാലും നന്നായി. പരസ്പരം പരിചയപ്പെടാനും സംസാരിക്കാനും നല്ല അവസരമായി. ബ്ലോഗ്ഗിഗിനെ പറ്റി അറിയാന്‍ എത്തിയ സുഹൃത്തുക്കള്‍ക്കും നന്ദി പറയാതെ വയ്യ.


                                 അതി ഗംഭീരമായി ഈ മീറ്റ്‌ സംഘടിപ്പിച്ച  സംഘാടകര്‍ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. അതുപോലെ മീറ്റില്‍ പങ്കെടുത്തു അതിനെ ജനങ്ങളില്‍ എത്തിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കും നന്ദി.
                       മീറ്റ് കഴിഞ്ഞിട്ട് ദിവസം നാലായി എങ്കിലും പൊതുവേ ഉള്ള മടിയും നെറ്റ് രണ്ടു ദിവസം പണി മുടക്കിയതും കൊണ്ടാണ് പോസ്റ്റ്‌ ഇത്ര വൈകിയത്. പിന്നെ മീറ്റിനു വന്ന ഏതാണ്ട് എല്ലാരും പോസ്റ്റ്‌ ഇട്ട സ്ഥിധിക്ക് ഞാനും ഇടാതെ വയ്യ എന്നത് കൊണ്ട് ഇട്ടതാണ്. 


ലാസ്റ്റ് എഡിഷന്‍: സുവനീര് വേണമെന്ന് പറഞ്ഞപ്പോ പോന്മാളക്കാരന്‍ ശുഷ്കാന്തിയോടെ പൈസ വാങ്ങി പെട്ടിയിലാക്കി. പിന്നെ മുഖത്ത് പോലും നോക്കാതെ  ഒരു വെള്ള പേപ്പര്‍ തന്നിട്ട് പേരും വിലാസവും എഴുതാന്‍ പറഞ്ഞു. സുവനീര് വരുവാ ?



http://pathrakkaaran.blogspot.com/2011/04/blog-post_22.html
Author

Jithin

പേര് ജിതിന്‍. പട്ടാമ്പിക്കാരനാണ്. പുരോഗമനചിന്തയും ഇടതുപക്ഷ രാഷ്ട്രീയവും രാവിലത്തെ ഉറക്കവും വീക്ക്‌നെസ് ആണ്. ഇച്ചിരി വിദ്യാര്‍ഥിരാഷ്ട്രീയവും ചില്ലറ തരികിടകളുമായി ജീവിക്കുന്നു. Spread the Love Black_Twitter_Bird

Follow Me on facebook!

അംബാനിയെ വിളിക്കൂ ക്ഷീരകർഷകരെ രക്ഷിക്കൂ...


കേരളത്തിലെ ക്ഷീരകർഷകരേയും മിൽമയേയും രക്ഷിക്കാൻ 'ഗോപാല'കൃഷ്ണക്കുറുപ്പും, നമ്മൾ പാവം ഉപഭോക്താക്കളെ രക്ഷിക്കാൻ സഖാവ് മുട്ട മന്ത്രിയും ആത്മാർത്ഥമായി പ്രവർത്തിക്കുന്നത് കാണുമ്പോൾ ഈ കട്ടിത്തൊലിയിലും രോമാഞ്ചം കോരിക്കോരിത്തരിക്കുകയാണ്.
കോഴിത്തീട്ടം ഭയന്ന് കോഴിയേയും ചാണകം ഭയന്ന് പശുക്കളേയും വളപ്പിന്നു പുറത്താക്കിയ നമുക്ക് മുട്ടയും പാലും ചുരുങ്ങിയ വിലയ്ക്ക് കിട്ടണം എന്നാവശ്യപ്പെടാൻ എന്തവകാശമാണുള്ളത്? ഫാറ്റ് ഫ്രീയും ലവണ തൈലവും ഉള്ളതുകൊണ്ട് എൻഡോസൾഫാൻ പൊതിഞ്ഞ അണ്ണാച്ചിപ്പച്ചക്കറി മാത്രമല്ലേ നമ്മൾ തിന്നാറുള്ളൂ...

പുറത്തിറങ്ങിയാൽ 20രൂപേടെ കുപ്പി വെള്ളവും 40രൂപയുടെ കോളയും മാത്രം കുടിച്ചർമ്മാദിക്കുന്ന മലയാളിക്ക് പാലിന്നു രണ്ടുരൂപ കൂട്ടിക്കൊടുക്കാൻ മടി. കൂട്ടാൻ പോകുന്ന 5രൂപയിൽ 4.20രൂപയും കർഷകന്ന് നൽകുമെന്നു പറയുന്ന മിൽമയെ കെട്ടിപ്പിടിച്ചുമ്മ കൊടുക്കാൻ ഈ ഫൂലോകത്ത് ഞാൻ ഒറ്റയ്ക്കാണല്ലോ എന്നോർക്കുമ്പോൾ സങ്കടം വരുന്നു. മറ്റെന്തെങ്കിലും കേസുകെട്ടായിരുന്നെങ്കിൽ ഫൂലോക ബ്ലോഗന്മാരെല്ലാം കിടന്നു കാറുന്നത് കാണാമായിരുന്നു.

