• ആമുഖം

  ബ്ലോഗ്ഗെര്മാര്‍ക്ക് എല്ലാ വിധ വേര്‍തിരിവുകള്‍ക്കും അപ്പുറം മലയാളത്തില്‍ ബ്ലോഗ്‌ എഴുതുന്നു എന്ന ഒരു പൊതു കാര്യം മുന്‍ നിര്‍ത്തി അല്‍പ സമയം സൗഹൃദം പങ്കിടുവാനും ,പരിചയപ്പ്പെടുവാനും , ബ്ലോഗുകള്‍ പരിചയപ്പെടുതുവാനും, ബ്ലോഗുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും വേണ്ടി രൂപീകരിക്കപ്പെട്ട ഒരു ഫേസ്ബുക്ക് ഗ്രൂപ്പാണ് മലയാളം ബ്ലോഗേര്‍സ് എന്ന ഗ്രൂപ്‌ ..

 • മലയാളം ബ്ലോഗേര്‍സ് -നിയമാവലി

  2) എല്ലാ വ്യത്യാസങ്ങള്‍ക്കും അപ്പുറം സാധ്യമാകുന്ന മേഖലകളിലെല്ലാം മലയാളി ബ്ലോഗര്‍മാര്‍ക്ക് ഒരുമിച്ചു സൗഹൃദം പങ്കിടാന്‍ വേദിയൊരുക്കുക ,പുതിയ ബ്ലോഗര്‍മാരെ പ്രോത്സാഹിപ്പിക്കുക, എന്നിവയൊക്കെയാണ് ഈ ഗ്രൂപ്പിന്‍റെ ലക്ഷ്യം.

 • മലയാളം ബ്ലോഗേഴ്സ് ഫേസ്ബുക്ക് ഗ്രൂപ്‌ ലോഗോ

  മലയാളം ബ്ലോഗേഴ്സ് ഫേസ്ബുക്ക് ഗ്രൂപ്‌ ലോഗോ അംഗങ്ങളുടെ ബ്ലോഗില്‍ നല്‍കുവാന്‍ ഇവിടെ നല്‍കിയിട്ടുള്ള കോഡ് തങ്ങളുടെ ബ്ലോഗിന്റെ സൈഡില്‍ ഒരു HTML/javascript Gadget ഉപയോഗിച്ച് നല്‍കാം

 • ബ്ലോഗേഴ്സ് ചാറ്റ്

  ' മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് '- ഇലെ ' ബ്ലോഗേഴ്സ് ചാറ്റ് ' എന്ന പ്രോഗ്രാമ്മില്‍ ഇത് വരെ നടന്ന ചാറ്റുകള്‍ ഒരുമിച്ചു ഇവിടെ വായിക്കാം ..

 • അംഗങ്ങളുടെ ബ്ലോഗുകള്‍

  മലയാളം ബ്ലോഗേഴ്സ് ഫേസ്ബുക്ക് ഗ്രൂപ്പിലെ അംഗങ്ങളുടെ ബ്ലോഗുകളാണ് ഇവിടെ നല്‍കിയിട്ടുള്ളത് ... വിവിധ ഇനങ്ങളിലായി നല്‍കിയിട്ടുള്ള ഈ ബ്ലോഗുകള്‍

"മ സൌഹൃദ സംഗമം "

                                                       മലയാളം ബ്ലോഗ്ഗേര്‍സിന്റെ ഫേസ് ബുക്ക്‌ കൂട്ടായ്മയായ "മലയാളം ബ്ലോഗേഴ്സ് ഗ്രൂപി" ന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് ,  മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ്  U.A.E. ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ഗ്രൂപ്പ് അംഗങ്ങളുടെ സൌഹൃദ കൂട്ടായ്മ     "മ സൌഹൃദ സംഗമം"  എന്ന പേരില്‍ 2011 നവംബര്‍ 25  നു   ദുബായ് "മമ്സാര്‍" പാര്‍ക്കില്‍ സംഘടിപ്പിക്കുന്നു. രാവിലെ 9.30 നു  ഔപചാരികത ഒന്നുമില്ലാതെ ആരംഭിക്കുന്ന ഈ സംഗമം വൈകിട്ട്  5 മണി വരെ നീളുന്നതാണ്. ഒരു സൈന്‍ഔട്ടിനു അപ്പുറത്തേയ്ക്ക്  സൌഹൃദം  ഊട്ടിയുറപ്പിക്കാന്‍ ലകഷ്യമിടുന്ന ഈ സംഗമത്തില്‍ മലയാളം ബ്ലോഗേഴ്സ് ഗ്രൂപിലെ മെമ്പര്‍മാരും കുടുംബങ്ങളും അടുത്ത സുഹുര്‍ത്തുക്കളും പങ്കെടുക്കുന്നു.  ഈ സംഗമത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പങ്കടുക്കുന്ന കുടുംബ അംഗങ്ങളുടെ   എണ്ണവും മൊബൈല്‍ നമ്പറും സഹിതം    ഈ പോസ്റ്റിന്റെ കമെന്റ് ബോക്സില്‍ വിവരം അറിയിക്കേണ്ടതാണ്..


-------------------------------------
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ഇസ്മായില്‍ ചെമ്മാട് :   055 9504052
ഷബീര്‍ (തിരിചിലാന്‍ ):  055 9902247
അനില്‍ കുമാര്‍ .സി. പി: 050 6212325
റഷീദ് പുന്നശ്ശേരി :         055 9449901

സ്വതന്ത്ര്യ ദിനം - ഒരു ചെറിയ ഓർമകുറിപ്പു

സ്വതന്ത്ര്യം പലർക്കും പലതാണല്ലൊ?, വയസ്സറിയിക്കലും പ്രസവവും ആണുങ്ങളും ചെയ്യണം എന്നു പോലും പറയുന്ന ഫെമിനിസ്സ്റ്റുകളുടെ സ്ത്രീ സ്വാതന്ത്ര്യം. “റെയിഡ്” നടത്തുന്ന കാര്യം മുൻകൂട്ടി റിപ്പോർട്ട് ചെയ്യാൻ അനുവദിക്കണം എന്നു പറയുന്ന പത്ര സ്വാതന്ത്യം, എല്ലാവർക്കും ഓരൊ ദിനങ്ങളും ഉണ്ട്. സ്ത്രീ സ്വതന്ത്ര്യ ദിനം, പത്ര സ്വാതന്ത്ര്യ ദിനം അങ്ങനെ അങ്ങനെ. ഇതിനടയില്‍ ഇന്ത്യ എന്ന മഹാരജ്യത്തിനും സ്വാതന്ത്ര്യം കിട്ടി എന്ന് ഓര്മ പെടുത്താന്‍ ഒരു വെറും സ്വാതന്ത്ര്യ ദിനം. "INDIAN INDEPENDENCE DAY". തുണില്‍ കെട്ടിയ കയറില്‍ പൊന്തിച്ചു കയറ്റുന്ന ഇന്ത്യന്‍ പതാകക്കു പാറി പറക്കാന്‍ അനുവാദം കിട്ടിയിട്ടുള്ള കുറച്ചു ദിനങ്ങളില്‍ ഒന്ന്. മറ്റു ദിവസങ്ങളില്‍ പതാകയെ മടക്കി ഒരു കവറില്‍ എടുത്തു വയ്ക്കും

ഈ സ്വാതന്ത്ര്യ ദിനം കടന്നു പോകുമ്പോള്‍ നെഹ്‌റു എന്ന ദീര്‍ഘ ദര്‍ശി ആയ ഭരണാധികാരിയുടെ സ്വാതന്ത്ര്യ ഇന്ത്യയില്‍ ആവിഷ്കരിച്ച ബ്രിഹത് പദ്ധധികളില്‍ ഒന്നായ 15 IIT കളില്‍ ഒന്നില്‍, IIT മദ്രാസില്‍ ആണ് ഞാന്‍.


6000ല്‍ അധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന കാമ്പസ്. മൂന്ന് ദിവസത്തെ അവധിക്കു പോയ പരമാവധി 2000 പേര്‍ ഒഴിച്ചാല്‍ 4000ല് അധികം വിദ്യാര്‍ഥികള്‍. അട്മിനിസ്ട്രെടിവ് ബ്ലോക്കിന്റെ മുന്നില്‍ കെട്ടിയ ചെറിയ പന്തലില്‍ നിറയാന്‍ പോലും ആളില്ലാതെ അകെ 5000ല്‍ താഴെ പേര്‍.

പതാക ഉയര്‍ത്തിയതിനു ശേഷം ഉള്ള പ്രസംഗം കേട്ട് കൊണ്ടിരിക്കുംബോലാണ് എന്റെ ചെറുപ്പത്തിലെ ചില സ്വാതന്ത്ര്യ ദിന ഓര്‍മ്മകള്‍ മനസിലേക്ക് വന്നത്
ചെറുപ്പം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഉനിഫോര്മിന്റെ അവര്‍തന വിരസതയിലും, "ഹോളി ഫെയിത്ത്" പാടപുസ്തകങ്ങളുടെ ചട്ട കുടിലും കഴിഞ്ഞു പോയി. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഗവ: സ്കൂളില്‍ പഠിക്കാത്തത് ഒരു വലിയ പോരായ്മ ആയിട്ടാണ് എനിക്ക് തോനുനത്

സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് ഓട്ടോറിക്ഷ വരില്ല. അദ്ദേഹത്തിനും അന്ന് സ്വാതന്ത്ര്യം ആണന്നു. "വൈദ്യന്‍ കല്‍പ്പിച്ചതും പാല് " എന്ന് പറഞ്ഞ പോലെ നടന്നു പോകണം സ്കൂളിലേക്ക്. രണ്ടു കിലോമീറ്ററില്‍ അധികം ഉണ്ട് നടക്കാന്‍, എന്നാലും രഞ്ജിതേട്ടന്റെയും രജിത ചേചിയുടെയും കൂടെ നടക്കും. കാരണം എന്തെന്നല്ലെ?, വഴിയരികിൽ പല ഭാഗങളിൽ വിവിധ Arts clubകളും കടക്കാരും തരുന്ന പലതരം മിഠായികൾ തന്നെ. എറ്റവുമൊടുവിൽ സ്കൂളിൽ നിന്നും കിട്ടുന്ന മിഠായിയും. എതാണ്ടു 6 സ്ഥലങ്ങളിൽ നിന്നു തീർച്ചയായും മിഠായി കിട്ടും. അപ്പോൾ 6 മിഠായി. എന്നും അച്ച്ൻ കൊണ്ടു വന്നിരുന്നതും, ഇടകു ഞാൻ തന്നെ പോയി വാങ്ങിയതും ഒക്കെ മിഠായി ആണ്. എങ്കിലും ഈ 6 മിഠായികൾക്കു പ്രിത്യേക മധുരം ആണ്.
50ആം സ്വതന്ത്ര്യ ദിനത്തിന്റെ അന്നു പൊയപ്പോളാണു എറ്റവും അധികം സന്തോഷം തോന്നിയതു. അന്നു പതിവിലും അധികം സ്ഥലങളിൽ നിന്ന് മിഠായി കിട്ടി, കൂടാതെ പതാകയുടെ നിറത്തിലുള്ള കേക്കും ലഡ്ഡുവും. സ്ക്കൂളിലും അന്നു ലഡ്ഡു ആയിരുന്നു. രജിതേചിയുടെ 2 മിഠായിയെന്കിലും എനിക്കുള്ളതാണ്.
മിഠായികളോടുള്ള കൌതുകം മാറിയതോടു കൂടി സ്വതന്ത്ര ദിനം എന്നതു ഒരു സ്വതന്ത്ര്യ ദിനം തന്നെ ആയി. 9അം ക്ലാസ് പടിക്കുംബോളാണ് അവസാനമായി പതാക് ഉയർത്തൽ ചടങ്ങിനു സ്കൂളിൽ പൊകുന്നതു. അന്നു എന്റെ അനിയനു കൊടുത്തു എന്റെ എല്ല മിഠായികളും കോളെജിന്റെ വാതിലു കടന്നു പൊയതു ജീവിതത്തിന്റെ സ്വതന്ത്ര്യത്തിലേക്കയപ്പോൾ സ്വതന്ത്ര്യ ദിനം എന്നതു ഒരു പ്രിത്യേക ദിനമായി കാണാൻ പറ്റിയില്ല. വീട്ടിൽ പോയി നല്ല ഭക്ഷണം കഴിക്കാ‍നുള്ള ഒരു നല്ല അവധി ദിനം ആയിരുന്നു ആഗസ്റ്റ് 15.

എതെങ്കിലും വെള്ളചാട്ടത്തിന്റെ അരികിലോ, പച്ചപ്പു നിറഞ്ഞ മലനിരകളിലോ പ്രണയിനിയുടെ കൈ കോർത്തു പിടിചു പ്രക്രിതി ഭംഗി ആസ്വദിക്കുംബോൾ അല്ലെങ്കിൽ കൂട്ടുകാരോടൊത്തു ഒരു ഫോട്ടൊയ്ക്കു പോസ് ചെയ്യുംബോൾ അതു നോക്കി “WHAT A LOVELY PLACE YAAR” എന്നു പറയുംബോൾ മാ‍ത്രം തികട്ടി വരുന്ന പ്രക്രിതി സ്നേഹം പോലെയാണ് മെസ്സേജ് ഓഫർ അന്നില്ലാത്തതിനാൽ തലേ ദിവസ്ം ആരിൽ നിന്നോ കിട്ടിയ “ADVANCED INDEPENDENCE DAY WISHES” ഗ്രൂപ്പ് എസ്.എം.എസ് ചെയ്യുന്നവന്റെ ദേശസ്നേഹം. “google image search” ചെയ്തു കിട്ടിയ ഒരു നിശ്ചലമായ പതാ‍ക തന്റെ ഫെയിസ്ബുക്ക് വാളിൽ ഇട്ട് അതിന്റെ അടിയിൽ “indpndnce day wishes” എന്നു കമ്മന്റ് എഴുതുന്നവന്റെ ദേശസ്നേഹം.
പത്രങളുടെ മുൻപേജിൽ ഇടതു ഭാഗത്തു പതാകയുടെ പ്രതലത്തിൽ ഒരു ചിത്രവും വായന്കാർക്കു സ്വതന്ത്ര്യ ദിനാശംസകൾ നേരുന്ന അടിക്കുറിപ്പും, റെഡ് ഫൊർട്ടിൽ തന്റെ കടമ നിർവഹിക്കാൻ പതാക ഉയർത്തി തന്റെ P.A എഴുതി തയാറാക്കിയ സ്വതന്ത്ര്യ ദിന സന്ദേശവും പറയുന്ന പ്ര്ധാന മന്ത്രി. ഇങനെ ഓരോ സ്വന്തന്ത്ര്യ ദിനങളും കട്ന്നു പോകും.
സ്വതന്ത്ര്യം ലഭിചതു ഇനിയും എല്ല കൊല്ലവും ഓർമിക്കണ്ട കാര്യമുണ്ടൊ എന്നു ചോദിക്കുന്ന ഒരു തലമുറയിലേക്കാണോ നമ്മൾ വളർന്നു വരുന്നതു.??
Author

സിവില്‍ എഞ്ചിനീയര്‍

അത് അത്രക്കൊന്നും പറയാനില്ല ഒരു ബി.ടെക് കാരന്‍, സിവില്‍ എഞ്ചിനീയറിംഗ് ആണ് പഠിച്ചത് അഹങ്കാരം ഒന്നുമില്ല, അഹങ്കരിക്കാനുള്ള കോപ്പുമില്ല , എങ്ങിനിയര്‍മാരെ മുട്ടിയിട്ടു നടക്കാന്‍ പറ്റാത്ത അവസ്ഥയല്ലേ അതോണ്ട് ഒരു എം. ടെക് എടുക്കണം എന്ന് കരുതിയിരിക്യാ Spread the Love Black_Twitter_Bird

Follow Me on facebook!

ബാല്യകാലസഖി

.


