അമ്മയ്ക്ക്
ഉദരത്തിലഞ്ചെട്ടു മാസം ചുമന്നു
നീയെനിക്കായ് ഒരു പാടു നോവു തിന്നു
നിന്‍റെ ഗര്‍ഭപാത്രം ചവിട്ടിമെതിച്ചു കുതിച്ചുവന്നവന്‍
ഞാന്‍ അന്നേ അഹങ്കാരി
****
നിന്‍റെ മാറിലെ അമൃതിനുറവകളെനിക്കായ്
വാത്സല്യം ചുരത്തവേ,
നിന്‍ നെഞ്ചിന്‍ സ്നേഹം നുണഞ്ഞു, ഞാന്‍
നിന്നെ കടിച്ചു മുറിവേല്‍പിച്ചു.
"കള്ള"നെന്നോതിയെന്നെ നോവാതെ തല്ലി, നീ
നോവൊരനുഭൂതിയായ് നുണഞ്ഞവള്‍....
****
പിച്ചവെച്ചു നടക്കാന്‍ തുടങ്ങിയപ്പൊളാരാന്‍റെ
മാവിലെറിഞ്ഞു,മന്യന്‍റെ മക്കളെ നോവിച്ചും
അസുരവിത്തെന്നു പേരു കേള്‍പ്പിച്ചു ഞാന്‍
തല്ലുകൊള്ളാതോടിയെത്തി
നിന്‍റെ മടിത്തട്ടിലൊളിച്ചപ്പഴും
വികൃതിയാമെന്നെച്ചൊല്ലി
കുത്തുവാക്കുകളൊട്ടു കേട്ടപ്പഴും
നീ, സ്വാന്തനത്തിന്‍റെ ഭാണ്ഡ
മെനിക്കായ് തുറന്നു വച്ചവള്‍......
****
പുത്തനുടുപ്പിട്ടണിയിച്ചൊരുക്കി നീയെന്നെ
പള്ളിക്കൂടത്തിലേക്കു യാത്രയാക്കി
മുണ്ടു മുറുക്കിയുടുത്തു നീ നിന്‍റെ
അത്താഴമെനിക്കു പൊതിച്ചോറു തന്നു
ഞാനോ നിന്‍റെ മടിശ്ശീല തപ്പിയി
ട്ടാരാന്‍റെ മുറ്റമടിച്ചുമെച്ചിലു കഴുകിയും
നീ കാത്ത വിയര്‍പ്പിന്‍ മണമെഴും
നാണയത്തുട്ടു കൈക്കലാക്കി
മുറിബീഡി പുകച്ചു സന്ധ്യക്കു
നേരം തെറ്റി തിരിച്ചെത്തുന്നു.....
****
പകലന്തിയോളം വേല ചെയ്തു
കിട്ടുന്ന കൂലി മുഴുക്കെയും
വലിച്ചും കുടിച്ചും കളിച്ചും,ബാക്കി
തെരുവിലെപ്പെണ്ണിന്നു കാഴ്ചവച്ചും തീര്‍ത്തു
നീയെനിക്കായ് കാത്തുവയ്ക്കുന്ന
തണുത്തുറഞ്ഞയൊരു പിടിച്ചോറുണ്ണാന്‍
പാതി രാത്രിയും കഴിഞ്ഞു ഞാന്‍
നിലത്തുറയ്ക്കാത്ത പാദങ്ങളോടെത്തവെ
നീ എനിക്കായ് വാതില്‍ തുറന്നു വച്ചു
വഴിക്കണ്ണുമായ് കാത്തിരുവള്‍....
കറിയിലുപ്പില്ലെന്നു ചൊല്ലി ഞാന്‍
നിന്നെ നാഭിയ്ക്കു തൊഴിച്ചു വീഴ്ത്തി
എന്‍റെ കാലു നൊന്തെന്നോര്‍ത്തു കരഞ്ഞു തളര്‍ന്നു
നീ അന്നൊരു പോള കണ്ണടച്ചീല.
കള്ളൂകുടിച്ചു കരളുവേവി-
ച്ചൊരു നുള്ളു സുഖം നിനക്കായ് തരാതെ
യാത്രയായൊരച്ചന്‍റെ ശിഷ്ടപത്രമാം
ഈ പുത്രനെച്ചൊല്ലി
നിന്‍റെ കണ്ണു ചോര്‍ന്നതു
പക്ഷെ, ഞാനറിഞ്ഞീല......
****
കാലമൊരുപാടു കഴിഞ്ഞു,നരച്ചു കവിളൊട്ടി
നീ വാതം പിടിച്ചു കിടപ്പിലായി
ഊന്നുവടിയൂന്നി നിന്‍റെ ശോഷിച്ച
കാലിലെഴുന്നേറ്റുനില്‍ക്കാന്‍ ശ്രമിച്ചു
നീ വേച്ചു വേച്ചു പോകവേ
ഒരു പെണ്ണിന്‍റെ മൊഴി കേട്ടു
തിരിഞ്ഞുനടവന്‍ ഞാന്‍ മഹാപാപി.
വയസ്സുകാലത്തു താങ്ങാകാഞ്ഞയീ
പാഴ്ജന്മത്തെയോര്‍ത്തു നിന്‍റെയുള്ളു വെന്തതു
പക്ഷെ, ഞാനറിഞ്ഞീല.....
****
ഇന്ന്,
ഞാന്‍ തീര്‍ത്ത പട്ടടയില്‍ നീയെരിഞ്ഞടങ്ങവേ
അമ്മേ, ഞാനറിയുന്നു
ഈ ദുഷ്ടജന്‍മത്തെ നൊന്തുപെറ്റ
നിന്‍റെ വയറു തണുത്തീലയെന്ന്
നിന്‍റെ മനസ്സു തണുത്തീലയെന്ന്.
നിന്‍റെ മനസ്സു തണുത്തീലയെന്ന്....
( സമര്‍പ്പണം-
Categories:
കവിത
,
റീ -പോസ്റ്റ്
facebook അംഗത്വം ഉള്ളവര്‍ക്ക് "Add a comment"
ക്ലിക്ക് ചെയ്തു അഭിപ്രായം രേഖപ്പെടുത്താം ... താഴെ
3 comments:
മനോഹരം മാഷേ , അമ്മയക്ക് - അന്യോജ്യമായ തലക്കെട്ട് . എന്തൊക്കയോ പറയണമെന്നുണ്ട് .... വല്ലാത്തൊരു അനുഭൂതി .. ആശംസകള്‍
ഒത്തിരി നന്നായിട്ടുണ്ട്..
കണ്ണുകള്‍ നനഞു..
നന്ദി.. ഒരായിരം..
എന്റെ അമ്മയുടെ വയറും തണുത്തിട്ടുണ്ടാകുമോ??
അമ്മയെ കുറിച്ച് ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