ക്ഷീരകർഷകന്ന് ഇന്നു സംഭവിക്കുന്ന നഷ്ടത്തിന്റെ ഒരംശം നികത്താൻ നാലു രൂപ കൂട്ടി നൽകുന്നതിന്നെ എതിർക്കാൻ പറയുന്ന ഞായം വളരെ രസകരമാണ്. പാലിന്നു ലിറ്ററിന്നു രണ്ടു രൂപ കൂട്ടിയാൽ ഹോട്ടലുകാർ ചായയൊന്നിന്നു രണ്ടു രൂപ കൂട്ടും പോലും. ഇന്ധനത്തിന്നു ലിറ്ററിന്നു അഞ്ചു രൂപ കൂട്ടിയാൽ കിലോമീറ്ററിന്നു ആറുരൂപ കൂട്ടിവാങ്ങുന്ന ബസ്സുമുതലാളിയും ഓട്ടോക്കാരനും തന്നെ വേണം ഈ പരാതി ഉന്നയിക്കുവാൻ.

ഉൽപ്പാദനച്ചിലവിന്നു ആനുപാതികമായ വില പാലിന്നു കിട്ടാൻ ഇനി ഒരേ ഒരു വഴിയേ മുന്നിലുള്ളൂ, അംബാനിയേക്കൊണ്ട് കേരളത്തിൽ പാൽ വിൽപ്പന നടത്തിക്കുക. അംബാനി കണ്ണിറുക്കിയാൽ ഇന്ധനവിലകൂട്ടുന്ന 'ജനാധിപത്യ മുതലാളി'കൾ അപ്പോൾ വിലകൂട്ടാൻ പറയുന്ന ന്യായങ്ങൾ നമുക്കൂഹിക്കാം.


##: ക്രിക്കറ്റ് ഗ്രൗണ്ടിലെ വെള്ളം വിതരണം ഫെയിം ശ്രീശാന്തിന്നെ മിൽമയുടെ ബ്രാൻഡ് അംബാസ്സിഡറാക്കണം. ഫ്രീയായി പാലുകൊടുത്ത് കുടിപ്പിക്കണം. മറ്റൊരു ധോണിയാക്കണം. കേരളമാതാ കീ ജയ്!


Author

ബൈജുവചനം

ഞാനാരെന്ന് നിന്നേപ്പോലെ എനിക്കും അറിയില്ല! Spread the Love Black_Twitter_Bird

Follow Me on facebook!

ഗാന്ധിയന്‍

കര്‍മ്മങ്ങളില്‍ നിരന്തരം
നന്മയുടെ വിളിയമ്പുകള്‍ കോര്‍ത്ത്
നേരിന്‍റെ  പാതയില്‍ നിര്‍ഭയം ജ്വലിച്ച
ആ മഹാത്മാവിനെ കുറിച്ചെന്തിനൊരു വിവരണം
വേണ്ട, ഒരു വിവരണവും വേണ്ട ആ ചര്‍ക്ക കണ്ടാല്‍ മത്രം മതി
അതിലുണ്ട് എന്‍റെ നാടിന്‍റെ വിവര സമാഹാരങ്ങളെക്കെയും

ഒരു ഹസാരെ മത്രമല്ല....
ഒരു ഹസാരെ മാത്രമല്ല ഗാന്ധിയന്‍
ആ ഹസാരെയെ പോലെ നമ്മളും ഭാരതീയര്‍


ആ പിതാമഹന്‍റെ  പിന്‍ഗാമികള്‍
വേണ്ട, ഒരു വിവരണവും വേണ്ട ആ ചര്‍ക്ക കണ്ടാല്‍ മത്രം മതി
അതിലുണ്ട് ഈ നാടിന്റെ വിവര സമാഹാരങ്ങളെക്കെയും,



ഇന്ന് നാം മറന്നുവോ?
ഈ സ്വതന്ത്രതിന്‍റെ  നിറ വികാരങ്ങളില്‍
മുങ്ങി മറന്ന് പായുന്ന പരലുകള്‍ നാം
ഈ സ്വതന്ത്രതിന്‍റെ  നിറ വികാരങ്ങളില്‍
മുങ്ങി മറന്ന് പായുന്ന പരലുകള്‍ മാത്രമാണ് നാം

ഒര്‍ക്കുക, ഈ സ്വതന്ത്രം മറുമുണ്ട് മാറില്‍ പുതച്ച്
കയ്യിലൊരു ഊന്നുവടിയുമേന്തിയ കൈകളില്‍ നിന്നെന്ന സത്യം
സ്വര്‍ണ്ണ മുഖരിതമായ ഗോപുരങ്ങളില്‍
ഗാന്ധി  ശില്പങ്ങള്‍ കൊത്തിയതു കൊണ്ട് നാം ഗാന്ധിയന്മാരല്ല
തന്‍റെ  നന്മകളെ ബഹുനില ഗോപുരങ്ങളേക്കാള്‍ മുകളിലേക്ക്
സത്യത്തിന്‍റെ ചിറകുകളില്‍ നമ്മളേയുമേന്തി പറന്നവന്‍ ഗാന്ധി


ഒര്‍ക്കുക, ഈ സ്വതന്ത്രം മറുമുണ്ട് മാറില്‍ പുതച്ച്
കയ്യിലൊരു ഊന്നുവടിയുമേന്തിയ കൈകളില്‍ നിന്നെന്ന സത്യം


http://adayalangal.blogspot.com/2011/05/blog-post.html

Author

ഷാജു അത്താണിക്കല്‍

മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് ജനന്നം, ശാന്തിയുടേയും സമാധാനത്തിന്റെയും അത്താണിയായ അമരങ്ങളുടെ അമ്പലത്തിന്റെ അരികിലൂടെ ഒഴുകുന്ന പുഴക്കും കൊച്ചു കാടിനും കുറച്ചപ്പുറത്ത് ... Spread the Love Black_Twitter_Bird

Follow Me on facebook!