ബാല്യകാലസഖി

ഇന്നലെയെന്നോണമോര്‍ക്കുന്നു ഞാന്‍
നമ്മളന്നാദ്യമായ്‌ കണ്ടനാള്‍
പട്ടുപാവാടയിട്ടുഷസെന്നപോല്‍
ഓത്തുപള്ളിയിലന്നു നീ വന്നതും
ഹുസ്നുല്‍ ജമാലെന്നു ഞാന്‍ കളിയായ്‌ വിളിച്ചതും
കാര്യമറിയാതെ നീ കരഞ്ഞതും
ഉസ്താദിന്‍ ചൂരലെന്‍ കുഞ്ഞു
കൈകളില്‍ ചിത്രം വരച്ചതും
അതു കാണെ,
നിൻ ചുണ്ടിലെ ചിരിവെയിൽ മാഞ്ഞതും
ഇന്നലെയെന്നോണമോർക്കുന്നു ഞാൻ


ഓത്തുപള്ളിയിൽ നിനക്കായ്, നെല്ലിയ്ക്ക
കട്ടെടുത്തു ഞാൻ കൊണ്ടുവന്നതും
നിന്റെ മയിൽപ്പീലി പെറ്റ കുഞ്ഞിനെ
നീയെനിയ്ക്കു പകരമായ് തന്നതും
കണ്ണിമാങ്ങ കണ്ടു നീ കൊതിയ്ക്കെ
മാവിൽ വലിഞ്ഞുകയറി ഞാൻ
മാങ്ങപറിച്ചു തന്നതും
താഴെവന്നപ്പോഴുറുമ്പു കടിയേറ്റു
നിന്റെ ചുണ്ടുപോൽ ചോന്നതു-
മതുകണ്ടു നിൻ മിഴികൾ നനഞ്ഞതും
ഇന്നലെയെന്നോണമോർക്കുന്നു ഞാൻ

ചാറ്റല്‍ മഴയത്ത് പാടവരമ്പിലൂടന്ന്‍
കൈപിടിച്ചൊന്നിച്ചു നമ്മള്‍ നടന്നനാൾ
കാറ്റ് നിന്‍ കസവുതട്ടം തട്ടിപ്പറിച്ചതും
കൂടെ ഞാന്‍ മഴനനഞ്ഞോടിപ്പിടിച്ചതും
അതു കാണ്‍കെ നിന്‍ മുഖത്ത്
പുഞ്ചിരി നിലാവായുദിച്ചതും
ചൊടിയില്‍ നുണക്കുഴി ചുഴികള്‍ തീര്‍ത്തതും
ഇന്നലെയെന്നോണമോര്‍ക്കുന്നു ഞാന്‍ ....

മാരനായ്‌ വന്നു ഞാന്‍ നിന്നെ
കളിയായ്‌ മിന്നു കെട്ടിയതു,മന്നു
നീയെൻ മണവാട്ടിയായ് ചമഞ്ഞതും
നമ്മളന്നു മണ്ണപ്പം ചുട്ടതു-
മഛനുമമ്മയും കളിച്ചതും
കുഞ്ഞുമക്കൾക്ക് നീ അമ്മിഞ്ഞ കൊടുത്തതും
ഉറക്കാന്‍ താരാട്ടുപാടിയതും
ഇന്നലെയെന്നോണമോര്‍ക്കുന്നു ഞാന്‍ ....

പാടത്തിനക്കരെ കൈത്തോട്ടിൽ ഞാൻ ചാടിക്കുളിച്ചതും
കരയിൽ നീ നിന്നു കൈകൊട്ടിച്ചിരിച്ചതും
പിന്നെ ഞാൻ നിന്നെ നീന്താൻ പഠിപ്പിച്ചതു-
മൊഴുക്കു പേടിച്ചു നീയെന്നെ
കെട്ടിപ്പിടിച്ചു കരഞ്ഞതും
നിന്റെ മാറിലെ കുഞ്ഞുമിഴികൾ ഞാൻ കണ്ടതും
നാണിച്ചു നീ ചുവന്നു പഴുത്തതും
പിന്നെയെൻ കണ്ണു നീ പൊത്തിക്കളഞ്ഞതും
ഇന്നലെയെന്നോണമോർക്കുന്നു ഞാൻ

ഇടയിലെപ്പൊഴോ നമ്മൾ വളർന്നതും
കാലം നമ്മുടെ കളിപ്പന്തൽ തകർത്തതും
നിസ്സഹായരായ് നാം നോക്കിനിന്നതും
കളിമാറാതെ നീ മണവാട്ടിയായതും
എന്റെ നെഞ്ചിലൂടെന്നപോൽ
നിൻ പുതുക്കം പോയതും
യാത്ര പറയവെ,
നിൻ മിഴികളരുവിയായ് തീർന്നതും
ഇന്നലെയെന്നോണമോർക്കുന്നു ഞാൻ...

ഇടയ്ക്കു തിരിഞ്ഞുതിരിഞ്ഞുനോക്കി
മിഴിനീരുണങ്ങാത്ത നിൻ മുഖം
മഞ്ഞുപോൽ മാഞ്ഞതിന്നു-
മെന്നുമോർക്കുന്നു ഞാൻ...

ഓണക്കാലം


പൂത്താലാമേന്തിയ കുപ്പിവള കൈകളും
പൂക്കുട ചൂടിയ വെണ്‍ താരകങ്ങളും
പാതിര നേരത്തില്‍ അലിഞ്ഞ് പോയി
ദൂരേക് ദൂരേക് പോയി മറഞ്ഞു ,

ചവര്‍പ്പ്


ഈ ലോകത്തില്‍ എല്ലാം കയ്പ് കലര്‍ന്ന കപട രുചികളും
ചാരം പടര്‍ന്ന നിറങ്ങളുമാണ് ചുറ്റിലും

തുടര്‍ന്ന് വായിക്കുക

ശ്രീപത്മനാഭ ബമ്പര്‍ ലോട്ടറി അഥവാ കയ്യാല പുറത്തെ തേങ്ങ!!!

നമ്മുടെ തിരോന്തരത്തെ ശ്രീപത്മനാഭ ക്ഷേത്രം ലോക ശ്രദ്ധ ആകര്‍ഷിച്ചിട്ട് കുറച്ചു ദിവസമായി.. ഒന്നും രണ്ടുമല്ല ഏതാണ്ട് ഒരു ലക്ഷം കോടിയുടെ മൊതലാണ് പപ്പന്‍ ദൈവത്തിന്റെ  നിലവറയില്‍ ഒളിച്ചു വച്ച നിലയില്‍ കാണപ്പെട്ടത്. ഇമ്മിണി വല്ല്യേ ക്ഷേത്രത്തിന്റെ  നിലവറയില്‍ ഇത്രമാത്രം സ്വത്തുവഹകള്‍ ഉണ്ടാകുമെന്നത് സാക്ഷാല്‍ ശ്രീപത്മനാഭന്‍ പോലും അറിഞ്ഞു കാണാനിടയില്ല. നിധികുംഭത്തിന്റെ പ്രൌഡികണ്ടു കണ്ണ് മഞ്ഞളിച്ച അഖില ലോക മലയാളീസും ഇപ്പൊ പത്മനാഭന്‍ ഫാന്‍സ്‌ ആയിമാറിയിരിക്കുകയാണ്.  കാവി ഉടുത്തു കാശിക്ക് പോയവനും കറുപ്പ് ഉടുത്ത് ശബരിമലക്ക് പോയവനുമൊക്കെ ഇപ്പൊ തിരുവനന്തപുരത്തെക്ക് ടിക്കറ്റ്‌ എടുക്കാന്‍ ഓടുകയാണ്. ഇങ്ങനെ ഭക്തി മൂത്താല്‍ അനന്തപുരിയില്‍ ഖദര്‍ധാരികളെക്കാളും കൂടുതല്‍ കാഷായധാരികള്‍ ആകുമെന്നുറപ്പ്!!! എവിടെ എങ്കിലും തെന്നി വീഴുമ്പോ അയ്യപ്പാ, ഗുരുവായൂരപ്പാ എന്നൊക്കെ വിളിച്ചിരുന്നവര്‍ വരെ അത് മാറ്റി "ശ്രീപത്മനാഭാ" എന്നാക്കി എന്നും കേള്‍ക്കുന്നു. എല്ലാം നിധി കൊണ്ട് വന്ന ഐശ്വര്യം ആണ്.  നിധിയില്‍ തൊട്ടാല്‍ തൊട്ടവനെ തട്ടും എന്നുറപ്പിച്ചാണ് ഫാന്‍സ്‌ നില്‍ക്കുന്നത്. അതിന്റെ ഒരു സാമ്പിള്‍ വെടിക്കെട്ട്‌ പാവം കലാനാഥന്‍ മാസ്റ്ററുടെ നെഞ്ചത്തോട്ട് കാണിക്കുകയും ചെയ്തു.               

                       എന്തൊക്കെ ബഹളമായിരുന്നു? നിധി അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണം, പാവങ്ങള്‍ക്ക് വിതരണം ചെയ്യണം, ട്രുസ്റ്റുണ്ടാക്കണം, ആരോഗ്യ ഇന്‍ഷൂറന്‍സ് നടപ്പാക്കണം, നഷ്ടത്തിലോടുന്ന അമ്പലങ്ങളിലെ ദൈവങ്ങളെ സഹായിക്കണം...    നിധിയുടെ വലുപ്പം അറിഞ്ഞപാട് അറിയാത്ത പാട് തുടങ്ങിയതാണ്‌ ബൂലോകത്തും ഭൂലോകത്തും അവകാശ തര്‍ക്കങ്ങളും വീതം വെക്കലുകളും. ഒടുവില്‍ എല്ലാത്തിനും തുടക്കമിട്ട കോടതി തന്നെ ഇടപെട്ട് ഏതാണ്ട് ഒക്കെ ഒന്ന് ഹലാലാക്കിയിട്ടുണ്ട്.

                        ഇത്ര മാത്രം സമ്പത്ത് മുന്നില്‍ കാണുമ്പോള്‍ ഉണ്ടാകുന്ന ആദ്യത്തെ ഒരു അന്ധാളിപ്പില്‍ നിന്നും ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിടുണ്ട്. അത് കൊണ്ട് ഇനി കുറച്ചു കൂടി ഗൌരവമായി കാര്യങ്ങളെ കാണേണ്ടിയിരിക്കുന്നു.  ഈ സ്വത്തു എന്ത് ചെയ്യണം എന്ന് തീരുമാനിക്കും മുന്‍പ് സ്വത്തിന്റെ അവകാശതര്‍ക്കം ആദ്യം പരിഹരിക്കേണ്ടിയിരിക്കുന്നു.                                                        

                      
                        സ്വത്തുക്കള്‍ ശ്രീപത്മനാഭന്റെ ആണെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. അത് കൊണ്ട് തന്നെ അത് കൈവശപ്പെടുത്താന്‍ പാടില്ലെന്നും അവിടെ തന്നെ സൂക്ഷിക്കണമെന്നുമാണ് വാദം. ശ്രീപത്മനാഭന്റെ എന്ന് പറയുമ്പോള്‍ ദൈവം സ്വര്‍ഗത്തില്‍ നിന്നും ഇറക്കുമതി ചെയ്തിട്ട് നിത്യ ചെലവിനു വേണ്ടി സൂക്ഷിച്ചു വച്ചത് എന്നൊന്നും അര്‍ത്ഥമില്ലെന്ന് കരുതുന്നു. ശ്രീപത്മനാഭന് അര്‍പ്പിക്കപ്പെട്ടത്‌ എന്ന് വേണേല്‍ പറയാം. എന്നാല്‍ ആ വാദം ഉയരുന്നത് ഒരു വലിയ നുണയില്‍ നിന്നുമാണ്.  ദൈവദര്‍ശനം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍  "രാജകുടുംബത്തിന്റെ സ്വത്തുക്കള്‍ മാത്രമല്ല രാജ്യം തന്നെ ശ്രീപത്മനാഭനു സമര്‍പ്പിക്കുകയാണ് എന്നും സ്വയം പത്മനാഭദാസന്‍ ആയി അവിടുത്തേക്ക് വേണ്ടി ഒരു പ്രതിനിധി എന്ന നിലയില്‍ മാത്രം രാജ്യം ഭരിക്കാന്‍ ആണ് തീരുമാനം" എന്ന് അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവ് അരുളി ചെയ്തതിന്റെ പിന്നില്‍ പത്മനാഭ ഭക്തിയല്ല, മറിച്ച് ചാണക്യനെ വെല്ലുന്ന രാജ്യ തന്ത്രമാണ് കാണാനാകുക.വൈദേശിക അക്രമികളും അയല്‍ രാജാക്കന്മാരും പോരാതെ പാളയത്തിലെ പടയുമെല്ലാം ഒറ്റയടിക്ക് നേരിട്ട് സ്വന്തം കിരീടവും സിംഹാസനവും കാത്തു സൂക്ഷിക്കാന്‍ വേണ്ടി ഒരു ചെറുകിട നാട്ടു രാജാവ് കാണിച്ച അതി വെളവ് എന്ന് തന്നെ പറയാം. സ്വത്തുക്കള്‍ എല്ലാം ദൈവത്തിന്റെ ആണെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ പിന്നെ രാജാവ് സേഫ് ആയി. രാജ്യത്തിന്റെ ശത്രുക്കള്‍ അതോടെ ദൈവത്തിന്റെ ശത്രുക്കളാകും. വിവരമില്ലാത്ത ജനങ്ങള്‍ തനിക്കു പിന്നില്‍ ആനി ചേരും. രാജ്യവും സ്വത്തും സംരക്ഷിക്കപ്പെടും. അതായിരുന്നു മൂലം തിരുനാളിനെയും മാര്‍ത്താണ്ട വര്‍മ്മയും നയിച്ച വികാരം എന്നത് മനസ്സിലാക്കാന്‍ സാമാന്യ ബോധം ധാരാളം. 

                         അതായത് ഈ സ്വത്തുക്കള്‍ എല്ലാം രാജ കുടുംബത്തിന്റെ അഥവാ രാജ്യത്തിന്റെ ആണെന്ന് വ്യക്തം. നികുതിയായി പിരിചെടുത്തവയും കാലാ കാലമായി തുടരുന്ന യുദ്ധങ്ങളില്‍ പിടിചെടുത്തവയും എല്ലാം ആണ് ഈ സ്വത്തുക്കളില്‍ മുക്കാലും എന്നതാണ് ലഭ്യമായ രേഖകള്‍. വിദേശ രാജ്യങ്ങളിലെ നാണയങ്ങളും അവിടുന്നുള്ള സ്മാരകങ്ങളും ഉള്ളതിനാല്‍ രാജ്യം വിദേശ കച്ചവടക്കാരുമായി നടത്തിയ കച്ചവടങ്ങളുടെ ലാഭവിഹിതവും ആ സ്വത്തിന്റെ ഭാഗമാണെന്നു കാണാം. അതായത് രാജ്യത്തിന്റെ സ്വത്തു വിറ്റ് കാശാക്കിയതിന്റെ നീക്കിയിരുപ്പ്. ബന്ധം സ്ടാപിക്കുന്നതിന്റെ ഭാഗമായി വിദേശികള്‍ നല്‍കിയ വിലപിടിപ്പുള്ള ഉപഹാരങ്ങളും ഇതിന്റെ ഭാഗമാണ്. ഇത്തരത്തില്‍ വ്യക്തമായും രാജ്യത്തിന്റെ വകയാണ് ഈ സ്വത്തുക്കള്‍ എന്നത് തെളിയിക്കപ്പെടും. 
രാജ്യവും സ്വത്തുക്കളും ശ്രീപത്മനാഭന് സമര്‍പ്പിച്ചു എന്ന അടവ് നയത്തെ തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. സ്വത്തുക്കള്‍ യഥാര്‍ത്ഥത്തില്‍ തിരുവിതാംകൂര്‍ രാജ്യത്തിന്റെ ആണെന്നതം ആ നാട്ടു രാജ്യം ഇന്ത്യ രാജ്യത്തില്‍ ലയിക്കുകയും രാജാക്കന്മാരും കിരീടാവകാശികളും അടുത്തൂണ്‍ പറ്റുന്നുണ്ടെന്നും വസ്തുതയാണ്. നിയമാനുസൃതം രാജ്യത്തെ ജനാധിപത്യ സര്‍ക്കാരില്‍ വന്നു ചേരേണ്ടതാണ് ലയിക്കുന്ന നാട്ടുരാജ്യത്തിന്റെ സ്വത്തു വകകള്‍. ആ സ്ഥിതിക്ക് ഇപ്പോള്‍ കണ്ടെടുത്ത സ്വത്തു വകകള്‍ സര്‍ക്കാരിലേക്ക് കണ്ടു കെട്ടുകയോ എന്ത് ചെയ്യണമെന്നു സര്‍ക്കാര്‍ തീരുമാനിക്കുകയോ ചെയ്യുന്നത് ഒരു സാധാരണ നടപടിക്രമം മാത്രമാണ്. 

                              എന്നാലോ? കേരളമല്ലേ രാജ്യം? മലയാളീസ് അല്ലെ നമ്മള്‍? വിടുമോ? വിഷയം മല്ലൂസ് ഏറ്റെടുത്തു കഴിഞ്ഞു. ഇനി തര്‍ക്കമാകും, അടിയാകും, കല്ലേറാകും, കൈവെട്ടാകും, അവസാനം പവനായി ശവം തന്നെയാകും. ശ്രീപത്മനാഭാനും സ്വത്തുമൊക്കെ അവിടെ തന്നെ കിടക്കും. മലയാളി മലയാളിയുടെ പാട്ടിനു പോകും. 
                           