പെരുവഴിയിലേക്ക് .... !!!


എല്ലാം സ്വന്തമാക്കണമെന്നാഗ്രഹമായിരുന്നു  അയാള്‍ക്ക്‌. ചെറുപ്പം തൊട്ടേ അധ്വാനത്തിന്റെ ശീലങ്ങളെ അതിനു വേണ്ടി പാകപ്പെടുത്തി. പറമ്പും കാടും എല്ലാം വാങ്ങി കൂട്ടി.
ചുട്ടുപൊള്ളുന്ന ചൂടില്‍ ഒലിച്ചിറങ്ങുന്ന വിയര്പ്പുകണങ്ങളെ  നീറ്റല്‍ അനുഭവിക്കുന്ന ഇരു കൈകളില്‍ പുരട്ടി ആശ്വാസം കൊണ്ടു.
വെച്ച് പിടിപ്പിച്ച തേക്കിന്‍ തൈകള്‍ വളര്‍ന്നു നില്‍ക്കുന്നത് അന്ന് രാത്രി അയാല്‍ സ്വപ്നം കണ്ടു.
കൂരിരുട്ടായി പടര്‍ന്ന കാര്‍മേഘള്‍‍ക്കൊപ്പം  വന്ന മിന്നല്‍പിണരുകള്‍ വെളിച്ചമായി കണ്ടു മഴ വെള്ളത്തെ തന്റെ വിശാലമായ വയലിലേക്ക് തിരിച്ചു വിട്ടു. കൊയ്തെടുത്ത വിളവില്‍ ലാഭം വന്നു മറിയുന്നത് അന്ന് രാത്രി അയാള്‍ സ്വപ്നം കണ്ടു.
ഒരു വൈകുന്നേരം  വീടിനു ചുറ്റുപാടും വാങ്ങികൂട്ടിയ സ്ഥലത്തേക്ക് നോക്കി അയാള്‍ മക്കളോട് പറഞ്ഞു: എല്ലാം നിങ്ങള്‍ക്കുള്ളതാണ്.നിങ്ങള്‍‍ക്ക് മാത്രം!!.
മക്കളുടെ മനസ്സ് നിറയുന്നത് കണ്ടു അയാള്‍ ആശ്വസിച്ചു. എന്‍റെ അദ്ധ്വാനനം വെറുതെയായില്ല.  
മറ്റൊരു ദിവസം മക്കളെ വിളിച്ചു വരുത്തി തന്റെ ഒരു ആഗ്രഹം അയാള്‍ പങ്കു വെച്ചു.
"എന്റെ കണണടയുന്നതിനു മുമ്പ്‌ ഇതെല്ലാം നിങ്ങള്ക്ക് ഓഹരി വെക്കണം, എന്‍റെ കാല ശേഷം നിങ്ങള്‍ അതിനു വേണ്ടി കലഹിക്കുന്നത് എനിക്കിഷ്ടമില്ല."
മക്കളുടെ മനസ്സ് വീണ്ടും സന്തോഷം കൊണ്ടു അയാള്‍ വീര്‍പ്പുമിട്ടിച്ചു.
നാട്ടിലെ കാരണവന്മാരോട് അയാള്‍ സന്തോഷത്തോടെ അതിലേറെ അഭിമാനത്തോടെ അത് പറഞ്ഞു , ക്ഷണിച്ചു. മക്കള്‍ വില്ലേജ് ഓഫീസിലെ  ജോലിക്കാരെയും.
അങ്ങിനെ ആ ദിവസം വന്നെത്തി.
വിശാലമായ ആ പറമ്പും നെല്‍പാടങ്ങളും അളന്നു മുറിക്കാന്‍ തുടങ്ങി.
തേക്കിന്‍  മരങ്ങള്‍ ഇടതൂര്‍ന്നുനില്‍ക്കുന്ന കുന്നിന്‍ ചെരുവില്‍ ഒറ്റയ്ക്കിരുന്നു മക്കളുടെ സന്തോഷം കണ്ടു സായൂജ്യമടയാന്‍ അയാള്‍ ഒഴിഞ്ഞ പാറ കെട്ടുകളിലേക്ക് കയറാന്‍ ശ്രമിച്ചു.
അപ്പോള്‍ എല്ലാ അധികാരത്തോടെയും അഹങ്കാരത്തോടെയും മൂത്ത മകന്‍ പറഞ്ഞു : എവിടേയ്ക്കാ ഇനി അങ്ങോട്ട്‌ ... മന്ഷ്യര്‍ക്ക് ഒരോ പണിയുണ്ടാക്കാന്‍.... !! വീട്ടില്‍ പോയി ഒരു ഭാഗത്ത്‌ ഇരുന്നൂടെ ..!!
തല പാറകെട്ടില്‍ ഇടിച്ച പോലെ അയാള്‍ക്ക്‌ തോന്നി , അല്ല, ഭൂമി കുലുങ്ങുന്ന പോലെയോ  ഇല്ല. എല്ലാം തോന്നലുകള്‍ അയാള്‍ ആശ്വസിച്ചു. പക്ഷെ ,
വീണ്ടും അനുസരിച്ച് ശീലിച്ച മക്കള്‍ ആജ്ഞാപിച്ചു നിര്‍ത്തുമ്പോള്‍ അയാള്‍ പരിസരം മനസ്സിലാക്കി ഇറങ്ങി നടന്നു. മുമ്പില്‍ കണ്ട വിജനമായ പെരുവഴിയിലേക്ക് .... !!!

http://ishaqkunnakkavu.blogspot.com/2011/05/blog-post.html
Author

ഇസ്ഹാഖ് കുന്നക്കാവ്‌


കലാലയ ജീവിതത്തില്‍ ഏറെ പറയാന്‍ കൊതിച്ചു. കുറച്ചൊക്കെ പറഞ്ഞുതീര്‍ത്തു... കുത്തിക്കുറിച്ചു... പക്ഷേ, കുറെ ബാക്കിയുണ്ട്. നര്‍മ്മങ്ങളെക്കാളേറെ മര്‍മ്മം.. മര്മ്മങ്ങളേറെ ധര്‍മ്മവും. ഒരിക്കലും കൊതിക്കാത്ത പ്രവാസജീവിതം കൂട്ടായ് തീര്‍ന്നപ്പോള്‍ എല്ലാത്തിനോടും വെറുപ്പായി.. മടുപ്പായി.. സുഹൃത്തായി തീര്‍ന്നിരുന്ന പേനയും കടലാസും പലപ്പോഴും വെറുപ്പോടെ എന്നെ നോക്കി..!! കീബോര്‍ഡ് എന്നെ നോക്കി ചിരിക്കാന്‍ ശ്രമിച്ചു..??തുടര്‍ന്ന് വായിക്കൂSpread the Love Black_Twitter_BirdFollow Me on facebook!

അമ്മയ്ക്ക്



ഉദരത്തിലഞ്ചെട്ടു മാസം ചുമന്നു
നീയെനിക്കായ്‌ ഒരു പാടു നോവു തിന്നു
നിന്‍റെ ഗര്‍ഭപാത്രം ചവിട്ടിമെതിച്ചു കുതിച്ചുവന്നവന്‍
ഞാന്‍ അന്നേ അഹങ്കാരി

****

നിന്‍റെ മാറിലെ അമൃതിനുറവകളെനിക്കായ്‌
വാത്സല്യം ചുരത്തവേ,
നിന്‍ നെഞ്ചിന്‍ സ്നേഹം നുണഞ്ഞു, ഞാന്‍
‍നിന്നെ കടിച്ചു മുറിവേല്‍പിച്ചു.
"കള്ള"നെന്നോതിയെന്നെ നോവാതെ തല്ലി, നീ
നോവൊരനുഭൂതിയായ്‌ നുണഞ്ഞവള്‍....

****
പിച്ചവെച്ചു നടക്കാന്‍ തുടങ്ങിയപ്പൊളാരാന്‍റെ
മാവിലെറിഞ്ഞു,മന്യന്‍റെ മക്കളെ നോവിച്ചും
അസുരവിത്തെന്നു പേരു കേള്‍പ്പിച്ചു ഞാന്‍
തല്ലുകൊള്ളാതോടിയെത്തി
നിന്‍റെ മടിത്തട്ടിലൊളിച്ചപ്പഴും
വികൃതിയാമെന്നെച്ചൊല്ലി
കുത്തുവാക്കുകളൊട്ടു കേട്ടപ്പഴും
നീ, സ്വാന്തനത്തിന്‍റെ ഭാണ്ഡ
മെനിക്കായ്‌ തുറന്നു വച്ചവള്‍......

****
പുത്തനുടുപ്പിട്ടണിയിച്ചൊരുക്കി നീയെന്നെ
പള്ളിക്കൂടത്തിലേക്കു യാത്രയാക്കി
മുണ്ടു മുറുക്കിയുടുത്തു നീ നിന്‍റെ
അത്താഴമെനിക്കു പൊതിച്ചോറു തന്നു
ഞാനോ നിന്‍റെ മടിശ്ശീല തപ്പിയി
ട്ടാരാന്‍റെ മുറ്റമടിച്ചുമെച്ചിലു കഴുകിയും
നീ കാത്ത വിയര്‍പ്പിന്‍ മണമെഴും
നാണയത്തുട്ടു കൈക്കലാക്കി
മുറിബീഡി പുകച്ചു സന്ധ്യക്കു
നേരം തെറ്റി തിരിച്ചെത്തുന്നു.....

****
പകലന്തിയോളം വേല ചെയ്തു
കിട്ടുന്ന കൂലി മുഴുക്കെയും
വലിച്ചും കുടിച്ചും കളിച്ചും,ബാക്കി
തെരുവിലെപ്പെണ്ണിന്നു കാഴ്ചവച്ചും തീര്‍ത്തു
നീയെനിക്കായ്‌ കാത്തുവയ്ക്കുന്ന
തണുത്തുറഞ്ഞയൊരു പിടിച്ചോറുണ്ണാന്‍
പാതി രാത്രിയും കഴിഞ്ഞു ഞാന്‍
നിലത്തുറയ്ക്കാത്ത പാദങ്ങളോടെത്തവെ
നീ എനിക്കായ്‌ വാതില്‍ തുറന്നു വച്ചു
വഴിക്കണ്ണുമായ്‌ കാത്തിരുവള്‍....
കറിയിലുപ്പില്ലെന്നു ചൊല്ലി ഞാന്‍
നിന്നെ നാഭിയ്ക്കു തൊഴിച്ചു വീഴ്ത്തി
എന്‍റെ കാലു നൊന്തെന്നോര്‍ത്തു കരഞ്ഞു തളര്‍ന്നു
നീ അന്നൊരു പോള കണ്ണടച്ചീല.
കള്ളൂകുടിച്ചു കരളുവേവി-
ച്ചൊരു നുള്ളു സുഖം നിനക്കായ്‌ തരാതെ
യാത്രയായൊരച്ചന്‍റെ ശിഷ്ടപത്രമാം
ഈ പുത്രനെച്ചൊല്ലി
നിന്‍റെ കണ്ണു ചോര്‍ന്നതു
പക്ഷെ, ഞാനറിഞ്ഞീല......