                      അപ്പൊ ഉടമസ്ഥാവകാശം ഏതാണ്ട് തീരുമാനമായി. ഇനി ഇതെല്ലാം കൂടി എന്ത് ചെയ്യണം എന്ന് ആലോചിക്കാം. ശ്രീപത്മനാഭന് എന്തായാലും സ്വത്തില്‍ താല്പര്യമുണ്ടാകാന്‍ വഴിയില്ല. അതുകൊണ്ട് ഇതെല്ലാം അവിടെത്തന്നെ തിരിച്ചു വയ്ക്കുന്നതില്‍ കാര്യമില്ല. സ്വത്തുക്കള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക തന്നെയാണ് വേണ്ടത്. എന്നിട്ടോ? 
അതാണ്‌ വലിയ ചോദ്യം. ഈ ലക്ഷം കോടി എന്നൊക്കെ മാധ്യമങ്ങള്‍ പടച്ചു വിടുന്നതല്ലാതെ കൃത്യമായ കണക്കുകള്‍ ഒന്നും വ്യക്തമല്ല. എന്തായാലും മൊത്തം മൂല്യം എ.രാജ ഉണ്ടാക്കിയ നഷ്ടത്തെക്കാള്‍ വലുതാണ്‌ എന്നതുറപ്പ്. കിട്ടിയ ഐറ്റംസ്ന്റെ കാലപ്പഴക്കവും കലാമൂല്യവും (!!!) ഒക്കെ കണക്കിലെടുക്കുമ്പോള്‍ സായിപ്പിന് കൊടുത്താല്‍ നല്ലോണം വില പേശി ഇതിന്റെ ഇരട്ടി ലാഭം ഉണ്ടാക്കാം. അവിടെയും രാജ ചെയ്ത പോലെ ആദ്യം വന്നവര്‍ക്ക് ഒന്നിച്ചങ്ങു വിളമ്പി സ്പെക്ട്രത്തില്‍ ചാടാതിരുന്നാ മതിയായിരുന്നു.

                           ഇനി പലരും ആ സ്വത്ത് ഉപയോഗിച്ച് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന അമ്പലങ്ങളെ ഉദ്ധരിക്കണം എന്നും പറയുന്നുണ്ട്. ഉദ്ധാരണശേഷി കുറഞ്ഞു പോയ ദൈവങ്ങള്‍ക്ക്  പണം കൊടുത്ത് ഉദ്ധാരണം ഉണ്ടാക്കേണ്ട ഗതികെടോര്‍ത്ത് അവരോടും ദൈവങ്ങളോടും പരിതപിക്കുകയല്ലാതെ ഒന്നും ചെയ്യാനില്ല. എന്നാലും അവര്‍ക്ക് നല്ല ഉദ്ധാരണം കൊടുക്കണേ എന്ന്  നല്ല ഉദ്ധാരണം ഉള്ള ദേവീ ദേവതകളോട് ഒരു കൂട്ട പ്രാര്‍ത്ഥന നടത്തുന്നതില്‍ തെറ്റില്ല..

                         ഒരു അഭിപ്രായം ഉള്ളത്  ഇപ്പോള്‍ കണ്ടെടുത്ത സ്വത്തുക്കള്‍ കിട്ടിയ സ്ഥലത്ത് തന്നെ തിരിച്ചു വക്കുകയും അതിനു അവിടെത്തന്നെ മതിയായ സുരക്ഷ  ഉറപ്പു വരുത്തുകയുമാണ്. ഒറ്റ നോട്ടത്തില്‍ തികച്ചും നിരുപദ്രവകരമായ നിര്‍ദേശം!!! പക്ഷെ അതിനു പിന്നിലെ വികാരം അത്ര നല്ലതല്ല. കാരണം  സ്വത്ത് ദേവന്റെതാണ് എന്നതും അതിനാല്‍ തന്നെ അത് ഹിന്ദു മതക്കാര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ് എന്ന വാദം ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. അത്തരം താല്പര്യങ്ങള്‍ ആണ് സ്വത്തിനെ തൊട്ടു നോക്കാതെ തിരികെ വക്കണം എന്ന് പറയുന്നവരെ നയിക്കുന്നത്.   ഈ സ്വത്തിന്റെ അവകാശം ഹിന്ദുക്കള്‍ക്ക് മാത്രമാണെന്ന് പോലും പറഞ്ഞു കളഞ്ഞ വര്‍ഗീയ മുഖങ്ങളെ നാം കണ്ടതാണ്.  വികസന പ്രവര്‍ത്തനങ്ങള്‍ ആയാലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആയാലും അത് മതം നോക്കി മാത്രമേ നടത്താവൂ എന്ന് പറഞ്ഞവനെയൊക്കെ എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞാല്‍ കൂടിപോകും.  സ്വത്തുക്കള്‍ ദേവന്റെതായത് എങ്ങനെയെന്നു നമ്മള്‍ തിരിച്ചറിഞ്ഞ സ്ഥിതിക്ക് എന്തായാലും ആ വാദത്തിനു നിലനില്‍പ്പില്ല.  പിന്നെ തിരുവിതാംകൂര്‍ രാജ്യം സ്ത്രീകളുടെ മുലക്ക് വരെ നികുതി ചുമത്തി ജനങ്ങളെ പിഴിയുമ്പോള്‍ ഉണ്ടാകാതിരുന്ന സമുദായ സ്നേഹം ഇപ്പോളും ഉണ്ടാകെണ്ടാതില്ല.  

                     പിന്നെ ഒരു നിര്‍ദേശം സ്വത്തുക്കള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു ഒരു ട്രസ്റ്റിനെ ഏല്‍പ്പിക്കുകയും ആ ട്രസ്റ്റ്‌ന്റെ അഭിമുഖ്യത്തില്‍ ജനോപകാരപ്രദമായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വേണമെന്നാണ്. തികച്ചും സ്വാഗതാര്‍ഹമായ ഒരു നിര്‍ദേശം ആണ് അതെന്നു പറയേണ്ടിയിരിക്കുന്നു. പ്രത്യേകിച്ചും ഇത്ര വലിയൊരു തുക ഉപയോഗിച്ച് പണം ഇല്ലാത്തതിന്റെ മാത്രം പേരില്‍ നടത്താനാകാത്ത ഒരു പാട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുമെന്നുറപ്പ്. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്, ജീവന്‍ രക്ഷ മരുന്നുകള്‍ക്ക് സബ്സിഡി, കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാ സഹായം, തുടങ്ങി ഒട്ടേറെ നല്ല പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിക്കും. ഓസിനു കിട്ടിയ മോതലാണെന്ന് കരുതി ഡെമോക്രസിയും ബ്യൂറോക്രസിയും  കൂടി കയ്യിട്ടുവാരി അലമ്പാക്കാതിരുന്നാല്‍ ലോക രാജ്യങ്ങള്‍ക്ക് തന്നെ മാതൃകയാക്കാവുന്ന പദ്ധതികള്‍ ആയിരിക്കും അതെല്ലാം. സാമ്പത്തികമാന്ദ്യത്തിന്റെയൊക്കെ ഈ കാലത്ത് ഒരു അന്യ സംസ്ഥാന ലോട്ടറി അടിച്ചെന്നു കൂട്ടിയാല്‍ മതി..
                           
                      എന്ന് കരുതി കിട്ടിയ സ്വത്തുക്കള്‍ മുഴുവന്‍ വിറ്റു കാശാക്കണം എന്ന് കരുതുന്നതും ശരിയല്ല. കാരണം ഈ ലക്ഷം കോടി എന്നൊക്കെ പറയുന്നുണ്ട് എങ്കിലും ഇതൊന്നും  ആയിരത്തിന്റെയും അഞ്ഞൂറിന്റെയും ഗാന്ധിത്തലകള്‍ അല്ല എന്നതും സത്യമാണ്.  സ്വര്‍ണനാണയങ്ങള്‍ മുതല്‍ ചെമ്പും തകിടും മുത്തും മാണിക്യവും വിഗ്രഹവും ആഭരണങ്ങളും എല്ലാം ഈ നിധിയുടെ ഭാഗമാണ്.   ഇതിന്റെയൊക്കെ ചരിത്ര പശ്ചാത്തലം കൂടെ നാം കണക്കിലെടുക്കണം. അങ്ങനെയാകുമ്പോള്‍ ഇതിന്റെ വിപണി മൂല്ല്യം മാത്രമല്ല കൂടുന്നത്, പുരാവസ്തു വിഭാഗത്തില്‍പെടുന്ന ഇവയുടെ സാംസ്കാരികമായും ചരിത്രപരമായുമുള്ള മൂല്യം അതിനേക്കാള്‍ കൂടുതലാണ്.  അതിനാല്‍ അത്തരം വസ്തുക്കള്‍ സൂക്ഷിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നത്തിനും ഉള്ള സൌകര്യങ്ങളും ഉറപ്പു വരുത്തേണ്ടതുണ്ട്. ഇതിനു വേണ്ടി ഒരു മ്യുസിയം നിര്‍മിക്കുകയും ചരിത്രത്തിന്റെ ഈ ശേഷിപ്പുകളെ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താനും നമുക്ക് സാധിക്കണം. ചരിത്ര മൂല്യമുള്ള വസ്തുക്കളെ അങ്ങനെയും വിപണി മൂല്യമുള്ള വസ്തുക്കളെ അങ്ങനെയും ഉപയോഗപ്പെടുത്താന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 

                       
                         ഇത്രയും വായിച്ചപ്പോ നിങ്ങള്‍ക്കുണ്ടായ ആ ഒരു ആശയകുഴപ്പം ഉണ്ടല്ലോ? അതിന്റെ ഇരട്ടിയാണ് ഇത് എഴുതുമ്പോ എനിക്കുണ്ടായതെന്നു പ്രത്യേകം പറയേണ്ടല്ലോ?. ഒന്നാമത് ഇത്ര വലിയ ഒരു തുകയൊക്കെ കേട്ടപ്പോ ഉണ്ടാകുന്ന കണ്ണ് മഞ്ഞളിപ്പില്‍ നിന്നാണ് ഈ ആശയ കുഴപ്പം ഉടലെടുക്കുന്നത്. അതോ ഇനി ശ്രീ പത്മനാഭന്‍ കണ്ടറിഞ്ഞു പണി തരുന്നതാണോ ആവോ !!!! എന്തായാലും സ്വത്തുക്കള്‍ അളന്നു തിട്ടപ്പെടുത്താന്‍ ഹര്‍ജി കൊടുത്ത് അഡ്വക്കേറ്റ് സുന്ദര്‍ രാജിന്റെ കയ്യില്‍ നിന്നൊക്കെ കാര്യങ്ങള്‍ കൈവിട്ട് പോയി. എന്തായാലും ഇത്ര കുഴഞ്ഞു മറിഞ്ഞ സ്ഥിതിക് ഇതില്‍ നീതി ഉറപ്പാക്കണം എങ്കില്‍ കോടതികള്‍ ഇടപെടുക തന്നെ വേണം. അതും കണ്ട ശുംഭന്മാര്‍ ഒന്നും പോര. ബാബറി മസ്ജിദ് പോലുള്ള ഇത്തരം തര്‍ക്ക വിഷയങ്ങളില്‍ വിധി പറഞ്ഞ് ചരിത്രം സൃഷ്‌ടിച്ച അലഹബാദ് ഹൈക്കോടതി തന്നെ വേണം. അതാകുമ്പോ ഇപ്പൊ കേസ് കൊടുത്ത സുന്ദരന്‍ വക്കീലിന്റെ കുട്ടീടെ കുട്ടീടെ കുട്ടി ഒക്കെ ആകുംപോളെക്കും ഒരു ഒന്നൊന്നര വിധിവരും. അതാകുമ്പോ നാട്ടുകാര്‍ക്കൊക്കെ  തൃപ്തിയാകും വിധത്തില്‍ ആ സ്വത്ത് അങ്ങ് വീതം വച്ചോളും. നായര്‍ക്കും നസ്രാണിക്കും എന്ന് വേണ്ട ഈ ബ്ലോഗ്‌ എഴുതിയ വകയില്‍ എനിക്കും കമന്റ്‌ എഴുതിയാല്‍ അവര്‍ക്കും ഒക്കെ കിട്ടും ഓരോ പങ്ക്. ആ സമയം നമുക്ക് ബാക്കി നിധികള്‍ എവിടൊക്കെ ആണ് ഉള്ളത് എന്ന് തപ്പാന്‍ തുടങ്ങാം... 

ലാസ്റ്റ് എഡിഷന്‍ : ഒരു എസ്എംഎസ് തമാശ- 
ശബരിമല അയ്യപ്പന് ഒരു ഫോണ്‍ കാള്‍ വന്നു ...

ഹലോ ആരാ ?
ഞാനാ പത്മനാഭന്‍
എന്താ അളിയാ?
എന്റെ എല്ലാം പോയളിയാ...
എന്തേലും ഉണ്ടേല്‍ വേഗം മാറ്റിക്കോ .... 


Read more: http://pathrakkaaran.blogspot.com/2011/07/blog-post.html#ixzz1UAw7wI1h
Author

Jithin Chandrababu

പേര് ജിതിന്‍. പട്ടാമ്പിക്കാരനാണ്. പുരോഗമനചിന്തയും ഇടതുപക്ഷ രാഷ്ട്രീയവും രാവിലത്തെ ഉറക്കവും വീക്ക്‌നെസ് ആണ്. ഇച്ചിരി വിദ്യാര്‍ഥിരാഷ്ട്രീയവും ചില്ലറ തരികിടകളുമായി ജീവിക്കുന്നു. പ്രൊഫഷനല്‍ ഡിഗ്രി കിട്ടാന്‍ പെടാപ്പാട് പെടുമ്പോളും പത്രപ്രവര്‍ത്തകന്‍ ആകാന്‍ പറ്റാത്തതിലുള്ള നഷ്ടബോധം ബൂലോകത്തെ പത്രക്കാരനായി തീര്‍ക്കുന്നു. നന്ദി നമസ്കാരം. . .Spread the Love Black_Twitter_Bird

Follow Me on facebook!

ജൂനിയര്‍‎ സ്റ്റാര്‍ സിംഗറും ഞാനും ..


"എന്‍റെ പടച്ചോനെ ..എന്‍റെ ഈ  ഒരു  ആഗ്രഹം നീ  നിറവേറ്റിതരണേ.."
മനസ്സ് നിറഞ്ഞ  പ്രാര്‍ത്ഥനയോടെ സ്റ്റാര്‍ സിംഗര്‍ ജൂനിയര്‍‎ പ്രോഗ്രാമിന്‍റെ  ഓഡിഷന്‍ ടെസ്റ്റ്‌ റൌണ്ട് നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് വലതു കാല്‍ വെച്ച്   കയറുമ്പോള്‍   കാലുകള്‍ക്ക് നേരിയ വിറയല്‍ അനുഭവപ്പെടുന്നുണ്ടെന്നു എനിക്ക് തോന്നി , വേദിയില്‍ ഇരിക്കുന്ന സുപ്രസിദ്ധ ഗായകര്‍ വേണു ഗോപാലേട്ടന്‍ , സുജാത ചേച്ചി , മാന്ത്രിക ലോകത്തെ വിസ്മയം മുതുകാട് അങ്കിള്‍ തുടങ്ങിയ പ്രമുകരുടെ നീണ്ട നിരകൂടി കണ്ടപ്പോള്‍ ചങ്കിടിപ്പിന്‍റെ സ്പീഡും മെച്ചപ്പെട്ടു ,
മത്സരത്തില്‍ പങ്കെടുക്കാനെത്തിയ എന്‍റെ സമപ്രായക്കാരായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും വ്യത്യസ്ഥ വേഷ ബൂഷാധികളോടെ  അവിടെ പലയിടങ്ങളിലായി സ്ഥലം പിടിച്ചിരുന്നു . ആകെ മൊത്തത്തില്‍ ഒരു അത്ഭുത ലോകം തന്നെയായായിരുന്നു.
രജിസ്ട്രേഷന്‍ കൌണ്ടറിലേക്ക് അനിമാമിയുടെ കൂടെ നടക്കുമ്പോള്‍ അവിടെ പാടാനുള്ള  എന്‍റെ ഇഷ്ട ഗാനത്തിന്‍റെ ഈണം മനസ്സില്‍ ഒരിക്കല്‍ കൂടി മൂളാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും  ഉള്ളിലെ ടെന്‍ഷന്‍ കാരണമാണെന്ന് തോന്നുന്നു  എവിടെയൊക്കെയോ ഒരു കൊളുത്തിപ്പിടുത്തവും ഉടക്കും അനുഭവപ്പെട്ടു  , എങ്കിലും ധൈര്യം വിടാതെ ഞാന്‍ കടിച്ചു പിടിച്ചു തന്നെ നിന്നു , പേരും അഡ്രസ്സും മറ്റു വിവരങ്ങളും അവിടെ കൊടുത്തപ്പോള്‍  അവര്‍ തന്ന അറുപത്തി ഒമ്പത് എന്ന നമ്പര്‍ എഴുതിയ ബാഡ്‌ജൂമായി ഞങ്ങള്‍ക്കുള്ള സീറ്റുകളില്‍ ഞാനും മാമിയും  സ്ഥാനം പിടിച്ചു , അനിമാമിക്ക് ഈ വക കാര്യങ്ങളിലൊക്കെ ഭയങ്കര എക്സ്പീരിയന്‍സ്‌ ഉള്ളപോലെയാണ് അവിടുത്തെ ഇടപെടലുകള്‍ കണ്ടപ്പോള്‍ എനിക്ക് തോന്നിയത് , അഞ്ചെട്ടു കൊല്ലം മാറി മാറി മൂന്നുനാല് മിക്സഡ്‌ കോളേജുകളില്‍ വെട്ടി വിലസി നടന്ന പാര്‍ട്ടിയല്ലേ കുറച്ചു തൊലിക്കട്ടിയൊക്കെ കണ്ടില്ലെങ്കിലല്ലേ അത്ഭുതത്തിനു വകുപ്പുള്ളൂ , വെറുതെയല്ല എന്‍റെ തായ്‌ കുലങ്ങള്‍ സോപ്പടിച്ചു അനിമാമിയെതന്നെ ഈ ദൌത്യം ഏല്‍പ്പിച്ചതെന്നു എനിക്കപ്പോള്‍  മനസ്സിലായി .

ഓഡിഷന്‍ ആരംഭിക്കുകയും , ഓരോരുത്തരായി ജഡ്ജസിന് മുന്നില്‍  തങ്ങളുടെ പരമാവധി കഴിവ് തെളിയിക്കുകയും ചെയ്തു കൊണ്ടിരുന്നു , എന്നെക്കാള്‍ നന്നായി പാടിയെന്ന് എനിക്ക് തോന്നിയ കുട്ടികള്‍ പോലും സെലക്ഷനാവാതെ പുറത്താവുന്നത് കണ്ടപ്പോള്‍  വിറതുടങ്ങിയ  എന്‍റെ കൈ തപ്പി തടഞ്ഞ് അറിയാതെ എത്തിപ്പെട്ടത് മാമീടെ മടിയില്‍ ഇരുന്ന  വെള്ളത്തിന്‍റെ ബോട്ടിലില്‍, അതെടുത്ത്  മൂന്ന് നാല് കവിള്‍ മട മടാന്നങ്ങു കുടിച്ചിട്ടും   ഉള്ളിലെ തായമ്പക മേളം  ഉച്ചസ്ഥായിലാവുന്നത് എനിക്ക് അറിയാന്‍ കഴിഞ്ഞു, അറുപതു പേരുടെ ടെസ്റ്റ്‌ കഴിഞ്ഞപ്പോള്‍ പ്രോഗ്രാമിലേക്ക് ഇന്‍ ആയത് വെറും പതിനാലെണ്ണം മാത്രം , അങ്ങിനെ തൊട്ടു മുന്നിലെ അറുപത്തിഎട്ടാം നമ്പറുകാരനും കൂടി  ഔട്ട്ആയപ്പോള്‍ എന്‍റെ സകല കണ്ട്രോളും  ഒരുപ്പോക്ക്പോയി ,  സംഭരിച്ചു വെച്ചിരുന്ന ധൈര്യത്തിനു മുല്ലപ്പെരിയാര്‍ അണകെട്ടിനേക്കാള്‍ ചോര്‍ച്ച കൂടിയ പോലെയായി, മാമി എന്തൊക്കെയോ പറഞ്ഞു ആശ്വസിപ്പിക്കുന്നുണ്ടായിരുന്നെങ്കിലും ഞാന്‍ അതൊന്നും കേട്ടില്ല , ചെവികളില്‍ ഈയ്യം ഉരുക്കി ഒഴിച്ച പോലെയായിരുന്നു  അവസ്ഥ.
പിന്നെ, യാന്ത്രികമായെന്നോണമാണ് ഞാന്‍ എന്‍റെ  ഊഴത്തിനൊത്ത്  ജഡ്ജസിനു മുന്നിലെത്തിയതും ചോര്‍ന്നു പോകാതെ എവിടെയോ  ബാക്കിനിന്ന ധൈര്യം മനസ്സിലേക്കാവാഹിച്ചെടുത്തു  എന്‍റെ പ്രിയ ഗാനത്തിന്‍റെ വരികള്‍ പാടിതീര്‍ത്തതും , 'നേന സിദ്ധീക്ക് സെലെക്റ്റ്ട്'  സുജാത ചേച്ചിയുടെ ആ വാക്കുകള്‍ തേന്‍ കണങ്ങള്‍ പോലെ എന്‍റെ കാതിലേക്ക് ഇറ്റിവീണപ്പോള്‍ അതുവരെ അവിടെ കിടന്ന ഈയ്യം മഞ്ഞുതുള്ളി പോലെ അലിഞ്ഞു പോയി,  ലോകം കീഴടക്കിയ സന്തോഷത്തിലായിരുന്നു ഞാന്‍ , നേരത്തെ സെലെക്ഷന്‍ കിട്ടിയിരുന്ന കീര്‍ത്തനയും യദുവും മനുവും പിന്നെ പേരറിയാത്ത കുറെ കുട്ടികളും  എനിക്ക് അഭിനന്ദനങ്ങളുമായി എത്തി, ഞാന്‍ ആഹ്ലാദത്തിന്‍റെ എവറസ്റ്റില്‍ ആയിരുന്നു അപ്പോള്‍ .
അങ്ങിനെ, നസ്രിയ താത്തയുടെ ആകര്‍ഷണീയമായ അനൌണ്‍സ്മെന്റ്കളും കൊച്ചു മിടുക്കികളുടെയും മിടുക്കന്മാരുടെയും കിടിലന്‍ ഗാനോത്സവങ്ങളും ജഡ്ജസിന്‍റെ കറകളഞ്ഞ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പ്രേക്ഷക ലക്ഷങ്ങളുടെ പ്രോത്സാഹനങ്ങളുമായി വിജയകരമായ  ഒന്നും രണ്ടും റൗണ്ടുകള്‍ പിന്നിട്ടു മൂന്നാം റൗണ്ടില്‍  ഞങ്ങള്‍ എത്തിപ്പെട്ടപ്പോള്‍ ...
എന്‍റെ  ഓള്‍ഡ്‌  ഇഷ്ടഗാന റൗണ്ടില്‍ , നസ്രിയ താത്ത തന്‍റെ സ്വത സിദ്ധമായ  ശൈലിയില്‍ എന്നെ വേദിയിലേക്ക് ഹാര്‍ദ്ദയി സ്വാഗതം ചെയ്തു , നിയോണ്‍ ലൈറ്റുകളാല്‍ അലംകൃതമായ  സ്റ്റേജിലേക്ക് കാണികളുടെ കൈതാളത്തിന്‍റെ അകമ്പടിയോടെ മന്ദം മന്ദം കടന്നുചെല്ലുമ്പോള്‍ എന്‍റെ ബന്ധുക്കളും കൂട്ടുകാരും മ്യൂസിക്‌ ടീച്ചറും മറ്റും ചിരിയോടെ ഓഡിയന്‍സിന്നിടയില്‍ ഇരിക്കുന്നത് ഞാന്‍ ഒളികണ്ണാല്‍ കണ്ടു ..കൂട്ടത്തില്‍ ഒരു മാലാഖയെ പോലെ അണിഞ്ഞൊരുങ്ങിയ  ചുന്നക്കുട്ടിയുടെ ആഹ്ലാദം നിറഞ്ഞ ഭാവം എന്‍റെ കണ്‍ കുളിര്‍പ്പിച്ചു.
"താമര കുമ്പിളല്ലോ മമഹൃദയം ..
അതില്‍ താതാനീ സംഗീത മധു പകരൂ..
എങ്ങിനെ എടുക്കും ഞാന്‍,
എങ്ങിനെ ഒഴുക്കും ഞാന്‍,
എങ്ങിനെ നിന്നാജ്ഞ നിറവേറ്റും ...
ദേവാ ....ദേവാ ..ദേവാ ...

പല്ലവിയും അനുപല്ലവിയും  പാടി നിറുത്തിയ  ഞാന്‍  മ്യൂസിക്‌ വായിക്കുന്ന ചേട്ടന്മാരെയും എന്നെ നോക്കി പരസ്പരം എന്തോ കമ്മന്റ് പറയുന്ന ജഡ്ജസിനെയും പിന്നെ കാണികളെയും ഒന്നോടിച്ചു നോക്കി , അപ്പോഴാണ് ഓഡിയന്‍സിന്‍റെ മുന്‍ നിരയില്‍ ഇരുന്ന ചുന്നക്കുട്ടി  ആംഗ്യ ഭാഷയില്‍ എന്തോ എന്നോട് പറയാന്‍ ശ്രമിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചത് , അപ്പോഴേക്കും മ്യുസിക്കിന്‍റെ ഭാഗം കഴിഞ്ഞു ചരണം പാടിതുടങ്ങാന്‍ സമയം ആയിക്കഴിഞ്ഞിരുന്നു അത് കൊണ്ട് ചുന്നകുട്ടിയില്‍ നിന്നും ഞാന്‍ നോട്ടം പിന്‍വലിച്ചു , അതീവ  ശ്രദ്ധയോടെ കയ്യിലിരുന്ന  മൈക്ക്‌ ഉയര്‍ത്താന്‍ നോക്കുമ്പോള്‍ എവിടെയോ ഉടക്കിയപോലെ, എങ്കിലും അല്‍പ്പം ബലം കൊടുത്തു ഞാന്‍ മൈക്ക് മുഖത്തേക്ക് ഉയര്‍ത്തി പാട്ടിന്‍റെ വരികള്‍ പാടാനായി ശ്രമിച്ചു ..പക്ഷെ , എന്താണ് കാരണമെന്നറിയില്ല ശബ്ദം തൊണ്ടയില്‍ എവിടെയോ തടഞ്ഞത്പോലെ ഒരു തോന്നല്‍ ...എങ്ങിനെ നോക്കിയിട്ടും എനിക്ക് ശബ്ധിക്കാനാവുന്നില്ല ...കീ ..കീ ..എന്നൊരു നേരിയ ശബ്ദം മാത്രമേ പുറത്തേക്ക് വരുന്നുള്ളൂ ...തൊണ്ടയില്‍ തടസ്സം കൂടി വന്നപ്പോള്‍ ഞാന്‍ കഴുത്തില്‍ തടവിനോക്കി , എന്തോ ഒന്ന് കയ്യില്‍ തടഞ്ഞു , ഞാന്‍ അതെടുത്ത് മാറ്റാന്‍ ശ്രമിച്ചു , പക്ഷെ അതിന്‍റെ മുറുക്കം കൂടി വരികയായിരുന്നു ..
" നീ എന്‍റെ മുടിക്കെട്ടില്‍ പിടിച്ചു വലിക്കും അല്ലെടീ കോന താത്ത...!"
ചുന്നക്കുട്ടിയുടെ ദേഷ്യത്തിലുള്ള ശബ്ദവും കൂടി കേട്ടപ്പോഴാണ് ഞാന്‍ ഉറക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നു ചാടി എണീറ്റത്, നോക്കുമ്പോള്‍ കണ്ണും മുഖവുമൊക്കെ ചുവപ്പിച്ചു എന്‍റെ തൊണ്ടക്ക് കുത്തിപ്പിടിച്ചു ഭദ്രകാളിയായി നില്‍ക്കുകയാണ് അവള്‍.
ഹോ! ..അത് വരെ കണ്ടതെല്ലാം വെറുമൊരു സ്വപ്നമായിരുന്നല്ലോ  എന്നോര്‍ത്തപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത കുണ്ഠിതം തോന്നി .ഒപ്പം വല്ലാത്ത നിരാശാബോധവും..
ഞാന്‍ മൈക്ക്‌ ആണെന്ന് കരുതി പിടുത്തമിട്ടത് അടുത്ത് കിടന്നുറങ്ങിയിരുന്ന ചുന്നക്കുട്ടിയുടെ മേലേക്ക് ഉയര്‍ത്തി കെട്ടിവെച്ച   മുടിക്കെട്ടിലായിരുന്നെന്നും , അതില്‍ പിടുത്തമിട്ടപ്പോള്‍ മുതല്‍ അവള്‍ എന്നെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുകയായിരുന്നെന്നും  സ്റ്റാര്‍ സിംഗര്‍ പട്ടം നേടാനുള്ള ബദ്ധപ്പാടിന്നിടയില്‍ ഞാന്‍ അതൊന്നും അറിയാതിരുന്നതിനാലാണ് അവള്‍ തൊണ്ടക്ക് പിടുത്തമിട്ടതെന്നും മനസ്സിലായപ്പോള്‍ ചെറുതായൊന്നു ചമ്മിയോ എന്നൊരു തോന്നല്‍..
സ്വപ്നം കാണുന്നതും , അതില്‍ സന്തോഷിക്കുന്നതും നിരാശപ്പെടുന്നതും എല്ലാം സ്വാഭാവികം മാത്രം.. പക്ഷെ , പിറ്റേന്ന് ഇക്കാര്യം എന്‍റെ ഉപ്പാട് പറഞ്ഞപ്പോള്‍ കിട്ടിയ മറുപടിയാണ് എന്നെ ഏറെ നിരാശയില്‍  ആഴ്ത്തിയത് ..മൂപ്പര്‍ കുമ്പ കുലുക്കി ചിരിച്ചു കൊണ്ട്  പറയുകയാണ്‌ " ആഹ .ആഹഹ..എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം" എന്ന് , അത് കേട്ട് കുലുങ്ങി ചിരിക്കാന്‍ ഉമ്മയും കൂടി, അത് കണ്ടപ്പോള്‍ ഞാന്‍ വാശിയോടെ തന്നെ അതിന്നു മറുപടി കൊടുത്തു  " നിങ്ങള് നോക്കിക്കോ അതൊക്കെ നടക്കും..എനിക്കുറപ്പാ" അതിനും ഉടനെ ഉപ്പാടെ മറുപടി കിട്ടി "ആയിക്കോട്ടെ മോളൂ..നടക്കുന്നതൊക്കെ കൊള്ളാം പക്ഷെ , ആ പുതിയ ചെരുപ്പ് ഇട്ടോണ്ട് വേണ്ട  , അത് കോസ്റ്റിലിയാണ്, അത് തേഞ്ഞുപോയാല്‍ ശെരിയാവില്ല, അതിനായി ഉപ്പ സാധാ രണ്ടു ജോഡി ചെരുപ്പ് വാങ്ങിത്തരാം ട്ടോ ..."എന്ന്
അതൂടെ കേട്ടപ്പോള്‍ എനിക്ക് മതിയായി, ഇവരെന്‍റെ കലാവാസനയെ പരിപോഷിപ്പിക്കുന്നതിനുള്ള വെള്ളവും വെളിച്ചവും നല്‍കുന്നത് പോയിട്ട് ഒരു നല്ല വാക്കുപോലും പറയാന്‍ തയ്യാറാവാത്തിടത്തോളം ഈ കലാവൃക്ഷം വളര്‍ത്താന്‍  ഒരു വഴിയും കാണുന്നില്ല ,  ഇനി ഇവിടെ നിന്നാല്‍ ശെരിയാവില്ലെന്നു എനിക്ക് തോന്നി
"ഇങ്ങിനെയുണ്ടോ ഒരു തള്ളയും തന്തയും ! " തിരിഞ്ഞു നടക്കുമ്പോള്‍ ഞാന്‍ പിറു പിറുത്തത് അവര്‍ കേട്ടോ എന്തോ! കേള്‍കാതിരിക്കുന്നതാണ് എന്ത് കൊണ്ടും നല്ലതെന്നു ഒന്നാലോചിച്ചപ്പോള്‍ എനിക്ക് തോന്നി, കാരണം   ഉള്ള കഞ്ഞിയില്‍ പാറ്റവീഴരുതല്ലോ!
Author

നേന സിദ്ധീക്ക്

Image and video hosting by TinyPic
Spread the Loveഞാന്‍ നേനാ സിദ്ധീക്ക്,എന്നെ അറിയുന്നവരും പ്രിയപ്പെട്ടവരും നേന എന്ന് വിളിക്കും ഐ. സി. എ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ആറാം തരത്തില്‍ പഠിക്കുന്നു വയസ്സ് പതിമൂന്നു കഴിഞ്ഞു , ഉപ്പ സിദ്ധീക്ക് തൊഴിയൂര്‍ ,ഉമ്മ ശൈലാ സിദ്ധീക്ക്. Black_Twitter_Bird

Follow Me on facebook!