****
കാലമൊരുപാടു കഴിഞ്ഞു,നരച്ചു കവിളൊട്ടി
നീ വാതം പിടിച്ചു കിടപ്പിലായി
ഊന്നുവടിയൂന്നി നിന്‍റെ ശോഷിച്ച
കാലിലെഴുന്നേറ്റുനില്‍ക്കാന്‍ ശ്രമിച്ചു
നീ വേച്ചു വേച്ചു പോകവേ
ഒരു പെണ്ണിന്‍റെ മൊഴി കേട്ടു
തിരിഞ്ഞുനടവന്‍ ഞാന്‍ മഹാപാപി.
വയസ്സുകാലത്തു താങ്ങാകാഞ്ഞയീ
പാഴ്ജന്മത്തെയോര്‍ത്തു നിന്‍റെയുള്ളു വെന്തതു
പക്ഷെ, ഞാനറിഞ്ഞീല.....

****
ഇന്ന്‌,
ഞാന്‍ തീര്‍ത്ത പട്ടടയില്‍ നീയെരിഞ്ഞടങ്ങവേ
അമ്മേ, ഞാനറിയുന്നു
ഈ ദുഷ്ടജന്‍മത്തെ നൊന്തുപെറ്റ
നിന്‍റെ വയറു തണുത്തീലയെന്ന്‌
നിന്‍റെ മനസ്സു തണുത്തീലയെന്ന്.
നിന്‍റെ മനസ്സു തണുത്തീലയെന്ന്....

( സമര്‍പ്പണം-


Author

Dr.Muhammed Koya

ഞാന്‍ ഡോക്ടര്‍ മുഹമ്മദ്‌ കോയ,കോഴിക്കോട്‌ ജില്ലയില്‍ കുറ്റിക്കാട്ടുര്‍ സ്വദേശി.ഇപ്പോള്‍ വയനാട്‌ ജില്ലയില്‍ പടിഞ്ഞാറത്തറ ഹോമിയോ ഡിസ്പന്‍സറിയില്‍ ജോലി ചെയ്യുന്നു.കൊടുവള്ളിയില്‍ സ്വകാര്യ പ്രാക്റ്റീസുമുണ്ട്‌.മനസ്സില്‍ ഇത്തിരി പച്ചപ്പ്‌ സൂക്ഷിക്കുന്ന ഒരു സാധാരണക്കാരന്‍. Spread the Love Black_Twitter_Bird

Follow Me on facebook!

പാതിരാത്രിയിലെ പ്രേമം


(മുന്‍കുറിപ്പ് : ഈ കഥ ഉദ്ഭവിച്ച കാലടി , മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത  , കാലടി എന്ന  കൊച്ചു ഗ്രാമം ആണ് )
ഇത് ബാലുവിന്‍റെ കഥയാണ് ,   പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്കും …..പ്രണയിച്ചു കൊണ്ടിരിക്കുന്നവര്‍ക്കും സ്വന്തം ജീവിതം കൊണ്ട് ബാലു രചിച്ച കഥ .
ഞങ്ങളുടെ നാട്ടില്‍….കാലടിയില്‍ ഈ സംഭവത്തിന്‍റെ വിശേഷങ്ങള്‍ ഇനിയും പറഞ്ഞു തീര്‍ന്നിട്ടില്ല …..
ഇപ്പൊ പ്രേമം എന്ന്‍ കേള്‍ക്കുമ്പോ ഞങ്ങള്‍ കാലടിക്കാര്‍ക്ക് ബാലുവിന്‍റെ എലി പുന്നെല്ലു കണ്ട പോലുള്ള മുഖമാണ് മനസ്സില്‍തെളിയുക .
ബാലുവിന്‍റെ മാത്രമല്ല ,ഒരുപാടു പേരുടെ ജീവിതം മാറ്റിമറിച്ച ആ രാത്രി ഇങ്ങനെ തുടങ്ങുന്നു……