ലിമ്പുകള്‍



അരാജകത്വത്തിന്‍റെ വിളക്കുകളേന്തി
നൈല്‍ നദിക്ക്  മീതേ തീപുകയുയര്‍ത്തി
രോദനത്തിന്‍ ഗര്‍ജ്ജ നാളമുറകളുയര്‍ത്തി
നൈല്‍കരയെ യുദ്ധ മുഖരിതമാക്കി നിങ്ങള്‍..................................
കൂടുതല്‍ വായിക്കുക................

ഇലക്ട്രിക് ടെക്സ്റ്റ് ഇഫക്റ്റ്

ഫോട്ടോഷോപ്പിൽ ബ്ലോഗ് ഹെഡിംഗിനും മറ്റും ഉപയോഗിക്കാവുന്ന ടെക്സ്റ്റ് ഇഫക്റ്റ്. വളരെ പെട്ടന്നു ചെയ്യാം.

വളരെ വേഗത്തില്‍ ചെയ്യാവുന്ന ഒരു ഇഫക്റ്റ്, കൂടുതല്‍ ആമുഖങ്ങളില്ലാതെ തുടങ്ങാം. ആവശ്യമുള്ള വലിപ്പത്തില്‍ ഒരു പേജ് ഓപണ്‍ ചെയ്യുക. ഞാന്‍ 600 X 300 പിക്സ് ഉപയോഗിച്ചിരിക്കുന്നു.

കവിതാ മത്സര വിജയികള്‍

                                                                                             



അനസ് , മാള                                       ഫൌസിയ . ആര്‍.                       ഹക്കീം മോന്‍സ്, ചെറൂപ്പ 



                                          

                                            "അനാഥത്വത്തിലേക്ക് തള്ളിയിടുന്ന വാര്‍ധക്യം" എന്ന വിഷയത്തെ ആസ്പദമാക്കി മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് സംഘടിപ്പിച്ച കവിത മത്സരം സമാപിച്ചു. മത്സരത്തിനു ലഭിച്ച  പന്ത്രണ്ടോളം  കവിതകളില്‍ നിന്നു, അനസ് മാളയുടെ  "ചുളി വീണ വിരലുകള്‍ ", ഫൌസിയ .ആര്‍ ന്റെ  "അന്തിക്ക് ", ഹക്കീം മോന്‍സ് ചെറൂപ്പയുടെ "ഈ പാത ഇവിടെ തീരുന്നു "  എന്നീ കവിതകളെ മികച്ച കവിതകളായി ജൂറികള്‍ തിരഞ്ഞെടുത്തു. 


                                                        പട്ടാമ്പി എസ്. എന്‍. ജി. എസ്  കോളേജ് മലയാള വിഭാഗം അസി. പ്രഫെസ്സറും, ആനുകാലികങ്ങളിലും മറ്റു ഓണ്‍ലൈന്‍ മാഗസിനുകളിലും കവിത എഴുതുകയും ചെയ്യുന്ന ശ്രീ എം .ആര്‍ .അനില്‍ കുമാര്‍ മുഖ്യ ജൂറിയായ പാനലില്‍  ആനുകാലികങ്ങളിലും മറ്റു ഓണ്‍ലൈന്‍ മാഗസിനുകളിലും സ്ഥിരമായി കവിത എഴുതുകയും ചന്ദ്രകാന്തം എന്ന പേരില്‍ ബ്ലോഗ്‌ എഴുതുകയും ദുബായില്‍ സിവില്‍ എന്‍ജിനീയര്‍ ആയി ജോലി ചെയ്യുകയും ചെയ്യുന്ന ശ്രീമതി  ചാന്ദിനി ഗാനന്‍ , ബ്ലോഗ്ഗറും സൈബര്‍ സ്പെസുകളിലെ സ്ഥിര സാന്നിധ്യമായ കവിയും, മലയാള ബ്ലോഗിങ്ങ് രംഗത്ത് ശ്രദ്ധേയനുമായ  ശ്രീ രഞ്ജിത്ത് ചെമ്മാട് (ചെമ്മാടന്‍) എന്നിവര്‍ സഹ ജൂറിമാരായിരുന്നു.ഒരു വിഷയത്തിലധിഷ്ഠിതമായി എഴുതിയത് കൊണ്ടാകാം,മത്സരത്തിനു ലഭിച്ച കവിതകള്‍ പൊതുവേ പ്രതീക്ഷിച്ച നിലവാരത്തിലെക്കുയര്‍ന്നില്ലെന്നും , അത് കൊണ്ടു തന്നെ  ഒന്നാം സ്ഥാനം, രണ്ടാം സ്ഥാനം, മൂന്നാംസ്ഥാനം എന്ന രീതിയില്‍ വേര്‍തിരിക്കാതെ, മത്സരത്തിനെത്തിയ കവിതകളില്‍ ഈ മൂന്നു കവിതകളെ "മികച്ച മൂന്നു കവിതകള്‍"എന്ന രീതിയിലാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നും  ജൂറികള്‍ അറിയിച്ചു. 

                                          
ഫേസ് ബുക്കിലെ "കാവ്യാനുയാത്രികര്‍" കവിതാ ഗ്രൂപും , സൈകതം പബ്ലിക്കെഷനും കൂടി മലയാളത്തിലെ സൈബര്‍ ഇടങ്ങളില്‍ എഴുതുന്ന മികച്ച കവിതകള്‍ ഉള്‍പ്പെടുത്തി ഒരു സമാഹാരം  ഇറക്കുന്നുണ്ട്. ഇതിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. തിരഞ്ഞെടുത്ത ഈ മൂന്നു കവിതകളും ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതാണ്. അംഗങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായ മത്സരം ഇനിയും ഇത്തരം മത്സരം സംഘടിപ്പിക്കാന്‍ കൂടുതല്‍  പ്രചോദനമാകുന്നു എന്ന് മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് അട്മിന്‍സ്  അറിയിച്ചു.

                                                         
                                                        
                    ജൂറികള്‍                                                                  

ഒരു കത്ത്

അങ്ങകലങ്ങളില്‍ പോലും ഇന്ന് നീ ഇല്ല എന്നെനിക്കറിയാം. ഈ കത്തിനു പ്രാപിക്കാന്‍ കഴിയാത്തത്ര ദൂരത്തില്‍ നീ മാഞ്ഞു പോയി എന്നും എനിക്കറിയാം. എത്ര കണ്ടു അകലെ ആയാലും ഈ കടലാസ് കഷ്ണം വെറും മാധ്യമം മാത്രമാണ്, എന്‍റെ ഓര്‍മകള്‍ക്കും അതില്‍ നുരയുന്ന നൊമ്പരങ്ങള്‍ക്കും വാക്കുകളായി പരിണമിക്കുവാന്‍. എന്‍റെ ഓര്‍മകളില്‍ നീ ഉള്ളിടത്തോളം കാലം ഈ കത്തിലെ ഓരോ വാചകങ്ങളും നിനക്ക് വായിക്കാന്‍ പറ്റും എന്ന ഉറച്ച വിശ്വാസത്തില്‍ ഞാന്‍ എഴുതുന്നു.

സായാഹ്നങ്ങളുടെ ഇഷ്ടക്കാരന്‍ ആയിരുന്നു ഞാന്‍, ക്ലാസ്സ്‌ റൂമിന്‍റെ മടുപ്പില്‍ നിന്നും ഒരു കപ്പ് ചായയും കൊണ്ട് അലസമായ ചിന്തയും ഹെഡ്സെറ്റില്‍ മെലഡിയുമായി സായാഹ്നങ്ങള്‍ എന്നെ കടന്നു പൊയ്ക്കൊണ്ടിരുന്നു. രണ്ടു പരീക്ഷകള്‍ക്കിടയില്‍ ഉള്ള ഒരു പഠന ദിനം ആയിരുന്നിട്ടും അലസത തന്നെ ആയിരുന്നു ആ സായാഹ്നത്തിലും കൂട്ട്. അങ്ങനെ ആയിരുന്നില്ലേ നമ്മള്‍ എല്ലാവരും?, രാത്രികള്‍ ആയിരുന്നു പഠനത്തിന്‍റെ വേലിയേറ്റ സമയം. പരീക്ഷക്ക് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയുള്ള രാത്രികള്‍. അതിന്നും മാറിട്ടില്ലെഡാ.
മൊബൈല്‍ ഇല്ലായിരുന്നു അന്നെന്റെ കൈയില്‍. ഇന്നത്തെ പോലെ മൊബൈലില്‍ കുഞ്ഞു സന്ദേശത്തിന് കാതോര്‍ത്തിരിക്കാറും ഇല്ല. എങ്കിലും ഹെഡ്സെറ്റില്‍ കേള്‍ക്കുന്ന പാട്ടുകള്‍ക്ക് മാധുര്യം കൂടുതല്‍ ആയിരുന്നു.
സന്ധ്യ ആയി, പുറത്തു ആരോ ഫോണില്‍ സംസാരിക്കുന്നുണ്ട്. A.R Rahmanന്‍റെ ഏതോ ഒരു പാട്ടിന്റെ ആസ്വാദന തലങ്ങള്‍ അന്വേഷിച്ചു നടന്നു കൊണ്ടിരുന്ന ഞാന്‍ ഗ്രില്ലിട്ട ജനലക്കരികില്‍ എത്തിയപ്പോള്‍ ഫോണില്‍ ചെവി വച്ച് സംസാരിച്ചു കൊണ്ടിരുന്ന രാജീവിന്‍റെ മുഖത്തേക്ക് നോക്കി. ഹെഡ്സെറ്റുകള്‍ ചെവിയില്‍ നിന്നും ഊരാന്‍ എന്താണ് എന്നെ പ്രേരിപ്പിച്ചത് എന്ന് എനിക്കറിയില്ല.
ഒരു വാക്ക് മാത്രമേ ഞാന്‍ പിന്നെ കേട്ടുള്ളൂ

" പോയി"

കോളേജ് ബസ്സിന്‍റെ പിന്‍ ഭാഗത്തുള്ള ഏതോ ഒരു സീറ്റില്‍ ഞാന് പുറത്തേക്കു നോക്കിയിരുന്നു. ആര്‍ക്കും ഒനും പറയാന്‍ ഉണ്ടായിരുന്നില്ല, കരയാനും .
ഹോസ്ടലിന്‍റെ മുന്നില്‍ ഞങ്ങളിറങ്ങി, ആര്‍ക്കൊക്കെ എന്തൊക്കെ നഷ്ടപ്പെട്ടു എന്ന കണക്ക് ആരും എടുത്തില്ല. പിന്നീടും പലതു നഷ്ട്ടപെടാന്‍ ഉള്ളത് കൊണ്ടായിരിക്കും.
പരീക്ഷകള്‍ അതിന്റെ മുറക്കും ജീവിതം അതിന്റെ വഴിക്കും നടന്നു. ആര്‍ക്കു വേണ്ടിയാണു അത് കാത്തു നില്‍ക്കേണ്ടത്?,
കാലിക്കറ്റ്‌ യുണിവേഴ്സിറ്റി നമ്മളെ വീണ്ടും വീണ്ടും പരീക്ഷിച്ചു. അനിവാര്യമായ പരീക്ഷണം. അങ്ങനെ കഴിഞ്ഞ നാലു കൊല്ലം തിരിഞ്ഞു നോക്കുമ്പോള്‍ ആ പരീക്ഷണങ്ങള്‍ക്കെല്ലാം മുകളില്‍ നീ അന്ന് C Programming പരീക്ഷ എഴുതിയതിനു ശേഷം എന്നോട് പറഞ്ഞ വാക്കുകള്‍ ആണെനിക്ക് ഓര്മ വരുന്നത്
"എടാ ഇത് ഞാന്‍ പാസ്‌ ആവും"

നീ പാസ്‌ ആയിരുന്നു, 60 മാര്‍ക്കിന് മുകളില്‍ നേടിക്കൊണ്ട്. പക്ഷെ അത് കാണാന്‍ നീ ഉണ്ടായില്ല.
"ആരും ഉണ്ടായില്ലേ?" എന്ന് നീ ചോദിച്ചാല്‍ ഞാന്‍ കുഴഞ്ഞു പോവുകയേ ഉള്ളു.

നിന്റെ റോള്നമ്പര്‍ ഏതാണ്ട് അവസാനം ആയിരുന്നില്ലേ?, അതിനു മുകളില്‍ പല റോള് നമ്പറുകള്‍ വന്നു, പല നിറങ്ങളില്‍ ഞങ്ങള്‍ കോളേജിലും വന്നു. എന്നും ഒരു നിറം ആയിരുന്നില്ല കാമ്പസ്സിന്, ആശാവഹവും തീരെ ആശ അറ്റ്തുമായ സംഭവങ്ങള്‍ നടന്നു. ഇന്നും മാറാതെ നില്‍ക്കുന്നത് ആല്‍ മരം ആണെന്ന് പറയാം.

ഇന്ന് എങ്ങനെ ആണെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല, ഞങ്ങള്‍ക്ക് അറിയില്ല. ഞങ്ങള്‍ പിരിഞ്ഞിരിക്കുന്നു. ജോലിയുടെ, ഉപരപഠനത്തിന്‍റെ, കുടുംബത്തിന്‍റെ ആഴങ്ങളിലേക്ക്. ആധുനികതയുടെ ചില ആവിര്‍ഭാവങ്ങള്‍ നമ്മളെ ചെറുതായെങ്കിലും ഇന്നും കൂട്ടി ഇണക്കുന്നുണ്ട് എന്നത് നിനക്ക് സന്തോഷം തരും എന്നെനിക്കറിയാം.

ഇന്ന് എല്ലാര്ക്കും നിന്നെ ഓര്‍മ്മയുണ്ടോ എന്ന ചോദ്യത്തിന് ""മറന്നിട്ടില്ല"" എന്ന ഉത്തരം നല്‍കണേ എനിക്ക് കഴിയു. നമ്മുടെ നാലു(മൂന്ന്) കൊല്ലങ്ങള്‍ സന്തോഷം നിറഞ്ഞതായിരുന്നു എന്ന് മാത്രം പറഞ്ഞു കൊണ്ട് ഞാന്‍ നിര്‍ത്തുന്നു.

ഈ കത്ത് എനിക്ക് എങ്ങോട്ടും പോസ്റ്റ്‌ ചെയ്യാന്‍ കഴിയില്ല. ഇതിനെ ഞാന്‍ കത്തിക്കും എന്തെന്നാല്‍ ഐവര്‍മഠത്തിന്‍റെ ഏതോ ഒരു കോണില്‍ പണ്ട് പൊന്തിയ പുകപടലത്തെ തേടി ഈ കടലാസിന്റെ പുകയും വരുമെന്ന ഉറപ്പു എനിക്കുണ്ട്

Author

sreejith

അത് അത്രക്കൊന്നും പറയാനില്ല ഒരു ബി.ടെക് കാരന്‍, സിവില്‍ എഞ്ചിനീയറിംഗ് ആണ് പഠിച്ചത് അഹങ്കാരം ഒന്നുമില്ല, അഹങ്കരിക്കാനുള്ള കോപ്പുമില്ല , എങ്ങിനിയര്‍മാരെ മുട്ടിയിട്ടു നടക്കാന്‍ പറ്റാത്ത അവസ്ഥയല്ലേ അതോണ്ട് ഒരു എം. ടെക് എടുക്കണം എന്ന് കരുതിയിരിക്യാ Spread the Love Black_Twitter_Bird

Follow Me on facebook!

സൂപ്പർഫാസ്റ്റ് കൊള്ള

സൂപ്പർഫാസ്റ്റ് കൊള്ള

കേരളത്തിൽ സൂപ്പർ ഫാസ്റ്റ്, ടൗൺ റ്റു ടൗൺ പദവികളിൽ ബസ്സ് സർവീസ് നടത്താനുള്ള അധികാരം നമ്മുടെ സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്ന് മാത്രമാണെന്നാണ് വയ്പ്പ്. എന്നാൽ മിനിമം ചാർജ്ജ് പത്തുരൂപ ഈടാക്കി കേരളത്തിലങ്ങോളമിങ്ങോളം നിരവധി സ്വകാര്യ ബസ്സുകൾ സൂപ്പർ ഫാസ്റ്റ് സർവ്വീസ് നടത്തുന്നുണ്ട്. ഇതിൽ തൃശ്ശൂർ-കാഞ്ഞങ്ങാട്, കോഴിക്കോട്-കാസർക്കോട് റൂട്ടിൽ സർവ്വീസ് നടത്തുന്ന രണ്ട് ബസ്സ് കൊള്ളയ്ക്ക് ഞാൻ തന്നെ ഇരയായിട്ടുണ്ട്.