പുറത്തേക്കിറങ്ങുമ്പോള്‍ ബാലു സമയം നോക്കി …..പന്ത്രണ്ടര , കൃത്യ സമയമാണ്‌ . അച്ഛന്‍ താളാത്മകമായി  കൂര്‍ക്കം വലിച്ചു , അന്തം വിട്ടുറങ്ങുകയാണ്.  ബാലു ഒരു കാര്യം ശ്രദ്ധിച്ചു , ആ  കൂര്‍ക്കം വലി , മീന്‍കാരന്റെ MITകാലടി സെന്‍ററിലേക്കുള്ള കേറ്റം വലിക്കുന്നത് പോലുണ്ട്  .മഹാ ബോര്‍ ആണ്  , സംഗതി തീരെ ഇല്ല . നാളെ രാവിലെ ഉപദേശിക്കാം, ഇന്നിപ്പോ സമയമില്ല .അച്ഛന്റെ   കാല്‍തൊട്ടു വന്ദിച്ച് ശബ്ദമുണ്ടാക്കാതെ അവന്‍ വാതില്‍തുറന്ന് പുറത്തേക്കിറങ്ങി .തദവസരത്തില്‍ അവന് ചെറിയൊരു പേടി  ."വാതിലടക്കാന്‍ പറ്റില്ല ,ഇനി വല്ല കള്ളന്മാരും കയറുമോ ?, കേറുന്നെങ്ങെ കേറട്ടെ, ഇതിനെക്കാള്‍ വലിയ കര്യമൊന്നുമല്ലല്ലോ  അത് ."
താന്‍ പോകുന്നത് ആരും കാണാതിരിക്കാന്‍ വേണ്ടി ബാലു ടോര്‍ച്ച് എടുത്തില്ല .വീടിന്‍റെ പിന്നാം പുറത്തുകൂടെ അവന്‍ പാടത്തെക്കിറങ്ങി . സെവെന്‍സിന് കളിക്കാര്‍ ഇറങ്ങുന്നത് പോലെ, നിലം തൊട്ടു തലയില്‍ വെച്ച്, വാം അപ്പ്‌ ഒക്കെ ചെയ്താണ്  അളിയന്‍ പാടത്തേക്കിറങ്ങിയത്
ഈ അര്‍ദ്ധരാത്രി , ചുള്ളന്‍  പോണത്  , നാലുവര്‍ഷമായി അവന്‍ സ്നേഹിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടിലേക്കാണ് ." എന്തിനാ നമ്മുടെ ഈ കഥാനായകന്‍ ഇപ്പൊ  അവളുടെ വീട്ടിലേക്ക് പോണ്” എന്ന്‍ നിങ്ങള്‍ക്ക് തോന്നിയേക്കാം .തോന്നിയാലും തോന്നിയില്ലെങ്കിലും അവന്‍ പോവും . അവന് പോയെ പറ്റൂ , കാരണം നാളെ അവളുടെ കല്യാണമാണ്, അവന്‍റെ  അശ്വതിയുടെ .രണ്ടു പേര്‍ക്കും കൂടി ഒളിച്ചോടാനാണെന്ന്  ആരും ദയവായി തെറ്റിദ്ധരിക്കരുത് , കാരണം ബാലു നാലുവര്‍ഷമായി തന്നെ പ്രണയിക്കുന്ന കാര്യം പാവം അശ്വതിക്കറിയില്ല . നായകന്‍ പറഞാലല്ലേ നായികയിതറിയൂ ? അവന് പേടിയായിരുന്നത്രേ ആ പോപുലര്‍ ഡയലോഗു മൊഴിയാന്‍ !!.
പക്ഷെ ഇന്ന്‍ കഥ മാറിട്ടോ, അത് പറയാന്‍ വേണ്ടി മാത്രമാണ്   അവനിന്ന് പോകുന്നത് , എല്ലാ ധൈര്യവും സംമ്പരിച്ചുകൊണ്ട്  (ഒരു ഭംഗിക്ക് വേണ്ടി പറഞ്ഞതാട്ടോ , കാര്യാക്കണ്ട ).
“കല്യാണ തലേന്ന്‍ ഒരു പെണ്ണിനോട് ഇഷ്ടമാണ് എന്ന്‍ പറയാന്‍ പോവുക” അതെന്തിനാ ? എന്നും നിങ്ങള്‍ക്ക് തോന്നിയേക്കാം.
സത്യം പറയുന്നതുകൊണ്ട് വിഷമം തോന്നരുത് , നമ്മുടെ കഥാനായകന്‍ ഒരു അരവട്ടനാണ്. 

പാടത്തെ വെള്ളകെട്ടിലൂടെ ബാലു നടന്നു …..അവന്‍റെ മനസ്സ് അവളെ കാണാന്‍ വേണ്ടി തുടിക്കുകയായിരുന്നു , നാല് വര്‍ഷം  നീണ്ട  തന്‍റെ  പ്രണയത്തിനാണ് ഇന്ന്‍ പരിസമാപ്തി കുറിക്കുന്നത് .
കുമാരേട്ടന്റെ പട്ടി നീട്ടികുരച്ചു ….”ഹും , കാമുക ഹൃദയമെന്തെന്നറിയാത്ത പട്ടി”
പട്ടി കാണാതിരിക്കാന്‍ വേണ്ടി അവന്‍ ഓടി .

ദോഷം പറയരുതല്ലോ , നല്ല അടിപൊളി വീഴ്ചയായിരുന്നു .പെടഞ്ഞെണീറ്റു ബാലുചുറ്റും നോക്കി
“ഭാഗ്യം ആരും കണ്ടില്ല….”
വലതുകയ്യില്‍ നിന്ന്‍ ചോര ഒലിക്കുന്നുണ്ടായിരുന്നു
“ഇതിന്‍റെയൊക്കെ വല്ല കാര്യൂണ്ടാര്‍ന്നോ ?നാല് കൊല്ലം ഉണ്ടായിരുന്നല്ലോ അപ്പൊ പറഞ്ഞ പോരായിരുന്നോ ?
പോട്ടെ , ഇന്ന്‍ വൈകുന്നേരം അമ്മ പോയിരുന്നല്ലോ , അപ്പൊ പറഞ്ഞയച്ചാലും മതിയായിരുന്നു “
ബാലുവിന്‍റെ  ഉള്ളില്‍ നിന്ന്‍ ആരോ പറഞ്ഞു .
"മിണ്ടാതിരിക്കടാ ", ബാലു തന്നെ ആ അജ്ഞാതനെ വിരട്ടി.

ബാലു ഉദ്ദേശിച്ചുറപ്പിച്ചിരുന്നത് ഇതായിരുന്നു (ഓളെ കിട്ടില്ല എന്നറിഞ്ഞപ്പോ ഉണ്ടായ പൂതി എന്നും പറയാം ) .
കല്യാണ തലേന്ന്‍ രാത്രി ഒരാണ്‍കുട്ടി ജനാലയ്ക്കരികെ  വന്ന്‍ ഇഷ്ടമാണെന്നു പറയുംമ്പോഴുണ്ടാവുന്ന അവളുടെ അമ്പരപ്പ് , ലോകത്ത് ഇന്നേവരെ ഒരു പെണ്‍കുട്ടിയും അനുഭവിച്ചിട്ടില്ലാത്ത ഒരു നിസ്സഹായതാവസ്ഥ , കതിര്‍മണ്ഡപത്തില്‍, താലിക്കുവേണ്ടി തലകുനിക്കുംപോഴും അവനെ തന്നെ നോക്കുന്ന കണ്ണുകള്‍ “
അമ്പലകുളത്തില്‍ കുളിക്കുന്നതിനിടെയാണ്  അവനീ പൊട്ടത്തരം ഞങ്ങളോട്  എഴുന്നള്ളിച്ചത്. അതുകേട്ട  ഞങ്ങളാരും വിചാരിച്ചിട്ടുണ്ടായിരുന്നില്ല അവനിതൊക്കെ കാട്ടികൂട്ടും എന്ന്‍.


ജീവിതതിലാദ്യമായാണ് ബാലു രാത്രി ഒറ്റയ്ക്ക് നടക്കുന്നത് ,ചെറിയൊരു പേടി തോന്നാതിരുന്നില്ല, അതും നടക്കുന്നത് കളത്തില്‍ പറമ്പിലൂടെയാണ്….പ്രേതത്തെ കണ്ടിട്ടുണ്ടെന്ന്‍ ദൈവമില്ലാപാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മുരളിയേട്ടന്‍ വരെ പറഞ്ഞിട്ടുള്ള കളത്തില്‍ പറമ്പിലൂടെ!!
ഒരു കാമുകന്‍ ഇത്തരം സന്ദര്‍ഭത്തില്‍ ധൈര്യം കൈവിടാന്‍ പാടില്ല….അവന് മുന്നോട്ടു തന്നെ നടന്നു …..അല്ലെങ്കിലും പ്രണയം പൂത്തുലഞ്ഞു നില്‍കുമ്പോള്‍ എന്ത് പേടി?
ചുണ്ടിലൂടെ  മലയാള സിനിമയിലെ പ്രണയഗാനങ്ങളെല്ലാം ഒരാട്ടപ്രദിക്ഷണം നടത്തികഴിഞ്ഞു (പേടി തോന്നാതിരിക്കാനാണ് പട്ടു പാടിയത് എന്ന് കുബുദ്ദികള്‍ പറഞ്ഞേക്കും, വിശ്വസിക്കരുത് )
അവളുടെ വീട് എത്താറായി.

“ഒരു പാദസ്വര കിലുക്കം കേള്‍ക്കുന്നു…..വെള്ളിയാഴ്ചയാണ് , നാട്ടപാതിരയ്ക്ക് അതും കളത്തില്‍ പറമ്പിലാണ് നില്‍ക്കുന്നത്". ഈ ലവ് സ്റ്റോറി യില്‍ ഇങ്ങനെയൊരു ക്ലൈമാക്സ്‌ ഇഷ്ട്ടന്‍ പ്രതീക്ഷിച്ചു കാണില്ല .
അതെ അടുത്തുവരികയാണ്….
"തൃപ്രങ്ങോട്ടപ്പാ…..പ്രേതങ്ങള്‍ക്ക് പ്രണയത്തിലെന്താ സ്ഥാനം" ?
തിരിഞ്ഞു ഓടാനുള്ള ബുദ്ധിപോലും നമ്മുടെ “റിലേ ” പോയ കഥാനായകന് തോന്നിയില്ല
പ്രേതം രണ്ടും കല്‍പ്പിച്ചുള്ള വരവാണ്,  അരണ്ട വെളിച്ചത്തില്‍ ബാലു കണ്ടു , സെറ്റുമുണ്ടും മുല്ലപൂവുമണിഞ്ഞ, ബാഗും തൂക്കിയിറങ്ങിയ ‘യക്ഷി’ യെ !!
ഒരലര്‍ച്ച  മാത്രമായിരുന്നു പിന്നെ നമ്മുടെ പ്രിയപ്പെട്ട കാമുകന്‍ ബാക്കിവെച്ചത് …..ആകപാടെ കുറച്ചു ബോധം മാത്രം കൈമുതലായുള്ള ബാലു അതും കെട്ടു മലര്‍ന്നടിച്ചുവീണു. ആ അലര്‍ച്ച കേട്ട്,നാളത്തെ സദ്യയും സ്വപ്നം കണ്ടു കിടന്നുറങ്ങിയിരുന്ന ഞങ്ങള്‍ കാലടിക്കാര്‍ മുഴുവനുമെണ്ണീച്ചു