ഈ വിഷയത്തിൽ സിറ്റിസൺ കോൾ സെന്ററിൽ നിന്നു നൽകിയ ഫോൺ നമ്പറിൽ തിരുവന്തപുരം ട്രാൻസ്പോർട്ട് സൂപ്രണ്ടുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ, ഇത്തരത്തിൽ സർവ്വീസ് നടത്താൻ ആർക്കും നിയമപരമായി യാതൊരവകാശവുമില്ലെന്നും ആർടിഓയ്ക്ക് പരാതി നൽകിയാൽ നടപടികൾ സ്വീകരിക്കാമെന്നും പറഞ്ഞിരുന്നു.

മുൻപൊരിക്കൽ എന്റെ ഒരു വക്കീൽ കൂട്ടുകാരൻ, മറ്റൊരു ബസ്സ് ഭീകരകതയ്ക്കെതിരേ ആർടിഓയ്ക്ക് പരാതികൊടുത്തപ്പോൾ കിട്ടിയ 'ക്വട്ടേഷൻ പണി' ഓർത്ത് ഞാനതിനന്ന് മുതിർന്നില്ല.

ഇന്ന് രാവിലെ വീണ്ടും ബോർഡ് നോക്കാതെ അഞ്ചു രൂപാ ദൂരത്തിലുള്ള യാത്രയ്ക്ക് 'ധന്യ'യിൽ കേറിപ്പോയി. വീണ്ടും കിട്ടി പത്തുരൂപാ ടിക്കറ്റ്. നിയമപരമായാണ് ഞങ്ങൾ സർവ്വീസ് നടത്തുന്നതെന്നും ഒലത്താനാവുമെങ്കിൽ ഒലത്തിക്കോന്ന് കണ്ടക്റ്ററും.

ഇനി ഈ 'ധന്യ' തന്ന ടിക്കറ്റ് ശ്രദ്ധിക്കൂ. ഒരേ ടിക്കറ്റിൽ രണ്ട് റജിഷ്ട്രേഷൻ നമ്പറുകൾ കാണാം. അതിൽ പ്രാധാന്യത്തോടു കൂടി നൽകിയിരിക്കുന്ന നമ്പർ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ ഈ ലിങ്കിൽ പരിശോധിക്കൂ. പെട്രോളിലോടുന്ന നോൺ ട്രാൻസ്പോർട്ട് വാഹനത്തിന്റെ നമ്പറാണത്.

ഇതേ ടിക്കറ്റിൽ ഈ പകൽക്കൊള്ള മോട്ടോർ വെഹിക്കിൾ നിയമപ്രകാരമെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. എന്താണാവോ ഈ ആക്റ്റ്?
ഇങ്ങനെ സർവ്വീസ് നടത്താൻ സഹായിക്കുന്ന ഏതെങ്കിലും ആക്റ്റ് ഇപ്പോൾ പ്രാബല്യത്തിലുണ്ടോ? അല്ലെങ്കിലും ചോദിക്കാനും പറയാനും ആളില്ലാത്തവിടെ ആർക്കും എന്തുമാവാലോ!



കാമുകന്‍

പ്രണയിക്കുന്നു ഞാന്‍
പരിഭവങ്ങളില്ലാതെ
പിണക്കമറിയിക്കാതെ
വാനോളം  മുട്ടുന്ന

വര്‍ണിത വരികളാല്‍
വിസ്മയമുയര്‍ത്തിയ
കവ്യശില്പികളാം
ഭാവനാ മന്ത്രങ്ങളേ

പ്രണയിക്കുന്നു ഞാന്‍
കവിതയെ
കാമിനിയപ്പോലെ
മനസ്സിലേക്ക് തൊടുത്തുവിട്ട
മലരമ്പുകളെന്നവണ്ണം

ചിറകില്ലാ സ്വപ്നങ്ങളെ
കവിഭാവനയില്‍
ചിറകിട്ട് പറകുന്ന
ഭാവനാ കാവ്യത്തോടാണെന്‍റെ
അടങ്ങനാവാത്ത പ്രണയം

സംസ്കാര ഗോപുരങ്ങളില്‍
സമര വരികളാല്‍
സന്ദേശം വിതറിയ
ശില്പി കവികള്‍ നിങ്ങള്‍

ഇരുളിന്‍ നിദ്രയില്‍
നിറദീപം പോലെ
വെളിച്ചം പരത്തി
പ്രഭ ചൊരിഞ്ഞ കവ്യമേ
നീയെന്‍  പ്രതിഷ്ട

ചലിക്കട്ടെ വിരലുകള്‍
നിറയട്ടെ തൂലികകള്‍
പരക്കട്ടെ വാനോളം

ചിറകിട്ട
കവിതകളോടാണേന്‍റെ
ഒടുക്കത്തെ പ്രണയവും

കിന്നാരത്തുമ്പികള്‍ (സെക്കന്റ്ഷോ ചരിതം-3)

(എന്റെ ബ്ലോഗില്‍ കുറെ കാലമായി കിടക്കുന്നതും ഏറ്റവും കൂടുതല്‍ പേര്‍ കയറിയ പോസ്റ്റുകളില്‍ ഒന്നും എന്നാല്‍ ഒരു കമന്റു പോലും വരാത്തതും - എല്ലാരും ഡീസന്റാ - ആയ ഒരു കലാലയസ്മരണ...)

ഏറെ കാലത്തിനുശേഷം ആദ്യമായാണ്‌ നമ്മുടെ കേന്ദ്ര കഥാപാത്രങ്ങളെ ഇത്രയുംസന്തോഷത്തോടെ ഞങ്ങളെല്ലാം കാണുന്നത്. സില്ക്ക് ‌ആത്മഹത്യ ചെയ്ത ശേഷം മുഴുനീള നീലപ്പടങ്ങളൊന്നും മലയാളത്തില്‍ ക്ലച്ചു പിടിക്കാത്തതിന്റെ മനോവ്യഥ തീര്‍ക്കാന്‍ നൂന്‍ ഷോകള്‍ വിടാതെ കാണുകയും ഒരു തുണ്ട് പോലുമില്ലെന്ന നിരാശയോടെ തിരിച്ചെത്തി നല്ല പടങ്ങള്‍ ഇറക്കാത്ത സംവിധായകരോടുള്ള പ്രതിഷേധംഉദ്ഘോഷിച്ച് മലയാള സിനിമയുടെ പ്രതിസന്ധിയെക്കുറിച്ചുള്ളഗീര്‍വാണപ്രസംഗങ്ങള്‍ നടത്തുകയും ചെയ്യുന്നവരായിരുന്നു രണ്ടു പേരും. ഇന്ന് ഏറെ രോഗികളുള്ള തിരക്കുള്ള ഡോക്ടര്മാരായത് കൊണ്ട് അവരുടെ പേര് പറയാന്‍നിര്‍വാഹമില്ല...വേണമെങ്കില്‍ പാച്ചുവും കോവാലനും എന്ന് വിളിക്കാം.
ഇങ്ങനെയൊക്കെ ആണെങ്കിലും രണ്ടു പേര്‍ക്കും ഒരു പ്രശ്നമുണ്ട്. നേരത്തെ പറഞ്ഞ പ്രസംഗമൊക്കെ ഞങ്ങള്‍ ചില അടുത്ത സുഹൃത്തുക്കളോട് മാത്രമേ ഉള്ളൂ. കാരണം രണ്ടു പേരും സ്വന്തം പ്രതിച്ഛായക്ക് പരിധിയില്‍ കവിഞ്ഞ പ്രാധാന്യംകല്‍പ്പിക്കുന്നവരായിരുന്നു... പ്രത്യേകിച്ചും കോളേജിലെ തരുണീമണികളുടെ മുന്നില്‍. തങ്ങളുടെ വീരകൃത്യങ്ങളൊന്നും പെമ്പിള്ളേര്‍ അറിയരുതെന്ന് രണ്ടു പേര്‍ക്കും വലിയ നിര്‍ബന്ധമാണ്. പക്ഷെ ഏതെങ്കിലും പെമ്പിള്ളേര്‍ മുന്നില്‍ വന്നു പെട്ടാല്‍ അവര്‍ എല്ലാം മറന്നു ഒലിപ്പിക്കാന്‍ തുടങ്ങുകയും ചെയ്യും. അഞ്ചു മിനിട്ട് തികച്ചു കത്തി വെക്കുമ്പോള്‍ തന്നെ പ്രതിച്ഛായഎത്തെണ്ടിടത്തെത്തിയിട്ടുണ്ടാകും.
പെമ്പിള്ളേരെ കണ്ടാല്‍ പരിസരം മറക്കുന്ന സ്വഭാവം ഏറ്റവും വലിയ പാരയായത് ഒരു സിനിമായാത്രയില്‍ തന്നെയായിരുന്നു. നമ്മുടെ നായകന്മാര്‍ കോഴിക്കോട് നഗരത്തിലെ തീയറ്ററില്‍ ക്യൂ നില്ക്കുകയാണ്. (ബ്ലൂഡയമണ്ടോ കൊറോണെഷനോ എന്നോര്മ്മയില്ലപോയത് ഞാനല്ലല്ലോ). പടമേതെന്നോസാക്ഷാല്‍ കാമസൂത്ര! ഗംഭീര തിരക്കായത് കൊണ്ട് റോഡിലായിരുന്നു ക്യൂ. രണ്ടുപേരും വളരെ വിദഗ്ധമായി മുഖം മതിലിനു നേരെ തിരിച്ചു നില്‍ക്കുകയാണ്. ഒരേ നില്പ്പില്‍ നിന്ന് കാലു കഴച്ചപ്പോള്‍ പാച്ചു ഒന്ന് അനങ്ങി. അറിയാതെ റോഡിലേക്കൊന്നു കണ്ണ് പോയപ്പോഴാണ് ആ കാഴ്ച കണ്ടത്... തന്റെ വീക്നെസ് ആയ മൂന്നു ജൂനിയര്‍പെമ്പിള്ളേരുണ്ട് നടന്നു വരുന്നു.(തെറ്റിദ്ധരിക്കണ്ടഒന്നെങ്കിലുംകൊളുത്തിയാലോ എന്ന് കരുതി മൂന്നു പേര്ക്കും കക്ഷി ചൂണ്ട ഇട്ടു കൊണ്ടിരിക്കുന്ന സമയമായിരുന്നു.) കണ്ട പാതികാണാത്ത പാതി മൂപ്പരുണ്ട് കൈ പൊക്കി ഒറ്റ അലര്ച്ച ... "ഹായ്". കൊച്ചുങ്ങള്‍ തിരിച്ചു "ഹായ്" പറഞ്ഞ ശേഷമാണ് മുകളിലെ പോസ്ട്ടറിലേക്ക് നോക്കിയത്. "ഹായ്" "അയ്യേ" ആയി മാറാന്‍അധികം സമയമെടുത്തില്ല. മൂന്നു പേരും പെട്ടെന്ന് ഓടി രക്ഷപ്പെട്ടു.
അതോടെ പ്രതിച്ഛായ തകര്ന്ന രണ്ടു പേരും വീണ്ടും ട്രാക്കില്‍ കയറിയത് അടുത്ത ജൂനിയര്‍ ബാച് വന്നതോടെയാണ്. വീണ്ടും പഞ്ചാരയും ചൂണ്ടയുമായി രണ്ടു പേരുംകറങ്ങിത്തുടങ്ങിയപ്പോളാണ് മലയാളസിനിമയുടെ ചരിത്രം തന്നെ തിരുത്തിയെഴുതിയ ആ ചിത്രം റിലീസ്‌ ചെയ്യുന്നത്... "കിന്നാരത്തുമ്പികള്‍". പിന്നീട് രണ്ടു മൂന്നു വര്‍ഷത്തേക്ക് ഒരു പാട് ബി-സി ക്ലാസ്‌ തീയറ്റെറുകളെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റിയതരംഗത്തിന് നാന്ദി കുറിച്ച ഷക്കീലചിത്രം. പടത്തെ കുറിച്ച് കേട്ട് പാച്ചുവും കോവാലനും സന്തോഷത്താല്‍ മതിമറന്ന് എപ്പോള്‍ പോകണം എന്ന് പ്ലാന്‍ ചെയ്യാന്‍ തുടങ്ങി. എന്തായാലും ടൌണിലെ തീയറ്ററില്‍ പോകേണ്ടെന്നു "കാമസൂത്ര" അനുഭവം കൊണ്ട് തന്നെ രണ്ടു പേരും ഉറപ്പിച്ചിരുന്നു. അത് കൊണ്ട് ഇത്തരം പടങ്ങള്ക്ക്പ്രശസ്തമായ എലത്തൂര്‍ രാജീവില്‍ പോകാമെന്നുറപ്പിച്ചു. ആരും കാണാതിരിക്കാന്‍ സെക്കന്റ് ഷോക്ക് പോകാനായിരുന്നു തീരുമാനം. അവസാനത്തെ സിറ്റി ബസ്സില്‍ കയറിയപ്പോള്‍ പാച്ചുവിന്റെ ബുദ്ധി പ്രവര്‍ത്തിച്ചു. "എടാഎലതൂര്‍ക്കു  ടിക്കറ്റെടുത്താല്‍ ആളുകള്‍ സംശയിക്കും. നമുക്ക് തൊട്ടിപ്പുറത്തെ സ്റ്റോപ്പില്‍ ഇറങ്ങി നടക്കാം." കോവാലന്‍ സമ്മതിച്ചു. എലതൂര്‍ക്കു പോകുന്നവരെല്ലാം രാജീവിലേക്കല്ലെന്നു കക്ഷിക്ക് പെട്ടെന്ന് കത്തിയില്ല. വീണ്ടും ഒരു സംശയം. രാജീവിന്റെ സ്റ്റോപ്പ്‌ ഏതാണ്രണ്ടുപേരുംആദ്യമായിട്ടായിരുന്നു ആ വഴിക്ക്. അവസാനം രണ്ടും കല്പ്പിച്ചു കോവാലന്‍ കണ്ടക്ടരോട് പറഞ്ഞു..."ചേട്ടാരാജീവിന്റെ മുന്‍പത്തെ സ്റ്റോപ്പ്‌ എത്തിയാല്‍ പറയണേ". പാച്ചു ഉടനെ നിഷ്കളങ്കമായി കൂട്ടിച്ചേര്ത്തു ..."ഞങ്ങള്‍ രാജീവിലേക്കല്ല കേട്ടോ...".കണ്ടക്ടര്‍ ഒരു കള്ളച്ചിരിയോടെ തലകുലുക്കി. 
സ്റ്റോപ്പ്‌ എത്തിയപ്പോള്‍ കണ്ടക്ടര്‍ ഉറക്കെ വിളിച്ചു പറഞ്ഞു..."ആ രാജീവിന്റെ മുന്‍പത്തെ സ്റോപ്പ് ചോദിച്ചവര്‍ ഇറങ്ങിക്കോ". എല്ലാവരും നോക്കുന്നതിനിടെ രണ്ടു പേരും പെട്ടെന്ന് ചാടിയിറങ്ങി. ഉടനെയുണ്ട്‌ കണ്ടക്ടര്‍ ചേട്ടന്റെ അടുത്ത ഡയലോഗ്... "പെട്ടെന്ന് നടന്നോ... ടിക്കറ്റ് തീരും". ബസ്സില്‍ നിന്നും കൂട്ടച്ചിരി മുഴങ്ങി. കുറച്ചു നടന്നിട്ടും തീയേറ്റര്‍ കാണാഞ്ഞപ്പോള്‍ രണ്ടും കല്പ്പിച്ചു ആരോടെങ്കിലും വഴി ചോദിക്കാന്‍ തീരുമാനിച്ചു രണ്ടു പേരും. ഒരു കടയില്‍ നിന്നും സാധനം വാങ്ങി റോഡരികില്‍ നിര്ത്തിയിട്ട കാറിനരികിലേക്ക് നടന്നു വരുന്ന പയ്യനോട് പാച്ചുവഴി ചോദിച്ചു. മറുപടി കേട്ട് പെട്ടെന്ന് നടന്നു തുടങ്ങിയപ്പോഴാണ് കോവാലന്‍ കണ്ടത്... കാറിന്റെ സൈഡ് സീറ്റില്‍ തങ്ങളെ തന്നെ നോക്കിക്കൊണ്ട് ഇരിക്കുന്നു രണ്ടു പേര്ക്കും തിരിച്ചും തികച്ചും സുപരിചിതനായ സര്‍ജറി സാര്‍!!!
http://rkdrtirur.blogspot.com/
Author

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur

മലയാളസാഹിത്യവും സിനിമയും പിന്നെ ചുവപ്പുനിറമുള്ള കൊടിയും ഇഷ്ടപ്പെടുന്ന ഒരു ഹോമിയോപ്പതി ഡോക്ടര്‍. മലപ്പുറം ജില്ലയിലെ തിരൂര്‍ ആണ് സ്വദേശം. Spread the Love Black_Twitter_Bird

Follow Me on facebook!