രാവിലെ അവന്‍റെ കുഞ്ഞു ബോധം തെളിഞ്ഞപ്പോള്‍,ആ ഞെട്ടിക്കുന്ന സത്യം  അവന്റെ നെഞ്ചിലേക്ക് ഞാന്‍ ചൂടോടെ കോരി ഒഴിച്ചു
“അത് നിന്‍റെ കാമുകിയായിരുന്നടാ……അശ്വതി ….
അവള് എടപാളിലെ ഒട്ടോര്‍ഷക്കാരന്‍ മധുന്‍റെ  ഒപ്പം ഒളിച്ചോടാനുള്ള പോക്കായിരുന്നടാ….എന്തായാലും നീ കാരണം എല്ലാരുമറിഞ്ഞു, അവളെ പിടിച്ചു കൊണ്ടുവരികയും ചെയ്തു .
നിന്‍റെ പ്രേമും , അവരുടെ പ്രേമവും ഇപ്പൊ കാലടിക്കാര് മുഴുവനുമറിഞ്ഞു …
നീറ്റു വാ  കല്യാണത്തിന് പോണ്ടേ?...പാലടയല്ല പ്രഥമനാണ് എന്നൊരു ന്യൂസ്‌ കേട്ടു,  വാ .

വിഷയമവതിരിപ്പിച്ചത് കുറച്ചു കടന്നു പോയോ എന്തോ?…………അവന്‍ വല്ലാത്തൊരവസ്തയിലാണ്
ഉണ്ടാവാതിരിക്കോ ? അവന്റെ മാത്രമല്ലല്ലോ, മൂന്ന്‍ ഹൃദയങ്ങളുടെ സ്വപ്നങ്ങളല്ലേ ഇന്നലെ നാട്ടപാതിരാക്ക് കല്ലത്തായത് .ടൈലര്‍ ഹനീഫ, ബ്ലാക്കിനു ടിക്കറ്റെടുത്ത്, വിനയന്റെ അതിശയന്‍ കണ്ടിട്ടിരുന്ന പോലെയാണ്‌  അവന്‍ അട്ടത്തേക്കു നോക്കിയിരിക്കണത്.പാവം .

കരി ദിനം ആഘോഷിക്കാനൊന്നും മിനക്കിടാതെ, ആ വിവാദ വിവാഹം  വന്‍ വിജയമാക്കിതീര്‍ക്കാന്‍ ഞങ്ങളെല്ലാരും കുടുംബസമേതം പോയി  .ബാലുവിനും ഏതാണ്ട് കല്യാണചെക്കന്‍റെ അതേ പരിഗണയാണ്  ലഭിച്ചത്.കല്യാണ കമ്മിറ്റിക്കാര്‍ അവനെ സ്നേഹത്തോടെ സല്‍കരിച്ചു.അശ്വതിയുടെ അച്ഛന്‍ പരമേശ്വരേട്ടന്‍  കാണിച്ച ആതിഥ്യ മര്യാദയും സ്നേഹവും ഈ അവസരത്തില്‍ ഞാന്‍ എടുത്തുപറയുന്നു .


കേട്ട ന്യൂസ്‌ ശരിയായിരുന്നു. പ്രഥമന്‍ തന്നെയായിരുന്നു പായസം .അതു മത്സരിച്ചുകുടിക്കുംമ്പോഴാണ്‌ മാന്തളിന്റെ ഈ  'ഏന്‍ഡ് പഞ്ച്';
"ന്നാലും  ഇയ്  പറഞ്ഞതെല്ലാം അക്ഷരം പ്രതി ശരിയായല്ലോ ……
കല്യാണതലേന്നത്തെ പ്രണയാഭ്യര്‍ത്ഥന ഓളിലുണ്ടാക്കിയ അമ്പരപ്പ് , ലോകത്ത് ഇന്നേവരെ ഒരു പെണ്‍കുട്ടിയും അനുഭവിച്ചിട്ടില്ലാത്ത നിസ്സഹായാവസ്ഥ ,   താലിക്കുവേണ്ടി തലനീട്ടുംമ്പോഴും അന്നെത്തന്നെ നോക്കികൊണ്ടിരുന്ന  കണ്ണുകള്‍ ….എല്ലാം!!


http://deepupradeep.blogspot.com/2010/09/blog-post.html


Author

ദീപുപ്രദീപ്

കുറെയേറെ ഭ്രാന്തന്‍ ചിന്തകള്‍ കൊണ്ടുനടക്കുന്ന , ഓരോ ദിവസവും ഓരോരോ സ്വപ്‌നങ്ങള്‍ കാണാനിഷ്ടപെടുന്ന ഒരു സാഡിസ്റ്റ് . ഞാനെന്താണെന്നു എനിക്ക് തന്നെ ചിലപ്പോള്‍ പറയാന്‍ പറ്റില്ല,കാരണം ഞാന്‍ എന്നിലെ എന്നെ തന്നെയാണ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്
പക്ഷെ ഞാന്‍ ഏറ്റവും കൂടുതല്‍ എഴുതിയിട്ടുള്ളത് എന്നെക്കുറിച്ച് തന്നെയാണ് .
…..Spread the Love Black_Twitter_Bird

Follow Me on facebook!

Related Posts Plugin for WordPress, Blogger...
facebook അംഗത്വം ഉള്ളവര്‍ക്ക് "Add a comment" ക്ലിക്ക് ചെയ്തു അഭിപ്രായം രേഖപ്പെടുത്താം ... താഴെ