ഭാഷാ ന്യൂനപക്ഷങ്ങളെ തീവ്രവാദികളാക്കരുത്


ഭാഷാ ന്യൂനപക്ഷങ്ങളെ തീവ്രവാദികളാക്കരുത്

കാസർക്കോട്ട് ഒരു ദിവസമെങ്കിലും ജീവിച്ചവർക്ക് അവഗണിക്കുവാൻ വേണ്ടി മാത്രം ഉണ്ടാക്കിയ ജില്ലയാണ് ഇത് എന്നതിൽ കവിഞ്ഞ് മറ്റൊന്നും പറയാനുണ്ടാവില്ല. സർവ്വ സർക്കാർതലങ്ങളിലും കടുത്ത അവഗണന നേരിടുന്ന ഈ ഭൂപ്രദേശത്തെ കർണ്ണാടകത്തിൽ ലയിപ്പിക്കണമെന്ന വാദം ഉയരുമ്പോഴെല്ലാം ഇവിടുത്തുകാരെ അക്കരപ്പച്ച മോഹിപ്പിക്കാറുണ്ട്.

ഈ അവഗണനയുടേയും അവഹേളനത്തിന്റേയും ഏറ്റവും അവസാനത്തെ പതിപ്പാണ്, ഇക്കഴിഞ്ഞ മാർച്ചിൽ പ്ലസ് റ്റൂ (+2) പരീക്ഷയെഴുതിയ കാസർക്കോട്ടെ ഭാഷാ ന്യൂനപക്ഷ വിഭാഗമായ കന്നട വിദ്യാർത്ഥികളുടെ ഫലം പ്രസിദ്ധീകരിക്കാതെ മാനസികമായി പീഡിപ്പിക്കുന്നത്.

കണ്ണൂർ സർവ്വകലാശാലയുടെയും കർണ്ണാടക സർവ്വകലാശാലകളുടേയും ബിരുദ കോഴ്സുകൾക്ക് അപേക്ഷിക്കേണ്ട അവസാന ദിനം ഇന്നലെ കഴിഞ്ഞു. ഇവിടുത്തെ തന്നെ പ്ലസ് റ്റൂ 'സേ' പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന ദിനം ഇന്ന് (30.05.11) ആണ്. എന്നിട്ടും ഇന്നേവരെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാൻ സർക്കാറിന്നായിട്ടില്ല.

കാസർക്കോട്ടെ കന്നട മാധ്യമത്തിൽ പരീക്ഷയെഴുതിയ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ ആദ്യം കേന്ദ്രീകൃത മൂല്യനിർണ്ണയകേന്ദ്രത്തിലേക്ക് അയക്കുകയും അവിടെ കന്നട വായിക്കാനറിയുന്നവർ ഇല്ലാത്തതിനാൽ തിരിച്ചു കാസർക്കോട്ടേക്ക് അയക്കുകയായിരുന്നു. തുടർന്ന് ഇവിടെ നിന്ന് മൂല്യ നിർണ്ണയം നടത്തി മാർക്കു വിവരങ്ങൾ ഹയർസെക്കന്ററി ഡയറക്റ്ററേറ്റിലേക്ക് അയച്ചിട്ട് മൂന്നാഴ്ചയായെന്ന് കാസർക്കോട് വിദ്യാഭ്യാസ വകുപ്പ് ജീവനക്കാർ പറയുന്നു.

ഭരണം ഏറ്റെടുക്കുന്നതിന്റെ തലച്ചൂടുകളിൽ പുകയുന്ന സംസ്ഥാന ഭരണ നേതൃത്വത്തിന്റെ കഴിവുകേടുകളും അതു മുതലെടുക്കുന്ന ജീവനക്കാരുടെ പിടിപ്പുകേടുകളും മൂലം മാനസിക പീഡനവും അനുഭവിക്കുകയും ഉന്നത വിദ്യാഭ്യാസ അവകാശങ്ങൾക്ക് തടസ്സം നേരിടുകയും ചെയ്യുന്ന, ഈ വിദ്യാർത്ഥികൾക്കുണ്ടാവുന്ന കഷ്ടനഷ്ടങ്ങൾക്കാര് ഉത്തരവാദിത്വം ഏൽക്കും?

ഇവിടുത്തെ ഭാഷാന്യൂനപക്ഷങ്ങളെ ഈ രീതികളിൽ അവഗണിച്ച് അവരേയും പ്രാദേശിക-ഭാഷാ തീവ്രവാദികളാക്കി മാറ്റാതിരിക്കാൻ നാമോരുത്തരും ജാഗ്രത പാലിക്കേണ്ടതുണ്ട്.

http://baijuvachanam.blogspot.com/

തിരൂര്‍ മീറ്റ്‌: അനുഭവങ്ങള്‍, പാളിച്ചകള്‍


 അങ്ങനെ ഞാനും പങ്കെടുത്തു ഒരു ബ്ലോഗേഴ്സ് മീറ്റില്‍. ബൂലോകത്തെ കുറെ ബ്ലോഗ്ഗെര്മാര്‍ ഭൂലോകത് ഒത്തു ചേര്‍ന്ന് കള്ളടിച്ചു  പിരിയുന്നതാണ് ബ്ലോഗേഴ്സ് മീറ്റ്‌ എന്ന് ചിലരെങ്കിലും കരുതുന്നുണ്ട് എങ്കില്‍ അവര്‍ക്ക് തെറ്റി. മലയാള ഭാഷയുടെ പിതാവ് തുഞ്ചന്റെ മണ്ണില്‍ മലയാളത്തെ സ്നേഹിക്കുന്ന മലയാളത്തിന്റെ മണമുള്ള ബ്ലോഗ്ഗെഴുത്തുകാര്‍ ഒത്തു ചേര്‍ന്നപ്പോള്‍ അത് ചരിത്രമായി. ബ്ലോഗ്ഗിങ്ങിനൊപ്പം പ്രചരിപ്പിക്കുന്നു ഒരു സംസ്കാരം എന്ന് വേണേല്‍ മനോരമീകരിച്ചു പറയാം.

                                മലയാളം ബ്ലോഗിങ്ങ് രംഗത്ത് പത്രക്കാരന്‍ എത്തി ചേര്‍ന്നിട്ട് അധിക കാലം ആയിട്ടില്ല. ബ്ലോഗ്‌ പുലികളുടെ പ്രധാന വിഹാരകേന്ദ്രങ്ങളായ ഗ്രൂപ്പുകളില്‍ ഒന്നും തന്നെ പത്രക്കാരന്‍ സജീവ സാന്നിധ്യവുമല്ല. ഞാനും എന്റെ ബ്ലോഗ്ഗും അഗ്രിഗേറ്റെരും എന്ന പിന്തിരിപ്പന്‍ മനോഭാവം പിന്തുടരുന്ന പത്രക്കാരന്‍ അതിനാലോക്കെ തന്നെ ഈ രംഗത്തെ മറ്റു ബ്ലോഗ്ഗെര്മാര്‍ക്ക് പോലും അത്ര പരിചിത മുഖമല്ല. അത് തന്നെ ആയിരുന്നു മീറ്റിനു പോകുമ്പോള്‍ എന്നെ ഏറ്റവും അലട്ടിയത്. എന്നാലും മോശമല്ലാത്ത വിറ്റുവരവുള്ള ഒരു ബ്ലോഗ്ഗര്‍ എന്ന നിലയില്‍ അല്‍പ സ്വല്പം അഹങ്കാരത്തോടെ തന്നെയാണ് നാട്ടില്‍ നിന്നും ട്രെയിന്‍ കയറിയത്. 5 രൂപ ടിക്കറ്റ്‌ എടുത്ത് തിരൂരില്‍ വണ്ടി ഇറങ്ങുമ്പോള്‍ സമയം 8 കഴിഞ്ഞേ ഉള്ളു. ഇവിടെ വണ്ടി ഇറങ്ങുന്ന ബ്ലോഗ്ഗെര്‍മാര്‍ അല്ലാത്ത സാധാരണക്കാരെ അല്പം അവഞ്ജയോടെ നോക്കി. ഒരു ബ്ലോഗ്ഗര്‍ ലുക്ക്‌ ഉള്ള ആരെ എങ്കിലും കിട്ടിയാല്‍ തുഞ്ചന്‍ പറമ്പിലേക്കുള്ള ഓട്ടോ ചാര്‍ജ് ലാഭിക്കാം എന്ന ചിന്തയില്‍  പത്രക്കാരന്‍ മുന്നോട്ട് നീങ്ങി. ആരെയും കണ്ടില്ല. അയ്യേ മോശം. എന്നെ പോലുള്ള ബ്ലോഗ്‌ പുലികള്‍ എഴുതുന്നതു വായിച്ചു കോരിതരിക്കാനെ നിനക്കൊക്കെ യോഗമുള്ളൂ. ജനകോടികള്‍ ആകാംക്ഷയോടെ വായിക്കുന്ന ബ്ലോഗ്‌ എഴുത്തുകാര്‍ ആയ ഇന്റര്‍നെറ്റ്‌ ലോകത്തെ അതികായന്മാര്‍ തൊട്ടടുത് ഒത്തുകൂടുമ്പോള്‍   സാധാരണക്കാരോട് വീണ്ടും പുച്ഛം.. 
അഹങ്കാരത്തിന്റെ  ഉത്തുങ്ക ശൃംഗങ്ങളില്‍ പത്രക്കാരന്‍ സഹബ്ലോഗ്ഗെര്‍മര്‍ക്കൊപ്പം എത്തി.  


                    ബ്ലോഗ്ഗെര്‍ക്കും വിശക്കുമല്ലോ? അങ്ങനെ ആര്‍കെ തിരൂരിന്റെ പോസ്റ്റില്‍ പറഞ്ഞിരുന്ന ഹോട്ടലില്‍ കേറി പുട്ടും ഗ്രീന്‍പീസും ഓര്‍ഡര്‍ ചെയ്തു. ഭക്ഷണം കഴിച്ചു കഴിഞ്ഞു കൌണ്ടറില്‍ പൈസ കൊടുക്കുമ്പോള്‍  ഹോട്ടലുകാരനോട് തുഞ്ചന്‍ പറമ്പിലെക്കുള്ള വഴി ചോദിച്ചു. 
അത് കേട്ടിട്ടാകണം അടുത്ത സീറ്റില്‍ ഇരുന്നു ഭക്ഷണം  കഴിക്കുകയായിരുന്ന  ഒരു ബസ്‌ ഡ്രൈവര്‍ കൂട്ടുകാരനോട് ഒരു ചോദ്യം. "തുഞ്ചന്‍ പറമ്പില്‍ എന്തോ പരിപാടി ഉണ്ടല്ലോ?" കൂട്ടുകാരന്‍: "ആര്‍ക്കറിയാം? കമ്പ്യൂട്ടര്‍ന്റെ ആള്‍ക്കാരുടെ എന്തോ കുന്ത്രാണ്ടം ആണ്." 
നിന്ന നില്‍പ്പില്‍ കഴിച്ചത് മുഴുവന്‍ ദഹിച്ചു പോയോ എന്ന് സത്യമായിട്ടും എനിക്ക് തോന്നിപോയി. 
സര്‍വജ്ഞപീഠം കയറാന്‍ പോയ ശങ്കരാചാര്യരെ ആരാണ്ട് വഴിക്ക് വച്ച്  റാഗ് ചെയ്ത കഥ പോലായി. 
ബൂലോകത്തിന്റെ ഇട്ടാ വട്ടത്തു നടക്കുന്ന സംഭവങ്ങളെ ഭൂലോക സംഭവമാക്കി അഹങ്കരിക്കുന്ന ഏതെങ്കിലും ബ്ലോഗ്ഗര്‍ ഉണ്ടെങ്കില്‍ പറഞ്ഞോട്ടെ, ബൂലോകത്തെ മഹാസംഭവങ്ങള്‍ ഒന്നും ഭൂലോകതുള്ളവര്‍ അറിയുന്നു പോലുമില്ല!!!!! അത് കൊണ്ട്  ഭൂലോക സാഹിത്യകാരന്മാര്‍ ആയെന്നു കരുതിയിരിക്കുന്ന ബ്ലോഗ്‌ സുഹൃത്തുക്കളെ  ഓര്‍ക്കുക "കാക്ക കുളിച്ചാല്‍ കൊക്കാകില്ല"
ഇവിടെ ഇപ്പൊ ചമ്മിയത് ഞാന്‍ മാത്രമാണല്ലോ? ഈ സംസാരം കേള്‍ക്കാതെ ചരിത്ര സൃഷ്ടിക്കു ഒരുങ്ങുന്ന എന്റെ സഹബ്ലോഗ്ഗര്‍മാരെ തേടി ഞാന്‍ അങ്ങനെ ഒടുവില്‍ തുഞ്ചന്‍ പറമ്പിലെത്തി.       
  
                        പരിചിതമുഖമായി ആകെ ഉള്ള ജാബിര്‍ മലബാറി നിറഞ്ഞ ചിരിയോടെ വരവേറ്റു. പേരും വിലാസവും ബ്ലോഗ്‌ അഡ്രസ്സും ഒക്കെ എഴുതിക്കൊടുത്തു രെജിസ്ട്രേഷന്‍ ചെയ്തപ്പോ ഉണ്ടായ സന്തോഷം 250 രൂപ എണ്ണിക്കൊടുതപ്പോള്‍ പോയി. വിഷു കൈനീട്ടം ഗോവിന്ദ!!!
ജിക്കുമോനെയും മത്താപ്പിനെയും ആണ് ആദ്യം പരിചയപെട്ടത്‌. രണ്ടുപേരെയും ചില കമന്റ്‌ ഇടങ്ങളില്‍ അല്ലാതെ ബ്ലോഗുകള്‍ കണ്ടിട്ടില്ല എങ്കിലും പുലികള്‍ ആണെന്ന് അപ്പോളാണ് അറിഞ്ഞത്.  മത്താപ്പ് എന്റെ അടുത്ത നാട്ടുകാരന്‍ കൂടി ആണെന്നതും ഒരു പുതിയ അറിവായി.  വിനുവിനെയും ഫാറൂക്കിനെയും പരിചയപ്പെട്ടതും അപ്പോളാണ്.  ബി ടെക്കും ബ്ലോഗ്ഗിങ്ങും ഒരേ തൂവല്‍ പക്ഷികള്‍ ആണെന്ന് അതോടെ വ്യക്തമായി. 

                                സദസ്സിനു മുന്നില്‍ ഉള്ള പരിചയപ്പെടുതലോടെ ബ്ലോഗേഴ്സ് മീറ്റിനു തുടക്കമായി. ആളെ കണ്ടാലും പേര് കേട്ടാലും ബ്ലോഗ്‌ ഓര്‍മയില്‍ വരാനുള്ള പ്രായം ആയിട്ടില്ലാത്തതിനാല്‍ പുലിയേതു സിംഹമേതു എന്നറിയാതെ അന്തം വിട്ടു ഞാനിരുന്നു. എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു. സമയ പരിമിതിയെ അംഗീകരിച്ചു കൊണ്ട് ആ ആഗ്രഹം ഒഴിവാക്കി. 


                       വിശ്വമാനവികം സജിം മാഷായിരുന്നു ഞാന്‍ നോക്കിയിരുന്ന ഒരാള്‍ . പരിചയപ്പെടല്‍ കഴിഞ്ഞു പുറത്തിറങ്ങിയ ഉടന്‍ പുള്ളിയെ പോയി കണ്ടു, "ഓ ഞാന്‍ കരുതി പത്രക്കാരന്‍ കുറച്ചു കൂടി പ്രായമുള്ള ഒരാളാണെന്ന്. നീ ഇത്ര ചെറുതാണോ?" എന്നതായിരുന്നു ആദ്യ പ്രതികരണം. അതെനിക് നന്നായങ്ങ് ബോധിച്ചു. ആ സമയം അത് വഴി പോയ ഡോക്ടര്‍ ആര്‍കെ തിരൂര്‍നെ തടഞ്ഞു നിര്‍ത്തി പരിചയപെടുത്തി തന്നു കൊണ്ട് അവിടെ ഒരു അവൈലബിള്‍ പിബി തന്നെ കൂടി. മുന്‍ എസ്എഫ്ഐ ക്കാര്‍ ആയ അവര്‍ക്കൊപ്പം പൊതു രാഷ്ട്രീയത്തെയും തിരഞ്ഞെടുപ്പിനേയും കുറിച്ച് വിശദമായി സംസാരിച്ചു.


                                ഹബീബ് ചേട്ടന്‍ വിക്കി ക്ലാസ്സ്‌ എടുക്കുമ്പോള്‍ മലബാരിക്കും ജിക്കുവിനും ഒപ്പം സജീവേട്ടനെ കൊണ്ട് തലവര വരപ്പിക്കാന്‍ പോയി. സുന്ദരനായ എന്റെ കാരിക്കെചര്‍ വരക്കാന്‍ സജീവേട്ടന്‍ ഒട്ടും ബുദ്ധിമുട്ടിയില്ല. ആശിച്ചു മോഹിച്ചു ഇരുന്ന സുവനീരോ കിട്ടിയില്ല, ബ്ലോഗേഴ്സ് മീറ്റ്‌ന്റെ ഓര്‍മ്മക്കായി ഇതെങ്കില്‍ ഇത്. 
                        ഭക്ഷണ സമയം ആസ്വാദ്യകരം ആയിരുന്നു. ആദ്യത്തെ ട്രിപ്പില്‍ തന്നെ വയറു നിറച്ച ശേഷം ആര്‍ കെ തിരൂരിനൊപ്പം ഭക്ഷണം വിളമ്പാന്‍ കൂടി. ഇല ഏതു വശത്തേക് ഇടണം എന്നത് എപ്പോളും എന്നെ കുഴക്കുന്ന ഒരു സംശയമാണ്. അതും ഒരു വിധത്തില്‍ ഒപ്പിച്ചു. സഖാവ് വിഎസ്സിനോട് പൊരുതിയ ലതിക ചേച്ചിക്ക് മധുരം വേണ്ട എന്ന് പറഞ്ഞെങ്കിലും കൂട്ടുകറി കുറച്ചധികം വിളമ്പി കൊടുക്കാന്‍ മറന്നില്ല. 

                          കൂതറ ഹാഷിമിക്കയെ പരിചയപ്പെടുന്നത് അപ്പോളാണ്.  പ്രൊഫൈല്‍ ഫോട്ടോ ഒക്കെ കണ്ടപ്പോ ഇതിലും ചെറുപ്പക്കാരന്‍ ആയ ഒരാളെ ആണ് ഞാന്‍ പ്രതീക്ഷിച്ചിരുന്നത്.  കണ്ടവന്റെ ബ്ലോഗ്ഗില്‍ ഒക്കെ ചിതറിക്കിടക്കുന്ന കൂതറ കമന്‍റുകള്‍ ശേഖരിക്കുന്നതിന്റെയും കുക്കൂതറ എന്ന വാക്കിനു പേറ്റന്റ്‌ വാങ്ങിക്കുന്നതിന്റെയും സാധ്യതകളെ പറ്റി ഞങ്ങള്‍ ചര്‍ച്ച ചെയ്തു. ഹാഷിമിക്കയെ മുഖ്യാതിഥി ആക്കികൊണ്ട് ബ്ലോഗേഴ്സ് മീറ്റിനു ബദലായി ഒരു കംമെന്റെഴ്സ് മീറ്റ്‌ സംഖടിപ്പിക്കാന്‍ ഉള്ള നിര്‍ദേശവും ഞാന്‍ മുന്നോട്ട് വച്ചു.  

                         വിശ്രമമന്ദിരത്തില്‍ വച്ചാണ് ഉള്‍കാഴ്ച ബ്ലോഗ്ഗര്‍ എസ് എം സാദിക്കയെ പരിചയപ്പെടുന്നത്. എന്നെയും എന്റെ വീല്‍ചെയര്‍ നെയും കൊണ്ട് എന്റെ  മാരുതി 800 ഓടിച്ചു മീറ്റിനു വരാന്‍ ആരെങ്കിലും തയ്യാറാണോ എന്ന സാദിക്കയുടെ കമന്റ്‌ മീറ്റ്‌ ബ്ലോഗ്ഗില്‍ കണ്ടപ്പോളേ തീരുമാനിച്ചതാണ് ഇങ്ങേരെ ഒന്ന് പരിചയപ്പെടനം എന്ന്. ഇത്ര പ്രതികൂല അവസ്ഥയിലും ഇത്ര ദൂരം യാത്ര ചെയ്തെത്തിയ സാദിക്ക ഈ മീറ്റിന്റെ പൊതു വികാരത്തെ പ്രതിനിധീകരിക്കുന്നു.


                           പപ്പേട്ടന്റെ ക്ലാരയെ മനസ്സില്‍ കൊണ്ട് നടക്കുന്ന മഹേഷ്‌ വിജയനെ കണ്ടെത്തി. രണ്ടു പോസ്റ്റുകളോടെ ഇനി പെണ്ണ് കിട്ടില്ല എന്ന് ഉറപ്പ് വരുത്തിയ മഹേഷേട്ടന് എന്റെ ആദരാഞ്ജലികള്‍..

                          ഇ എ ജബ്ബാര്‍ന്റെ വിവാദമായ ബ്ലോഗ്ഗുകള്‍ എന്നെ സംബധിച്ചിടത്തോളം ഒരു റഫറന്‍സ്  ഗ്രന്ഥം ആണ്. ഖുറാന്‍ വിമര്‍ശനം എന്നതിലുപരി അതിനെ സമീപിക്കുന്ന രീതിയും അതില്‍ ഉപയോഗിക്കുന്ന തീവ്രമായ ഭാഷയും അത്യന്തം അപകടകരമാണ് എന്ന് പറഞ്ഞപ്പോള്‍ ജബ്ബാറിക്ക തന്ന മറുപടി എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഈ ചെറിയ മനുഷ്യന്റെ വലിയ ത്യാഗ മനോഭാവം അഭിനധിക്കാതിരിക്കാന്‍ വയ്യ. യുക്തിവാദത്തിന്റെ രാഷ്ട്രീയത്തെ പറ്റി ജബ്ബാറിക്ക പറഞ്ഞതും എന്നെ ഓര്‍മയില്‍ നില്‍ക്കുന്നു. അദ്ധേഹത്തിന്റെ ബ്ലോഗ്‌ ചില അറബ് രാഷ്ട്രങ്ങളില്‍ നിരോധിച്ചിരിക്കുന്നു എന്നറിഞ്ഞതോടെ എനിക്ക് പ്രവാസി മലയാളികളോട് തോന്നിയത് പുച്ചമാണോ സഹതാപമാണോ അതോ പുച്ഛം കലര്‍ന്ന സഹതാപം ആണോ എന്നോര്‍മയില്ല.

                         ഇനിയെന്ത് എന്ന് ചിന്തിച്ചു നടക്കുമ്പോളാണ് ജാബിറുമായി സംസാരിച്ചു നില്‍ക്കുന്ന നാമൂസ് നെ കാണുന്നത്. ഒരു ബ്ലോഗ്ഗെരുടെ അല്ല, രാഷ്തിയക്കാന്റെ ലുക്ക്‌ ആണല്ലോ ഭായ് നിങ്ങള്‍ക്ക് എന്ന് പറഞ്ഞു പരിചയപ്പെട്ടതേ ഓര്‍മയുള്ളൂ. നാമൂസിന്റെ രാഷ്ട്രീയം പുറത്തേക്കൊഴുകി. അല്പം ഒന്ന് മാറി നിന്ന് സംസാരിക്കാം എന്ന് പറഞ്ഞതിന് നാമൂസ് എന്നെയും കൊണ്ട് പുറത്തെ റോഡില്‍ എത്തി. അവിടെ ഉള്ള തട്ടുകടയില്‍ വച്ചു ഞങ്ങള്‍ ഞങ്ങളുടെ രാഷ്ടീയവും കൊച്ചു ദുശീലവും പങ്കുവച്ചു. ദുശീലം ഇല്ലാത്ത  മാന്യനായ മലബാരിക്ക് നാരങ്ങ വെള്ളം വാങ്ങികൊടുക്കാനും നാമൂസ് മറന്നില്ല.ഗാന്ധിയെയും  അംബേദ്കറിസതിന്റെ  സാധ്യതകളെയും  പറ്റി നാമൂസ് വാതോരാതെ സംസാരിച്ചു.  വിപ്ലവത്തിന്റെ വഴികളില്‍ എവിടെ വച്ചെങ്കിലും കണ്ടു മുട്ടാം എന്ന് പറഞ്ഞു നാമൂസിന് നല്ല നമസ്കാരം പറഞ്ഞു.

                           കൂട്ടത്തില്‍ ബ്ലോഗ്ഗര്‍ അല്ലാത്ത ഒരു വ്യക്തിയെ കൂടി കണ്ടു മുട്ടാന്‍ സാധിച്ചു. കാലിക്കറ്റ്‌ യുനീവേര്‍സിറ്റി ഇന്റര്‍സോണ്‍ ക്വിസ് മത്സരവേദിയില്‍ ഞങ്ങള്‍ സംഘാടകരെ  അല്പം വെള്ളം കുടിപ്പിച്ച സക്കീര്‍ എന്ന വടകരക്കാരന്‍ വഴിപോക്കന്‍. വഴിപോക്കന്‍ എന്ന് പറഞ്ഞത് വെറുതെയല്ല. ഇന്റര്‍സോണ്‍ ക്വിസ് കുറച്ചു റൌണ്ടുകള്‍ കഴിഞ്ഞപ്പോ പല മത്സരാര്‍ഥികളെകാളും പോയിന്റ്‌ സദസ്സില്‍ ഇരുന്ന സക്കീര്‍നായിരുന്നു. അവസാനം ഇയാള്‍ക്ക് കപ്പ്‌ നല്‍കേണ്ടി വരുമോ എന്ന് ഞങ്ങളും പേടിച്ചു. ക്വിസ് മാസ്റ്റര്‍ ഫസല്‍ ഗഫൂര്‍ സാറിനെ വരെ അത്ഭുതപ്പെടുത്തിയ പ്രതിഭയെ അവിടെ വച്ചു പരിചയപ്പെടാന്‍ പറ്റിയില്ല. അന്നത്തെ അതെ അശ്രദ്ധമായ വസ്ത്രദാരണതോടെ ഇവിടെ എത്തിയ സക്കീര്നിനെ പരിചയപെട്ടു. വ്യക്തമായ ഒരു മറുപടി അപ്പോളും ഇല്ല. ഒടുവില്‍ സക്കീര്‍ന്റെ നാട്ടുകാരനായ ഒരു ബ്ലോഗ്ഗര്‍ വഴിയാണ് പുള്ളി നാട്ടിലും പുലിയാണെന്ന് മനസ്സിലായത്. ഗ്രാമീണവായനശാല മത്സരങ്ങളില്‍ സ്ഥിരം വിജയിയായ ഒരു സാധാരണ കച്ചവടക്കാരന്‍. വൈകീട്ട് തിരിച്ചു പോകാന്‍ ട്രെയിന്‍ സമയം ഫോണ്‍ ചെയ്തു അന്വേഷിക്കാന്‍ പുള്ളി എന്നോട് ആവശ്യപ്പെട്ടു. മൊബൈല്‍ ഉപയോഗിക്കുന്നില്ല എന്നും അതോടെ വ്യക്തമായി. ഒരു ബ്ലോഗ്‌ തുടങ്ങാന്‍ ഉപദേശിച്ചു കൊണ്ട് സക്കീര്‍നോട്‌ വിട പറഞ്ഞു.

കുറച്ചു വിമര്‍ശനം...

                             പരിചയപ്പെടുത്തലുകള്‍ കഴിഞ്ഞതോടെ പലരും ഹാളിനു പുറത്തു ചാടിയിരുന്നു. പുറത്തെ വരാന്തയും അടുത്തുള്ള മരതണലുകളും പരിചയപ്പെടലുകാരെ കൊണ്ടും വിശേഷം പറച്ചില്കാരെ കൊണ്ടും നിറഞ്ഞു.  അകത്തൊരു മീറ്റും പുറത്ത് അതിനേക്കാള്‍ വലിയ മീറ്റും എന്ന അവസ്ഥ അവിടെ തുടങ്ങി. സങ്കാടകര്‍ അറിഞ്ഞോ അറിയാതെയോ  ഈ മീറ്റിന്റെ ഏറ്റവും വലിയ വിജയവും പരാജയവും അതായിരുന്നു. ബൂലോകത്ത് സകലമാന വിഷയങ്ങളും ചര്‍ച്ച ചെയ്യുന്ന, തല്ലു കൂടുന്ന, കൂട്ട് കൂടുന്ന, ബ്ലോഗ്ഗര്‍മാര്‍ക്ക് ഭൂലോകത്തും അതിനുള്ള അവസരം ഒരുക്കി കൊടുക്കാന്‍ നമുക്ക് സാധിക്കാതെ പോയി. നൂറില്‍ പരം ബ്ലോഗ്ഗെര്മാര്‍ ചെറു കൂട്ടങ്ങളായി മാറി വിശേഷങ്ങള്‍ പങ്കു വച്ചതല്ലാതെ ഒന്നിച്ചൊരു പ്ലാറ്റ്ഫോം ഉണ്ടാക്കി ഏതെങ്കിലും ഒരു വിഷയത്തിലോ അല്ലെങ്കില്‍ പൊതുവായ കാര്യങ്ങളിലോ തങ്ങളുടെ അഭിപ്രായങ്ങളും ആശയങ്ങളും പങ്കു വച്ചിരുന്നു എങ്കില്‍ അത് എത്ര നന്നായേനെ?  എന്നാല്‍ അതിനു പകരം പുത്തന്‍ ബ്ലോഗ്ഗെര്മാരെ ആകര്‍ഷിക്കാനായി ഉള്ള പരിപാടികള്‍ക്കാണ് നമ്മള്‍ മുന്‍‌തൂക്കം നല്‍കിയത്. ബ്ലോഗേഴ്സ് മീറ്റ് എന്നതിനപ്പുറം ബ്ലോഗ്‌ ശില്പശാല എന്നാ നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങി. നിലവിലുള്ള ബ്ലോഗ്ഗെര്മാരെ സംബന്ധിച്ചിടത്തോളം ഉച്ചക്ക് ശേഷമുള്ള സെഷനുകള്‍ താല്പര്യം ഉളവാക്കിയില്ല. അതെന്തായാലും നന്നായി. പരസ്പരം പരിചയപ്പെടാനും സംസാരിക്കാനും നല്ല അവസരമായി. ബ്ലോഗ്ഗിഗിനെ പറ്റി അറിയാന്‍ എത്തിയ സുഹൃത്തുക്കള്‍ക്കും നന്ദി പറയാതെ വയ്യ.


                                 അതി ഗംഭീരമായി ഈ മീറ്റ്‌ സംഘടിപ്പിച്ച  സംഘാടകര്‍ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. അതുപോലെ മീറ്റില്‍ പങ്കെടുത്തു അതിനെ ജനങ്ങളില്‍ എത്തിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കും നന്ദി.
                       മീറ്റ് കഴിഞ്ഞിട്ട് ദിവസം നാലായി എങ്കിലും പൊതുവേ ഉള്ള മടിയും നെറ്റ് രണ്ടു ദിവസം പണി മുടക്കിയതും കൊണ്ടാണ് പോസ്റ്റ്‌ ഇത്ര വൈകിയത്. പിന്നെ മീറ്റിനു വന്ന ഏതാണ്ട് എല്ലാരും പോസ്റ്റ്‌ ഇട്ട സ്ഥിധിക്ക് ഞാനും ഇടാതെ വയ്യ എന്നത് കൊണ്ട് ഇട്ടതാണ്. 


ലാസ്റ്റ് എഡിഷന്‍: സുവനീര് വേണമെന്ന് പറഞ്ഞപ്പോ പോന്മാളക്കാരന്‍ ശുഷ്കാന്തിയോടെ പൈസ വാങ്ങി പെട്ടിയിലാക്കി. പിന്നെ മുഖത്ത് പോലും നോക്കാതെ  ഒരു വെള്ള പേപ്പര്‍ തന്നിട്ട് പേരും വിലാസവും എഴുതാന്‍ പറഞ്ഞു. സുവനീര് വരുവാ ?



http://pathrakkaaran.blogspot.com/2011/04/blog-post_22.html
Author

Jithin

പേര് ജിതിന്‍. പട്ടാമ്പിക്കാരനാണ്. പുരോഗമനചിന്തയും ഇടതുപക്ഷ രാഷ്ട്രീയവും രാവിലത്തെ ഉറക്കവും വീക്ക്‌നെസ് ആണ്. ഇച്ചിരി വിദ്യാര്‍ഥിരാഷ്ട്രീയവും ചില്ലറ തരികിടകളുമായി ജീവിക്കുന്നു. Spread the Love Black_Twitter_Bird

Follow Me on facebook!

Related Posts Plugin for WordPress, Blogger...
facebook അംഗത്വം ഉള്ളവര്‍ക്ക് "Add a comment" ക്ലിക്ക് ചെയ്തു അഭിപ്രായം രേഖപ്പെടുത്താം ... താഴെ